കുടുംബ ബിസിനസുകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം

കുടുംബ ബിസിനസുകളുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം

കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ എല്ലാ മേഖലകളിലും തങ്ങളുടെ എതിരാളികളെ കവച്ചുവെക്കുന്ന പ്രകടനം കാഴ്ചവെക്കുന്നുവെന്ന് ക്രെഡിറ്റ് സ്യൂസ് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: കുടുംബ ഉടമസ്ഥതയിലുള്ള കോര്‍പ്പറേറ്റ് കമ്പനികളുടെ എണ്ണത്തില്‍ യുഎസിനും ചൈനയ്ക്കും പിന്നില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ക്രെഡിറ്റ് സ്യൂസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ ‘ ക്രെഡിറ്റ് സ്യൂസ് ഫാമിലി 1000 2018’ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 111 കുടുംബ ബിസിനസുകളാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 839 ബില്യണ്‍ ഡോളറാണ് ഇവയുടെ മൊത്തം വിപണി മൂല്യം. ചൈനയില്‍ 159 വന്‍കിട ബിസിനസുകളെയാണ് കുടുംബങ്ങള്‍ നയിക്കുന്നത്. 121 ആണ് യുഎസിലെ കുടുംബ ബിസിനസുകളുടെ എണ്ണം.

ജപ്പാന്‍ ഒഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ മൊത്തം കുടുംബ ബിസിനസുകളില്‍ 65 ശതമാനവും ഇന്ത്യ, ചൈന, ഹോംഗ്‌കോംഗ് എന്നീ രാജ്യങ്ങളിലായാണ്. 2.85 ട്രില്യണ്‍ ഡോളര്‍ വിപണി മൂലധനമാണ് ഈ കമ്പനികള്‍ക്ക് മൊത്തമായി ഉള്ളത്. ആഗോള റാങ്കിംഗില്‍ 43 കുടുംബ ബിസിനസുകളുമായി കൊറിയയാണ് നാലാം സ്ഥാനത്തുള്ളത്.
കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ എല്ലാ മേഖലകളിലും തങ്ങളുടെ എതിരാളികളെ കവച്ചുവെക്കുന്ന പ്രകടനം കാഴ്ചവെക്കുന്നതായാണ് കാണുന്നതെന്ന് ക്രെഡിറ്റ് സ്യൂസിലെ അനലിസ്റ്റ് ഈഗെന്‍ ക്ലര്‍ക്ക് പറയുന്നു. പുറത്തു നിന്നുള്ള ഫണ്ടിംഗിനെ കുറവു മാത്രം ആശ്രയിക്കുന്നതിനാലും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ചെലവിടുന്നതിനാലും ദീര്‍ഘ കാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരാന്‍ കുടുംബ ബിസിനസുകള്‍ക്ക് സാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2006 മുതല്‍ ഇന്ത്യന്‍ കുടുംബ ബിസിനസുകള്‍ ശരാശരി 13.9 ശതമാനം വരുമാനം തങ്ങളുടെ ഓഹരി വിലകളില്‍ നിന്നും നേടിയിട്ടുണ്ട്. കുടുംബങ്ങളുടെ നേതൃത്വത്തില്‍ അല്ലാത്ത അവരുടെ എതിരാളികള്‍ ഇക്കാര്യത്തില്‍ സ്വന്തമാക്കിയത് ശരാശരി 6 ശതമാനം നേട്ടം മാത്രമാണ്. ആഗോള തലത്തിലെ ഏറ്റവും ലാഭകരമായ ആദ്യ 50 കമ്പനികളില്‍ 24 എണ്ണം ഏഷ്യയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള 12 കുടുംബ ബിസിനസുകളും ഉള്‍പ്പെടുന്നു. 192.2 ബില്യണ്‍ ഡോളറാണ് ഈ കമ്പനികളുടെ മൊത്തം വിപണി മൂലധനം.

Comments

comments

Categories: FK News