ടാറ്റ നെക്‌സോണ്‍ ജെടിപി എഡിഷനായി അവതരിക്കും

ടാറ്റ നെക്‌സോണ്‍ ജെടിപി എഡിഷനായി അവതരിക്കും

നെക്‌സോണ്‍ ജെടിപി പെര്‍ഫോമന്‍സ് എഡിഷന്‍ 2020 ല്‍ പ്രതീക്ഷിക്കാം അതേസമയത്തുതന്നെ നെക്‌സോണ്‍ ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തും

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന് നിര്‍ണ്ണായക വഴിത്തിരിവ് സമ്മാനിച്ച വാഹനമാണ് നെക്‌സോണ്‍. പ്രീമിയം ബ്രാന്‍ഡ് എന്ന തലത്തിലേക്ക് ടാറ്റ മോട്ടോഴ്‌സ് വളരാന്‍ നെക്‌സോണ്‍ എന്ന സബ് കോംപാക്റ്റ് എസ്‌യുവി സഹായിച്ചു. നിലവില്‍ ഇന്ത്യയിലെ ജനപ്രിയ വാഹനങ്ങളിലൊന്നാണ് ടാറ്റ നെക്‌സോണ്‍. എന്നാല്‍ നെക്‌സോണ്‍ ഒരു വരവ് കൂടി വരും. ഇത്തവണ പക്ഷേ ജെടിപി പെര്‍ഫോമന്‍സ് എഡിഷന്‍ എന്ന ഗമയിലായിരിക്കും വിപണിയിലെത്തുന്നത്.

ടാറ്റ നെക്‌സോണ്‍ ജെടിപി പെര്‍ഫോമന്‍സ് എഡിഷന്‍ 2020 ല്‍ പ്രതീക്ഷിക്കാം. കോയമ്പത്തൂര്‍ ആസ്ഥാനമായ ജയം ഓട്ടോമോട്ടീവ്‌സും ടാറ്റ മോട്ടോഴ്‌സും ചേര്‍ന്നാണ് ജെടിപി എഡിഷനുകള്‍ വിപണിയിലെത്തിക്കുന്നത്. ഈ സംയുക്ത സംരംഭത്തിലൂടെ ആദ്യം പുറത്തുവരുന്ന രണ്ട് കാറുകളാണ് ടാറ്റ ടിയാഗോ ജെടിപി, ടാറ്റ ടിഗോര്‍ ജെടിപി എന്നിവ.

ടാറ്റ നെക്‌സോണ്‍ ജെടിപി എഡിഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 2020 ല്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. അതേസമയത്തുതന്നെ നെക്‌സോണ്‍ ഫേസ്‌ലിഫ്റ്റും വിപണിയിലെത്തും. 2020 ല്‍ പുറത്തിറക്കുകയാണെങ്കില്‍ നെക്‌സോണ്‍ ജെടിപി എഡിഷനിലെ എന്‍ജിന്‍ ബിഎസ്-6 അനുസൃതമായിരിക്കും. നിലവില്‍ ബിഎസ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ടാറ്റ നെക്‌സോണ്‍ ഉപയോഗിക്കുന്നത്.

അഗ്രസീവ് സ്റ്റാന്‍സ് നല്‍കുന്ന ബോഡി കിറ്റ് സഹിതമായിരിക്കും ടാറ്റ നെക്‌സോണ്‍ ജെടിപി വരുന്നത്. വലിയ ഫോഗ് ലാംപ് ഹൗസിംഗുകള്‍, സ്‌മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, സൈഡ് സ്‌കര്‍ട്ടുകള്‍, പുതിയ അലോയ് വീലുകള്‍ എന്നീ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഓള്‍-ബ്ലാക്ക് തീം കാറിനകത്തെ ഭംഗി വര്‍ധിപ്പിക്കും. ടിയാഗോ ജെടിപി പോലെ തുകല്‍ അപ്‌ഹോള്‍സ്റ്ററി നല്‍കും.

കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും, നിലവിലെ 110 കുതിരശക്തിയില്‍നിന്ന് കരുത്ത് പിന്നെയും വര്‍ധിപ്പിക്കാനാണ് സാധ്യത. വാഹനം കുറേക്കൂടി കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ടിയാഗോ ജെടിപിയിലേതുപോലെ സസ്‌പെന്‍ഷന്‍ സംവിധാനം പരിഷ്‌കരിച്ചേക്കും. നെക്‌സോണ്‍ ജെടിപിയുടെ നേര്‍ എതിരാളി ഫോഡ് ഇക്കോസ്‌പോര്‍ട് എസ് ആയിരിക്കും. 125 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഇക്കോസ്‌പോര്‍ട് എസ് ഉപയോഗിക്കുന്നത്. ടാറ്റ ടിയാഗോ ജെടിപി, ടാറ്റ ടിഗോര്‍ ജെടിപി പെര്‍ഫോമന്‍സ് എഡിഷനുകള്‍ അടുത്ത മാസം അവതരിപ്പിക്കും.

Comments

comments

Categories: Auto
Tags: Tata nexon