കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഓട്ടോമാറ്റിക് കാറുകള്‍

കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഓട്ടോമാറ്റിക് കാറുകള്‍

ഓട്ടോമാറ്റിക് കാര്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്

നഗരങ്ങളിലെ ഗതാഗതത്തിരക്കും മറ്റും പരിഗണിച്ച് ഓട്ടോമാറ്റിക് കാര്‍ വാങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. പണ്ടത്തേതില്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ താങ്ങാവുന്ന വിലയിലും ഓട്ടോമാറ്റിക് കാര്‍ വാങ്ങാന്‍ കഴിയും. മാന്വല്‍ ട്രാന്‍സ്മിഷന്‍ കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് കാറുകളുടെ വിലയില്‍ വലിയ വ്യത്യാസമില്ല. ഇന്ധനക്ഷമതയിലും വലിയ അന്തരമില്ല. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുപോലും ഇപ്പോള്‍ ഓട്ടോമാറ്റിക് ഓപ്ഷനുകള്‍ നിരവധിയാണ്. ഇന്ത്യയില്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഓട്ടോമാറ്റിക് കാറുകള്‍ ഏതെല്ലാമെന്ന് നോക്കാം.

ഡാറ്റ്‌സണ്‍ റെഡി-ഗോ

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കാണ് ഡാറ്റ്‌സണ്‍ റെഡി-ഗോ. സവിശേഷ ഡിസൈന്‍ ഈ കാറിനെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാക്കുന്നു. 1.0 ലിറ്റര്‍ (990 സിസി), 3 സിലിണ്ടര്‍ എന്‍ജിനാണ് ഡാറ്റ്‌സണ്‍ റെഡി-ഗോ ഉപയോഗിക്കുന്നത്. 67 എച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. പവര്‍ വിന്‍ഡോകള്‍, എയര്‍ കണ്ടീഷണര്‍, 222 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നിവ ആകര്‍ഷക ഘടകങ്ങളാണ്. 185 മില്ലി മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ളതിനാല്‍ മോശം റോഡുകള്‍ വലിയ തടസ്സമാവില്ല. ടി (ഒ) 1.0 ലിറ്റര്‍ എഎംടി, എസ് 1.0 ലിറ്റര്‍ എഎംടി എന്നിവയാണ് എഎംടി വേരിയന്റുകള്‍. 22.5 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഗ്രൗണ്ട് ക്ലിയറന്‍സ് 185 മില്ലി മീറ്റര്‍. നാല് ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഈ വര്‍ഷം ജനുവരിയിലാണ് ഡാറ്റ്‌സണ്‍ റെഡി-ഗോ എഎംടി വിപണിയിലെത്തിച്ചത്. ഡുവല്‍ ഡ്രൈവിംഗ് മോഡ്, റഷ് അവര്‍ മോഡ് എന്നിവ സവിശേഷതയാണ്. ഇന്റീരിയര്‍ കറുപ്പ് മയമാണ്. ഹാന്‍ഡ്‌സ് ഫ്രീ കോളിംഗ് സഹിതം ബ്ലൂടൂത്ത് ഓഡിയോ സ്ട്രീമിംഗ്, റിമോട്ട് കീ സഹിതം സെന്‍ട്രല്‍ ലോക്കിംഗ് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ടാള്‍ ബോയ് ഡിസൈനിലുള്ള കാറിനകം വിശാലമാണ്. റൂബി റെഡ്, ലൈം ഗ്രീന്‍, വൈറ്റ്, ഗ്രേ, സില്‍വര്‍ എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ ഓട്ടോമാറ്റിക് ലഭിക്കും.

മാരുതി സുസുകി ഓള്‍ട്ടോ കെ10

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന കാറുകളിലൊന്നാണ് മാരുതി സുസുകി ഓള്‍ട്ടോ കെ10. മുടക്കുന്ന പണത്തിന് മൂല്യമുള്ള കാറില്‍ ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് പ്രധാന ഫീച്ചറാണ്. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ കാറിന് കരുത്തേകുന്നു. ഈ മോട്ടോര്‍ 67 എച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വിഎക്‌സ്‌ഐ എജിഎസ് (ഒ) വേരിയന്റില്‍ 5 സ്പീഡ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (എഎംടി) എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. ഒരു ലിറ്റര്‍ നിറച്ചാല്‍ 24 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കും. 160 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ബൂട്ട് ശേഷി 177 ലിറ്റര്‍. 4.21 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഏറ്റവുമധികം വിറ്റുപോകുന്ന മാരുതി സുസുകി കാറുകളാണ് ഓള്‍ട്ടോ കെ10, ഓള്‍ട്ടോ 800, ഓള്‍ട്ടോ സിഎന്‍ജി എന്നിവ ഉള്‍പ്പെടുന്ന ഓള്‍ട്ടോ നിര. ആകെ ഓള്‍ട്ടോ വില്‍പ്പനയില്‍ 25 ശതമാനത്തോളം വാങ്ങുന്നത് യുവാക്കളാണ് എന്ന സ്ഥിതിവിവരക്കണക്കുകള്‍ മാരുതി സുസുകി പുറത്തുവിട്ടിരുന്നു. 30 വയസ്സിന് താഴെയുള്ള യുവാക്കള്‍. 2000 സെപ്റ്റംബറിലാണ് മാരുതി സുസുകി ആദ്യ ഓള്‍ട്ടോ വിപണിയിലെത്തിച്ചത്. 2016-17 ല്‍ ആഭ്യന്തര വില്‍പ്പന കൂടാതെ ശ്രീലങ്ക, ചിലി, ഫിലിപ്പീന്‍സ്, ഉറുഗ്വേ വിപണികളിലേക്കായി 21,000 യൂണിറ്റ് ഓള്‍ട്ടോ കയറ്റുമതി ചെയ്തു. ഓള്‍ട്ടോ കാറുകളില്‍ പുതിയ സാങ്കേതികവിദ്യകളും ഫീച്ചറുകളും യഥാസമയം നല്‍കുന്നതില്‍ മാരുതി സുസുകി ജാഗ്രത കാണിക്കുന്നു.

റെനോ ക്വിഡ്

ക്രോസ്ഓവര്‍ സ്‌റ്റൈല്‍ രൂപകല്‍പ്പനയാണ് റെനോ ക്വിഡിനെ മഹത്തരമാക്കുന്നത്. സവിശേഷ രൂപകല്‍പ്പന കൂടാതെ എതിരാളികളെ പിന്നിലാക്കുന്ന ഫീച്ചറുകളും നിരവധിയാണ്. ഫീച്ചറുകളില്‍ പലതും സെഗ്‌മെന്റില്‍ ആദ്യമാണ് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. റോട്ടറി ഡ്രൈവ് സെലക്ടര്‍, സെന്റര്‍ കണ്‍സോളില്‍ കളര്‍ ടച്ച്‌സ്‌ക്രീന്‍ എന്നിവ ഇതിലുള്‍പ്പെടും. ട്രെന്‍ഡി കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒന്നാന്തരം ഓപ്ഷനാണ് റെനോ ക്വിഡ്. ആര്‍എക്‌സ്ടി 1.0 എഎംടി ഡ്രൈവര്‍ എയര്‍ബാഗ് ഓപ്ഷന്‍, ആര്‍എക്‌സ്ടി 1.0 (ഒ) ക്ലൈംബര്‍ എഎംടി എന്നീ രണ്ട് എഎംടി വേരിയന്റുകളാണ് വിപണിയില്‍ ലഭിക്കുന്നത്. 24 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഗ്രൗണ്ട് ക്ലിയറന്‍സ് 180 മില്ലി മീറ്റര്‍. 300 ലിറ്റര്‍ ബൂട്ട് സ്‌പേസ് ശ്രദ്ധേയമാണ്. 4.35 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകളുടെ ബെഞ്ച്മാര്‍ക്കാണ് റെനോ ക്വിഡ്. ഇതിനകം രണ്ടര ലക്ഷത്തോളം ക്വിഡ് വില്‍ക്കാന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ക്ക് കഴിഞ്ഞു. ഉത്സവ സീസണ്‍ മുന്നില്‍ക്കണ്ട് റിയര്‍ വ്യൂ കാമറ, പരിഷ്‌കരിച്ച ഗ്രില്‍, പിന്‍ സീറ്റുകളില്‍ താഴേക്ക് മടക്കാവുന്ന ഹാന്‍ഡ്‌റെസ്റ്റ് എന്നീ ഫീച്ചറുകള്‍ നല്‍കി റെനോ ക്വിഡ് ഈയിടെ പരിഷ്‌കരിച്ചിരുന്നു. പുതിയ ഫീച്ചറുകള്‍ നല്‍കിയപ്പോഴും വില വര്‍ധിപ്പിച്ചില്ല. ആര്‍എക്‌സ്ടി (ഒ) വേരിയന്റിലാണ് റിവേഴ്‌സ് കാമറ നല്‍കിയിരിക്കുന്നത്.

ടാറ്റ ടിയാഗോ

വിപണിയില്‍ വിജയം വരിച്ച ചെറുകാറാണ് ടാറ്റ മോട്ടോഴ്‌സിന്റെ ടിയാഗോ. പവര്‍ വിന്‍ഡോകള്‍ കൂടാതെ ധാരാളം ലെഗ്‌റൂം, ഹെഡ്‌റൂം എന്നിവ ടിയാഗോയുടെ സവിശേഷതകളാണ്. നഗരവീഥികളിലാണ് ടിയാഗോ എഎംടി ഡ്രൈവ് ചെയ്യാന്‍ ഏറ്റവും അനുയോജ്യം. സെഗ്‌മെന്റില്‍ ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്യപ്പെട്ട കാറുകളിലൊന്നാണ് ടാറ്റ ടിയാഗോ. റെവോട്രോണ്‍ എക്‌സ്ടിഎ എഎംടി, റെവോട്രോണ്‍ എക്‌സ്ഇസഡ്എ എഎംടി എന്നീ രണ്ട് എഎംടി വേരിയന്റുകള്‍ ലഭിക്കും. 23.8 കിലോമീറ്ററാണ് ഇന്ധനക്ഷമത. ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎം. ബൂട്ട് ശേഷി 242 ലിറ്റര്‍. 4.86 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

2016 ല്‍ വിപണിയില്‍ അവതരിപ്പിച്ച് രണ്ട് വര്‍ഷത്തിനിപ്പുറം 1.7 ലക്ഷം യൂണിറ്റ് ടിയാഗോ വില്‍ക്കാന്‍ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞു. കമ്പനിയുടെ ടേണ്‍ എറൗണ്ട് പ്ലാനിന്റെ ഭാഗമായി പുറത്തിറക്കിയ ആദ്യ പ്രധാന ഉല്‍പ്പന്നമാണ് ടിയാഗോ. ടാറ്റ ടിയാഗോ ഉപയോക്താക്കളുടെ ശരാശരി പ്രായം 35 വയസ്സാണ്. അമ്പത് ശതമാനത്തിലധികം ടിയാഗോ ഉടമകളുടെ പ്രായം 35 വയസ്സിന് താഴെയാണ്. പ്രതിമാസം എട്ടായിരത്തോളം യൂണിറ്റ് ടിയാഗോ വില്‍ക്കുന്നു.

മാരുതി സുസുകി സെലേറിയോ

ഇന്ത്യയില്‍ ആദ്യമായി ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ലഭിച്ച കാറാണ് മാരുതി സുസുകി സെലേറിയോ. 1.0 ലിറ്റര്‍ (998 സിസി), 3 സിലിണ്ടര്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വിഎക്‌സ്‌ഐ എഎംടി, വിഎക്‌സ്‌ഐ എഎംടി (ഒ), ഇസഡ്എക്‌സ്‌ഐ എഎംടി, ഇസഡ്എക്‌സ്‌ഐ എഎംടി (ഒ) എന്നീ നാല് എഎംടി പെട്രോള്‍ വേരിയന്റുകള്‍ വിപണിയില്‍ ലഭിക്കും. 23.1 കിലോമീറ്ററാണ് ഇന്ധനക്ഷമത. 165 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ബൂട്ട് കപ്പാസിറ്റി 235 ലിറ്റര്‍. 4.98 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സഹിതം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡാണ്. പാസഞ്ചര്‍ എയര്‍ബാഗുകള്‍, എബിഎസ് എന്നിവ ഓപ്ഷനുകളാണ്. കാറിനകത്തെ സ്ഥലസൗകര്യം മികച്ചതാണ്.

Comments

comments

Categories: Auto