സൗദി വനിതാ പൈലറ്റുകളെ തേടുന്നു; ഒറ്റ ദിനത്തില്‍ ലഭിച്ചത് 1000 അപേക്ഷകള്‍

സൗദി വനിതാ പൈലറ്റുകളെ തേടുന്നു; ഒറ്റ ദിനത്തില്‍ ലഭിച്ചത് 1000 അപേക്ഷകള്‍

രണ്ടു വര്‍ഷത്തിനുള്ളില്‍ 500 പൈലറ്റുമാരെയും കാബിന്‍ ക്രൂ അംഗങ്ങളെയും തെരഞ്ഞെടുക്കാനാണ് പദ്ധതി

റിയാദ്: സൗദിയിലെ ചെലവ് കുറഞ്ഞ എയര്‍ലൈന്‍ ഫ്‌ളൈനാസിലേക്ക് വനിതാ പൈലറ്റുമാരുടെ അപേക്ഷാപ്രവാഹം. ആദ്യമായി വനിതാ റിക്രൂട്ട്‌മെന്റ് നടത്താന്‍ തീരുമാനിച്ച ഫ്‌ളൈനാസിലേക്ക് ഇരുപത്തിനാലു മണിക്കൂറിനിടെ ആയിരത്തില്‍ പരം വനിതകളുടെ അപേക്ഷകളാണ് ഒഴുകിയെത്തിയത്. വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് വിലക്കുണ്ടായിരുന്നില്ലെങ്കിലും സാധാരണയായി ഫിലിപ്പീന്‍സ് വനിതകളെയാണ് പൈലറ്റായി നിയോഗിച്ചിരുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 500 പൈലറ്റുമാരെയും കാബിന്‍ ക്രൂ അംഗങ്ങളെയും തെരഞ്ഞെടുക്കാനാണ് എയര്‍ലൈന്‍ ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്.

സൗദിയില്‍ അടുത്തിടെയായി വനിതാ ശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കി വരുന്നുണ്ട്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ സൗദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിന്റെ പരിഷ്‌കരണ പരിപാടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഫ്‌ളൈനാസ് ഇത്തവണ സൗദി വനിതകളെ ആവശ്യപ്പെട്ടിരിക്കുന്നത്. സഹ പൈലറ്റ്, എയര്‍ഹോസ്റ്റസ് എന്നീ പദവികളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകര്‍ക്ക് സൗദി പൗരത്വവും ഇംഗ്ലീഷ് സുഗമമായി സംസാരിക്കാനും ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സ്റ്റാന്റേര്‍ഡ് അനുശാസിക്കുന്ന വിധത്തിലുള്ള ഉയരവും ശരീരഭാരവും ഉണ്ടായിരിക്കണം. വനിതകള്‍ക്കു പുറമെ പുരുഷന്‍മാര്‍ക്കും അപേക്ഷകള്‍ അയക്കാവുന്നതാണ്.

രാജ്യത്ത് വാഹനം ഓടിക്കുന്നതിനുള്ള നിരോധനം റദ്ദാക്കി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിവിധ മേഖലകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്ന നടപടികളാണ് വന്‍കിട കമ്പനികളടക്കമുള്ളവര്‍ സ്വീകരിച്ചു വരുന്നത്. രാജ്യത്തിന്റെ പരിവര്‍ത്തനത്തില്‍ സൗദി വനിതകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നു പറഞ്ഞ ഫ്‌ളൈനാസ് വക്താവ് തങ്ങളുടെ കമ്പനി വനിതാ ശാക്തീകരണത്തിന് മതിയായ പ്രോല്‍സാഹനം നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി. സൗദി സ്ത്രീകളെ മുന്‍നിര പദവികളില്‍ നിയമിക്കുന്ന ആദ്യ എയര്‍ലൈനാണ് തങ്ങളുടേതെന്നും ഇത് രാജ്യത്തിന്റെ മാറ്റത്തിനു പിന്തുണയേകുമെന്നും ഫ്‌ളൈനാസ് സിഇഒ ബന്ദാര്‍ അല്‍മോഹണ്ണ വ്യക്തമാക്കി.

2007 ല്‍ തുടങ്ങിയ ഫ്‌ളൈനാസിന് മുപ്പതോളം എയര്‍ബസ് എ320 എയര്‍ലൈനുകളാണ് നിലവിലുള്ളത്. 1100 ഓളം ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ നടത്തുന്ന കമ്പനി ഇതിനോടകം 38 ദശലക്ഷത്തോളം യാത്രക്കാര്‍ക്ക് സേവനം നല്‍കിയിട്ടുമുണ്ട്.

Comments

comments

Categories: Arabia

Related Articles