ദുബായ്-ലണ്ടന്‍ റൂട്ടില്‍ യാത്ര ചെയ്തത് 3 ദശലക്ഷത്തിലധികം പേര്‍

ദുബായ്-ലണ്ടന്‍ റൂട്ടില്‍ യാത്ര ചെയ്തത് 3 ദശലക്ഷത്തിലധികം പേര്‍

എമിറേറ്റ്‌സിന്റെ ലണ്ടന്‍-ദുബായ് ലോകത്തെ ഏറ്റവും തിരക്കുള്ള ആറാമത്തെ റൂട്ടാണ്

ദുബായ്: 2017ലെ ഏറ്റവും തെരക്കുള്ള വിമാന റൂട്ടുകളില്‍ എമിറേറ്റ്‌സിന്റെ ലണ്ടന്‍-ദുബായ് സര്‍വീസും ഇടം പിടിച്ചു. ഏറ്റവും തിക്കുള്ള ആറാമത്തെ റൂട്ടാണിത്. 2017ല്‍ ദുബായ്-ലണ്ടന്‍ റൂട്ടില്‍ യാത്ര ചെയ്തത് 3 ദശലക്ഷത്തിലധികം പേരാണെന്ന് യുകെ കേന്ദ്രമാക്കിയ റൗട്ട്‌സ് ഓണ്‍ലൈന്‍ പറയുന്നു. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടന്‍ ഹീത്രോ എയര്‍പോര്‍ട്ടിലാക്ക് പോയ വര്‍ഷം എമിറേറ്റ്‌സ് വിമാനം വഴി പറന്നത് 3.2 മില്ല്യണ്‍ പേരാണ്.

ലോകത്തെ ഏറ്റവും തിരക്കുള്ള അന്താരാഷ്ട്ര റൂട്ട് ഹോങ്കോംഗ്-തയ്‌വാന്‍ തോവോയുവാനാണ്. 6.7 ദശലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ഈ റൂട്ടില്‍ യാത്ര ചെയ്തത്.

വരുമാനമുണ്ടാക്കുന്നതിന്റെ കാര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ റൂട്ടാണ് എമിറേറ്റ്‌സിന്റെ ദുബായ്-ലണ്ടന്‍. ഒഎജി ഏവിയേഷന്റേതാണ് ഈ കണക്കുകള്‍. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ഒഎജി ഏവിയേഷന്‍.

2017 ഏപ്രിലിനും 2018 മാര്‍ച്ചിനും ഇടയില്‍ ഈ റൂട്ടില്‍ നിന്ന് മാത്രം ലഭിച്ചത് 819 മില്ല്യണ്‍ ഡോളര്‍ വരുമാനമാണ്. മണിക്കൂറില്‍ 25,000 ഡോളറിലധികമാണ് എമിറേറ്റ്‌സിന്റെ ഈ റൂട്ട് നല്‍കുന്ന വരുമാനം. ബ്രിട്ടീഷ് എയര്‍വേസിന്റെ ന്യൂയോര്‍ക്ക് ജെഎഫ്‌കെ-ലണ്ടന്‍ ഹീത്രോയാണ് ഏവിയേഷന്‍ രംഗത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന വ്യോമപാത. മുകളില്‍ പറഞ്ഞ കാലയളവില്‍ ഒരു ബില്ല്യണ്‍ ഡോളറിലധികം വരുമാനമാണ് ഈ റൂട്ടില്‍ നിന്നും ബ്രിട്ടീഷ് എയര്‍വേസിന് ലഭിച്ചത്.

രണ്ടാം സ്ഥാനത്തുള്ളത് കന്താസിന്റെ മെല്‍ബണ്‍-സിഡ്‌നി റൂട്ടാണ്. 2017 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഈ റൂട്ടിലെ വരുമാനം 854 മില്ല്യണ്‍ ഡോളറാണ്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മികച്ച അഞ്ച് റൂട്ടുകളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന മറ്റ് റൂട്ടുകള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഹീത്രോ-സിംഗപ്പൂര്‍ റൂട്ടും അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ലോസ് ഏഞ്ചല്‍സ്-ജെഎഫ്‌കെ റൂട്ടുമാണ്. ഹീത്രോ-സിംഗപ്പൂര്‍ റൂട്ടില്‍ നിന്ന് രേഖപ്പെടുത്തിയ വരുമാനം 709 മില്ല്യണ്‍ ഡോളറാണ്. ലോസ് ഏഞ്ചല്‍സ്-ജെഎഫ്‌കെ റൂട്ടിലൂടെ ലഭിച്ചത് 698 മില്ല്യണ്‍ ഡോളറും.

ലണ്ടന്‍ ഹീത്രോയുമായി ബന്ധപ്പെട്ട റൂട്ടുകളിലെ സര്‍വീസ് ഉയര്‍ന്ന ചെലവ് വരുന്നതാണെങ്കിലും ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് എമിറേറ്റ്‌സിന്റെ തീരുമാനം. അതേസമയം ഈ റൂട്ടിലുള്ള ഫ്‌ളൈറ്റുകള്‍ മാര്‍ച്ച് 31 മുതല്‍ പിന്‍വലിക്കുകയാണെന്ന് വിര്‍ജിന്‍ അറ്റ്‌ലാന്റിക് പ്രഖ്യാപിച്ചിരുന്നു. ദുബായില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്ര എയര്‍ലൈനുകളെ സംബന്ധിച്ചിടത്തോളം വളരെ ചെലവേറിയതാണെന്നാണ് പല കമ്പനികളും വിലയിരുത്തുന്നത്

റൗട്ട്‌സ് ഓണ്‍ലൈനിന്റെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും വലിയ വ്യോമയാന വിപണി യുഎസ് ആണ്.

Comments

comments

Categories: Arabia
Tags: Dubai-London

Related Articles