93ാം വയസില്‍ കളത്തിലിറങ്ങി;102 ലും റെക്കോര്‍ഡ് നേട്ടം

93ാം വയസില്‍ കളത്തിലിറങ്ങി;102 ലും റെക്കോര്‍ഡ് നേട്ടം

വീട്ടില്‍ വിശ്രമിച്ചു തുടങ്ങുന്ന പ്രായത്തിലാണ് മന്‍ കൗര്‍ മല്‍സരത്തിന്റെ മാസ്മരിക ലോകത്തേക്ക് ഇറങ്ങിയത്. സ്‌പെയ്‌നിലെ മലാഗയില്‍ നടന്ന ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയതാണ് ഏറ്റവും പുതിയ നേട്ടം

പ്രായമേറിയാല്‍ ആരോഗ്യം നശിച്ചെന്നു പറഞ്ഞ് വീടിന്റെ മൂലയില്‍ ഇരിക്കുന്ന ആളുകളാണ് ഏറിയപങ്കും. പുരുഷന്‍മാരും സ്ത്രീകളും ഇക്കാര്യത്തില്‍ സമാന ചിന്താഗതിക്കാര്‍ തന്നെ. എന്നാല്‍ ചണ്ഡിഗഢ് സ്വദേശി മന്‍ കൗര്‍ ആ ഗണത്തില്‍ പെട്ട ആളേയല്ല. വീട്ടില്‍ വിശ്രമിച്ചു തുടങ്ങുന്ന പ്രായത്തിലാണ് മന്‍ അത്‌ലറ്റിക് മല്‍സരത്തിന്റെ മാസ്മരിക ലോകത്തേക്ക് ഇറങ്ങിത്തിരിക്കുന്നത്. അതായത് 93ാം വയസില്‍.

ചണ്ഡിഗഢിലെ അത്ഭുതമെന്ന് പലരും വിശേഷിപ്പിക്കുന്ന ഈ വനിത ഇപ്പോള്‍ 102ാം വയസിലും റെക്കോര്‍ഡുകള്‍ കുറിക്കുന്ന തിരക്കിലാണ്. സ്‌പെയ്‌നിലെ മലാഗയില്‍ നടന്ന ലോക മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയാണ് അവര്‍ ചരിത്രത്തിന്റെ ഭാഗമാകുന്നത്. 100 മുതല്‍ 104 വരെ പ്രായമുള്ളവര്‍ക്കായി നടന്ന 200 മീറ്റര്‍ ഓട്ട മല്‍സരത്തിലാണ് മന്‍ കൗര്‍ വിജയം വരിച്ചിരിക്കുന്നത്.

കായികലോകത്തേക്കിറങ്ങാന്‍ പ്രചോദനം നല്‍കിയത് മകന്‍

93ാം വയസില്‍ കായികലോകത്തേക്ക് ഇറങ്ങാന്‍ മന്‍ കൗറിന് പ്രചോദനം നല്‍കിയത് മറ്റാരുമല്ല, 78 കാരനായ അത്‌ലറ്റ് താരം മകന്‍ ഗുരുദേവ് തന്നെ. അമ്മയുടെ ആരോഗ്യസ്ഥിതി പൂര്‍ണമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് ഗുരുദേവ് ഈ ഉദ്യമത്തിലേക്ക് ഇറങ്ങിയത്. 2011ലാണ് മന്‍കൗര്‍ ആദ്യമായി മല്‍സരത്തിനായി കളത്തിലിറങ്ങിയത്. ദേശീയ തലത്തില്‍ നടന്ന 100 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും ലോംഗ് ജമ്പില്‍ വെള്ളിയും (3.21 മീറ്റര്‍) നേടിയാണ് അന്നവര്‍ കളം വിട്ടത്. അതോടെ ആത്മവിശ്വാസമായി, മല്‍സരത്തിനോട് ആവേശവും കൂടി.

റെക്കോര്‍ഡുകളുടെ തിളക്കം

2017 ല്‍ ന്യൂസിലന്‍ഡില്‍ നടന്ന ലോക മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടി അവര്‍ വീണ്ടും കരുത്ത് തെളിയിച്ചു. 100 കഴിഞ്ഞ അത്‌ലറ്റുകള്‍ക്കിടയില്‍ ഏറ്റവും വേഗമേറിയ താരവും കൗര്‍ തന്നെ. ഈ വിഭാഗത്തില്‍ സ്വന്തം റെക്കോര്‍ഡും പല തവണ ഈ അത്‌ലറ്റിക് മുത്തശ്ശി തിരുത്തിക്കുറിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡില്‍ നടന്ന മല്‍സരത്തിലും സ്വന്തം ലോക റെക്കോര്‍ഡ് അവര്‍ തിരുത്തിയിരുന്നു. 100 മീറ്റര്‍ വിഭാഗത്തില്‍ മിന്നുന്ന പ്രകടനം പൂര്‍ത്തിയാക്കാന്‍ കൗറിന് വേണ്ടിവന്നത് വെറും ഒരു മിനിറ്റും 14 സെക്കന്‍ഡും മാത്രം.

പരിശീലനത്തിലും ഡയറ്റിംഗിലും പ്രത്യക ശ്രദ്ധ

പ്രായത്തിന്റെ ആധിക്യമൊന്നുമില്ലാത്ത മല്‍സര വീര്യമാണ് കൗറിനെ മറ്റുള്ളവരില്‍ വ്യത്യസ്തയാക്കുന്നത്. കൃത്യനിഷ്ഠയോടുകൂടിയ ഡയറ്റിംഗ് രീതികളും പരിശീലന മുറയും അവര്‍ ഈ പ്രായത്തിലും പിന്തുടരുന്നു. പട്യാല മഹാരാജാവിനു കീഴില്‍ പണിയെടുത്ത കാലം മുതല്‍ കൗര്‍ തന്റെ ഡയറ്റിംഗില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നുവെന്നാണ് ഗുരുദേവിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ മല്‍സര പരീശിലനത്തിനു വേണ്ടി ഏതറ്റം വരെ പോകാനും കൗര്‍ റെഡി.

എല്ലാം ദിവസവും പ്രഭാത സവാരിക്കിറങ്ങുന്നത് കൗറിന്റെ ഹോബിയാണ്. കുടിക്കാന്‍ പുളിപ്പിച്ച പാല്‍. മുളപ്പിച്ച ഗോതമ്പു കൊണ്ടുള്ള റോട്ടിയാണ് രണ്ടു നേരത്തെ പ്രധാന ഭക്ഷണം. ഇതിനുപുറമെ ഫ്രൂട്ട് ജ്യൂസ്, കശുവണ്ടി, ബദാം എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചണ്ഡിഗഢിലെ ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ പരിശീലനവും മറ്റു ദിവസങ്ങളില്‍ ജിമ്മിലും ചെലവഴിക്കും. ഓട്ടത്തിനും ചാട്ടത്തിനും പുറമെ ജാവലിന്‍ ത്രോയിലും ഷോട്ട് പുട്ടിലും മല്‍സരിച്ചിട്ടുണ്ട്.

അത്‌ലറ്റിക് വിഭാഗത്തിനു പുറമേ സാഹസിക മേഖലയിലും കൗര്‍ തന്റെ പേര് കുറിക്കുകയുണ്ടായി. ഓക്‌ലന്‍ഡിലെ 237 മീറ്റര്‍ ഉയരത്തിലുള്ള സ്‌കൈ ടവറിലേക്കാണ് ഇവര്‍ നടന്നു കയറിയത്. ഗുരുദേവിന്റെ കൈപിടിച്ച് 192 മീറ്റര്‍ ഉയരത്തില്‍ വരെ നടന്നു കയറിയതും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.

93ാം വയസില്‍ തുടങ്ങി കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനുള്ളില്‍ ഇരുപതോളം മെഡലുകളാണ് ഇവര്‍ വാരിക്കൂട്ടിയത്. 102 ലും പ്രായാധിക്യം ബാധിക്കാതെ മനസിനും ശരീരത്തിനുമൊപ്പം 2020ല്‍ ജപ്പാനില്‍ നടക്കുന്ന മാസ്റ്റേഴ്‌സ് ഗെയിമില്‍ സ്വര്‍ണമെഡല്‍ നേടാനുള്ള പരിശ്രമത്തിലാണിപ്പോള്‍ റെക്കോര്‍ഡ് മുത്തശ്ശി.

Comments

comments

Categories: Motivation
Tags: Mann kaur