ഡബ്ല്യുപിഐ പണപ്പെരുപ്പം നാലുമാസത്തെ താഴ്ചയില്‍

ഡബ്ല്യുപിഐ പണപ്പെരുപ്പം നാലുമാസത്തെ താഴ്ചയില്‍

4.53 ശതമാനമാണ് ഓഗസ്റ്റില്‍ രാജ്യത്ത് അനുഭവപ്പെട്ട മൊത്ത വില പണപ്പെരുപ്പം

ന്യൂഡെല്‍ഹി: മൊത്ത വില്‍പ്പന വില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഓഗസ്റ്റില്‍ 4.53 ശതമാനമായി കുറഞ്ഞു. നാലുമാസത്തെ ഏറ്റവും താഴ്ന്ന പണപ്പെരുപ്പ നിരക്കാണിത്. ജൂലൈയില്‍ 5.09 ശതമാനമായിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പം. അകഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 3.24 ശതമാനമായിരുന്നു ഡബ്ല്യുപിഐ പണപ്പെരുപ്പം.
ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും പ്രത്യേകിച്ച് പച്ചക്കറികളുടെയും വിലയിലുണ്ടായ ഉണ്ടായ കുറവാണ് പണപ്പെരുപ്പ നിരക്കിനെ പ്രധാനമായും സ്വാധീനിച്ചത്. പച്ചക്കറി വിലയില്‍ ഓഗസ്റ്റില്‍ 20.18 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. മുന്‍മാസം 14.07 ശതമാനം ഇടിവ് പച്ചക്കറി വിലയില്‍ രേഖപ്പെടുത്തിയിരുന്നു. പയര്‍ വര്‍ഗങ്ങളുടെ വിലയിടിവ് 14.23 ശതമാനമാണ്. എന്നാല്‍ ഉരുളക്കിഴങ്ങിന്റെ മൊത്ത വിലയില്‍ 71.89 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഉള്ളി വിലയില്‍ 26.80 ശതമാനത്തിന്റെ ഇടിവുണ്ടായപ്പോള്‍ പഴ വര്‍ഗങ്ങളുടെ വിലയില്‍ 16.40 ശതമാനത്തിന്റെ ഇടിവുണ്ടായി.
ഇന്ധന, ഊര്‍ജ വിഭാഗത്തിലെ പണപ്പെരുപ്പത്തിലെ ഇരട്ടയക്കത്തിലുള്ള വര്‍ധനയുടെ വന്‍ ആഘാതം തടഞ്ഞു നിര്‍ത്തുന്നതിന് ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ അനുഭവപ്പെട്ട വിലയിടിവ് സഹായകമാകുകയായിരുന്നു. ഇന്ധന-ഊര്‍ജ വിഭാഗത്തിലെ മൊത്ത വില്‍പ്പന പണപ്പെരുപ്പം 17.73 ശതമാനമായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാകുന്ന വര്‍ധനയും രൂപയുടെ മൂല്യത്തില്‍ ഉണ്ടായിട്ടുള്ള ഇടിവും ഈ മേഖലയിലെ പണപ്പെരുപ്പം വീണ്ടും വര്‍ധിപ്പിച്ചേക്കാമെന്ന ആശങ്കയുണര്‍ന്നിട്ടുണ്ട്.
ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ ( എല്‍പിജി) മൊത്ത വിലയില്‍ 46.08 ശതമാനത്തിന്റെ വര്‍ധനയാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഡീസലില്‍ 19.90 ശതമാനത്തിന്റെയും പെട്രോളില്‍ 16.30 ശതമാനത്തിന്റെയും വിലക്കയറ്റം അനുഭവപ്പെട്ടു.
ഏപ്രിലിലാണ് ഇതിനേക്കാള്‍ താഴ്ന്ന ഡബ്ല്യുപി ഐ പണപ്പെരുപ്പം നടപ്പു സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്, 3.62 ശതമാനം. ജൂണില്‍ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കായ 5.77 ശതമാനം രേഖപ്പെടുത്തിയിരുന്നു. പുതുക്കിയ വിലയിരുത്തല്‍ പ്രകാരം ഇത് പരിഷ്‌കരിച്ച് 5.68 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈയാഴ്ച പുറത്തു വന്ന റീട്ടെയ്ല്‍ പണപ്പെരുപ്പ നിരക്കും കേന്ദ്ര സര്‍ക്കാരിന് ആശ്വാസകരമായിരുന്നു. പത്തു മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 3.69 ശതമാനമാണ് ഓഗസ്റ്റില്‍ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സിപിഐ) പണപ്പെരുപ്പത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജൂെൈല-സെപ്റ്റംബര്‍ പാദത്തില്‍ മൊത്തമായി 4.2 ശതമാനം സിപിഐ പണപ്പെരുപ്പം രേഖപ്പെടുത്തുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിഗമനം. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ശരാശരി സിപിഐ പണപ്പെരുപ്പം 4.8 ശതമാനത്തിലേക്ക് ഉയരുമെന്നും ആര്‍ബിഐ കണക്കുകൂട്ടുന്നു.

Comments

comments

Categories: Business & Economy
Tags: inflation