എണ്ണ ഉപഭോഗം കുതിച്ചുയരുന്നു; പ്രതിദിനം 100 ദശലക്ഷം ബാരല്‍

എണ്ണ ഉപഭോഗം കുതിച്ചുയരുന്നു; പ്രതിദിനം 100 ദശലക്ഷം ബാരല്‍

വ്യാപാര തര്‍ക്കങ്ങളും വിപണിയിലെ സമ്മര്‍ദ്ദങ്ങളും എണ്ണവില ഉയരാനിടയാക്കും

പാരീസ്: ആഗോളതലത്തില്‍ എണ്ണയുടെ ഉപഭോഗത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) വ്യക്തമാക്കി. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എണ്ണയുടെ പ്രതിദിന ഉപഭോഗം 100 ദശലക്ഷം ബാരലില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിപണിയിലെ സമ്മര്‍ദ്ദങ്ങളും വ്യാപാര തര്‍ക്കങ്ങളും മറ്റും കാരണം എണ്ണയുടെ വില ഉയരാനിടയാക്കുമെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

എണ്ണയുടെ ആവശ്യകതയില്‍ ആഗോളതലത്തില്‍ വര്‍ധനവുണ്ടാകുമെന്നു പറഞ്ഞ ഐഇഎ, ഈ വര്‍ഷം പ്രതിദിന ഉപഭോഗം 1.4 മില്യണ്‍ ബാരലിലെത്തുമെന്നും അടുത്തവര്‍ഷം ഇത് 1.5 മില്യണ്‍ ബാരലാകുമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എണ്ണയുടെ ആവശ്യകതയും ഉല്‍പ്പാദനവും സംബന്ധിക്കുന്ന വിഷയങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ചര്‍ച്ച ചെയ്യണമെന്നും മേഖലയില്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും വിലയിരുത്തിയിട്ടുണ്ട്. ഏപ്രില്‍ മുതലുള്ള ബ്രെന്റ് ക്രൂഡ് ഓയിലിന്റെ 70-80 ഡോളര്‍ എന്ന വില പരിശോധനയ്ക്കു വിധേയമാക്കണെമെന്നും അവര്‍ നിര്‍ദേശിക്കുകയുണ്ടായി.

എണ്ണയുടെ വില ഉയരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് ആവര്‍ത്തിച്ചു വ്യക്തമാക്കുമ്പോഴും ഇറാനില്‍ നിന്നും ആരും എണ്ണ വാങ്ങരുതെന്ന പറയുന്ന അവരുടെ നിലപാട് വിപണിയില്‍ കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ വെനിസ്വലയില്‍ നിന്നുള്ള എണ്ണ വരവ് കുറഞ്ഞതും പ്രതിസന്ധിക്കിടയാക്കി. യുഎസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒപെകും റഷ്യയും ഇപ്പോള്‍ ഉല്‍പ്പാദന നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരിക്കുകയാണ്.

ആഗോളതലത്തില്‍ എണ്ണയുടെ വര്‍ധിച്ചു വരുന്ന ആവശ്യകതയും പരിശോധനയ്ക്കു വിധേയമാക്കേണ്ട വിഷയമാണെന്ന് ഐഇഎയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു. എണ്ണ വിപണിയിലെ ഏറ്റവും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News
Tags: Oil consume