ബിനാ റിഫൈനറിയുടെ ശേഷി ഇരട്ടിപ്പിക്കാന്‍ പങ്കാളികളെ തേടി ബിപിസിഎല്‍

ബിനാ റിഫൈനറിയുടെ ശേഷി ഇരട്ടിപ്പിക്കാന്‍ പങ്കാളികളെ തേടി ബിപിസിഎല്‍

എക്‌സോണ്‍ മൊബീല്‍ കോര്‍പ്പും കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണലും രംഗത്ത്; റിഫൈനറിയുടെ ശേഷി പ്രതിവര്‍ഷം 15.5 ദശലക്ഷം ടണ്ണായി ഉയര്‍ത്താനാണ് ലക്ഷ്യം

മുംബൈ: അതിവേഗം വളരുന്ന ഇന്ത്യയുടെ എണ്ണ ശുദ്ധീകരണ വിപണിയില്‍ മുതല്‍ മുടക്കാന്‍ ആഗോള ഓയില്‍ കമ്പനികളുടെ മത്സരം തുടരുന്നു. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ എണ്ണ കമ്പനിയായ എക്‌സോണ്‍ മൊബീല്‍ കോര്‍പ്പ് മധ്യപ്രദേശിലെ ബിനാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ഒമാന്‍ റിഫൈനറീസ് ലിമിറ്റഡിന്റെ (ബിഒആര്‍എല്‍) ഓഹരികള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തി. കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്റെ (കെപിസി) ഉപകമ്പനിയായ കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണലുമായി ചേര്‍ന്നാണ് ടെക്‌സാസ് ആസ്ഥാനമായുള്ള എക്‌സോണ്‍ മൊബീല്‍, ഓഹരികള്‍ ഏറ്റെടുക്കാന്‍ ശ്രമം നടത്തുന്നത്. പൊതുമേഖലാ കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റേയും (ബിപിസിഎല്‍) ഒമാന്‍ എണ്ണക്കമ്പനിയുടേയും സംയുക്ത സംരംഭമാണ് ബിഒആര്‍എല്‍.

ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം ആറ് ദശലക്ഷം ടണ്ണില്‍ നിന്ന് 7.8 ദശലക്ഷം ടണ്ണായി ഉയര്‍ത്തിക്കൊണ്ട് റിഫൈനറിയുടെ വിപുലീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ബിപിസിഎലിന്റെ മുതല്‍ മുടക്കിലാണ് ഈ നവീകരണം പൂര്‍ത്തിയായത്. റിഫൈനറിയുടെ ശേഷി പ്രതിവര്‍ഷം 15.5 ദശലക്ഷം ടണ്ണായി ഉയര്‍ത്താനാണ് അടുത്ത ലക്ഷ്യം. കുവൈറ്റ് പെട്രോളിയമടക്കമുള്ള കമ്പനികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ബിപിസിഎലിന്റെ റിഫൈനറി വിഭാഗം ഡയറക്റ്റര്‍ ആര്‍ രാമചന്ദ്രന്‍ അറിയിച്ചു.

‘ധാരാളം കമ്പനികളാണ് ഈ രംഗത്തുള്ളത്. ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ആളുകള്‍ ഇന്ത്യയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. എല്ലാ പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനും അവരുടെ ക്രൂഡ് ഓയിലിന്റെ വിപണനം ഉറപ്പാക്കാനും ആഗ്രഹിക്കുന്നുണ്ട്. ഇത് കൂടാതെ എക്‌സോണ്‍ മൊബീല്‍ പോലുള്ള പാശ്ചാത്യ കമ്പനികളും മുന്നോട്ട് വന്നത് ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്,’ രാമചന്ദ്രന്‍ വ്യക്തമാക്കി.

ബിനാ റിഫൈനറിയുമായുള്ള ബന്ധം തുടരാനാനാണ് ഒമാന്‍ ഓയില്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയിടിവിന്റെ പശ്ചാത്തലത്തിലാണ് തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കാര്യങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ പദ്ധതിയില്‍ തുടരുമെന്ന് ഒമാന്‍ കമ്പനി വ്യക്തമാക്കിയെന്നും രാമചന്ദ്രന്‍ അറിയിച്ചു.

കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണലുമായുള്ള ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്ന് ബിപിസിഎലിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഡി രാജ്കുമാര്‍ വ്യക്തമാക്കി. ‘റിഫൈനറിയുടെ ശേഷി വിപുലീകരണത്തിന് പ്രഥമ പരിഗണന നല്‍കുന്നതിനാല്‍ മികച്ച പങ്കാളികളെ ഞങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുവൈറ്റ് പെട്രോളിയം ഇന്റര്‍നാഷണല്‍ ഇതില്‍ ഒന്നാണ്,’ ഡി രാജ്കുമാര്‍ പറഞ്ഞു. എണ്ണ ഇറക്കുമതിയിലും ഉപഭോഗത്തിലും ലോകത്തെ മൂന്നാമത്തെ വലിയ വിപണിയായ ഇന്ത്യയില്‍ എണ്ണ ശുദ്ധീകരണ വ്യവസായവും അതിശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

Comments

comments

Categories: FK News