തകരുന്ന ഇന്ത്യ-നേപ്പാള്‍ ബന്ധം

തകരുന്ന ഇന്ത്യ-നേപ്പാള്‍ ബന്ധം

ഇന്ത്യയെ അവഗണിച്ച് ചൈനയോട് കൂടുതല്‍ അടുക്കാനാണ് നേപ്പാള്‍ ശ്രമിക്കുന്നത്. സ്വതന്ത്ര രാജ്യമെന്ന അവരുടെ നിലനില്‍പ്പിന് ഒട്ടും ഗുണം ചെയ്യുന്ന നീക്കമല്ല അത്

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം സവിശേഷമായ പ്രാധാന്യമാണ് നരേന്ദ്രമോദി നേപ്പാളിന് നല്‍കിയത്. കാരണം ഭാരതവുമായി അവര്‍ക്കുള്ള സാംസ്‌കാരിക ബന്ധവും പങ്കുവെക്കുന്ന സമാന പൈതൃക മൂല്യങ്ങളും തന്നെ. എന്നാല്‍ ചൈനയോട് കൂറുള്ള രാഷ്ട്രീയകക്ഷികളുടെ കൈകളിലേക്ക് അധികാരം എത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണിപ്പോള്‍. ഇന്ത്യ-നേപ്പാള്‍ ബന്ധം ഓരോ ദിവസം കഴിയുന്തോറും പുതിയ താഴ്ച്ചകളിലേക്കാണ് എത്തിക്കൊണ്ടിരിക്കുകയാണ്.

ബംഗാള്‍ ഉള്‍ക്കടല്‍ മേഖലാ രാജ്യങ്ങളുടെ കൂട്ടായ്മ( ബിംസ്റ്റെക്) നടത്തിയ സംയുക്ത സൈനിക അഭ്യാസത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നേപ്പാളിന്റെ പെട്ടെന്നുള്ള തീരുമാനം ഇന്ത്യയോടുള്ള എതിര്‍പ്പിന്റെയും തങ്ങള്‍ ചൈന ചേരിയിലാണെന്ന ഉറച്ച പ്രഖ്യാപനത്തിന്റെയും കൂടി പ്രതിഫലനമായിരുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, ശ്രീലങ്ക, തായ് ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ബിംസ്റ്റെക്കിലെ അംഗങ്ങള്‍. ഇന്ത്യ ആതിഥ്യമരുളിയ ബിംസ്റ്റെക് രാജ്യങ്ങളുടെ ആദ്യ സൈനിക അഭ്യാസത്തില്‍ നിന്നാണ് യാതൊരുവിധ മര്യാദകളുമില്ലാതെ നേപ്പാള്‍ പിന്മാറിയത്. ഈ തീരുമാനത്തിന് പിന്നാലെ ചൈനയുടെ സാഗര്‍മാതാ സൗഹൃദം 2 എന്ന സൈനികാഭ്യാസത്തിന് നേപ്പാള്‍ താല്‍പ്പര്യം അറിയിക്കുകയും ചെയ്തു.

തങ്ങളുടെ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ നേപ്പാളിനെ അനുവദിക്കുന്ന കരാറിന് അടുത്തിടെയാണ് ചൈന അനുമതി നല്‍കിയത്. ഇന്ത്യയിലൂടെയുള്ള വാണിജ്യപാതയെ അമിതമായി ആശ്രയിക്കുന്നത് നേപ്പാളിന് ഇതിലൂടെ ഒഴിവാക്കാമെന്നതാണ് ശ്രദ്ധേയം. അതും ചൈനയുടെ ഗൂഢോദ്ദേശ്യത്തിന്റെ ഭാഗം തന്നെയായിരുന്നു. നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കായിരുന്നു മുമ്പ് മേല്‍ക്കൈ ഉണ്ടായിരുന്നത്. അതിന് അറുതി വരുത്തുകയായിരുന്നു ചൈനയുടെ ലക്ഷ്യം.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡിലും ഭാഗമാകാന്‍ നേപ്പാള്‍ സമ്മതമറിയിച്ചിട്ടുണ്ട്. നേപ്പാളില്‍ കഴിയാവുന്നത്ര സ്വാധീനം വര്‍ധിപ്പിച്ച് ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഷി ജിന്‍പിംഗിന്റെ പദ്ധതി. നേപ്പാളിനെ തങ്ങളുടെ കോളനി രാജ്യമാക്കിയാല്‍ ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കാമെന്ന വ്യാമോഹവും ചൈനയ്ക്കുണ്ട്.

ഫെബ്രുവരിയില്‍ അധികാരമേറ്റ നേപ്പാള്‍ മന്ത്രിസഭയെ നയിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ് സെന്റര്‍) തുടങ്ങിയ കക്ഷികളാണ്. കെ പി ശര്‍മ ഒലിയാണ് പ്രധാനമന്ത്രി. 2015ലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇന്ത്യയുടെ മേല്‍ നേപ്പാളിനുള്ള ആശ്രയത്വം കുറയ്ക്കാനും ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുമാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതുതന്നെയാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും. ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ബിംസ്‌റ്റെക് സൈനിക അഭ്യാസത്തില്‍ നിന്നുള്ള നേപ്പാളിന്റെ പിന്മാറ്റമമെന്നാണ് ഒലിയുടെ മാധ്യമ ഉപദേഷ്ടകനായ കന്‍ഡന്‍ അര്യാലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേപ്പാള്‍ ഒരു സൈനിക ചേരിയിലും വേണ്ടെന്ന നിലപാട് പറഞ്ഞ അതേ സര്‍ക്കാരാണ് ഇന്ന് മുതല്‍ ചൈനയുമായി സംയുക്ത അഭ്യാസത്തിലേര്‍പ്പെടുന്നുവെന്നത് മറ്റൊരു വൈരുദ്ധ്യം. നേപ്പാളില്‍ പരമാവധി നിക്ഷേപം നടത്തി തങ്ങളുടേതായ താല്‍പ്പര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് ചൈന. കഴിഞ്ഞ സാമ്പത്തിവര്‍ഷത്തില്‍ നേപ്പാളിലേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ 87 ശതമാനവും നടത്തിയത് ചൈനയായിരുന്നു. നേപ്പാളിനും ഇന്ത്യക്കും നല്ല വാര്‍ത്തയല്ല ഇത്. നയതന്ത്ര പ്രതിവിധി തേടേണ്ടത് ഇന്ത്യയാണ്.

Comments

comments

Categories: Editorial, Slider
Tags: India-Nepal