5ജിയില്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങി സിസ്‌കോ

5ജിയില്‍ കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിക്ഷേപത്തിനൊരുങ്ങി സിസ്‌കോ

നിതി ആയോഗ്, ബിഎസ്എന്‍എല്‍) എന്നിവയുമായി സിസ്‌കോ കരാര്‍ ഒപ്പിട്ടിട്ടുണ്ട്

ന്യൂഡെല്‍ഹി: യുഎസ് ടെക് ഭീമന്‍ സിസ്‌കോ ഇന്ത്യന്‍ വിപണിയില്‍ വന്‍ നിക്ഷേപത്തിന് തയാറെടുക്കുന്നു. കമ്പനിയുടെ കണ്‍ട്രി ഡിജിറ്റല്‍ ആക്‌സിലറേഷന്‍ ( സിഡിഎ) പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതി. സംരംഭക പ്രോത്സാഹനം, ഇന്നൊവേഷന്‍, ഉപയോക്താക്കള്‍ക്കിടയിലും ഗതാഗത ആധുനികീകരണത്തിലും 5ജി സാങ്കേതികവിദ്യയുടെ ഉപയോഗം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടാണ് സിസ്‌കോയുടെ നീക്കം. സിഡിഎ പ്രോഗ്രാമിന്റെ ഭാഗമായി രണ്ടാം റൗണ്ട് നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്ന ചില വിപണികളില്‍ ഒന്ന് ഇന്ത്യയാണെന്ന് സിഇഒ ചക്ക് റോബിന്‍സ് വ്യക്തമാക്കി.
ഇന്ത്യ തങ്ങള്‍ക്ക് പ്രധാനപ്പെട്ട വിപണിയാണെന്ന് പറഞ്ഞ അദ്ദേഹം നിക്ഷേപ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്നൊവേഷന്‍, സ്മാര്‍ട്ട്‌സിറ്റി തുടങ്ങിയ മേഖലകളില്‍ തങ്ങള്‍ നിലവില്‍ നടപ്പാക്കുന്ന സംരംഭങ്ങളില്‍ നാല് സംസ്ഥാനങ്ങളെക്കൂടി കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ നിതി ആയോഗ്, ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്( ബിഎസ്എന്‍എല്‍) എന്നിവയുമായി വിവിധ കരാറുകളില്‍ എത്തിയിട്ടുണ്ടെന്നും സിസ്‌കോ വ്യക്തമാക്കി.
സിഡിഎ പ്രോഗ്രാമിന്റെടെ ആദ്യ ഘട്ടത്തില്‍ 100 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. മൂന്ന് സ്മാര്‍ട്ട്‌സിറ്റികളുടെ വികസിപ്പിക്കല്‍, സൈബര്‍ റേഞ്ച്, 10 ഇന്നൊവേഷന്‍ ലാബുകള്‍ തുടങ്ങിയവ ഉള്‍പ്പടെ ആദ്യഘട്ടത്തിലെ 50 പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തിയാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ അടല്‍ ഇന്നൊവേഷന്‍ മിഷന്‍ പദ്ധതിയിലൂടെ സംരംഭകത്വവും ഇന്നൊവേഷനും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും കമ്പനിക്കുണ്ട്. സേവനങ്ങള്‍ക്കായി 5ജി സാധ്യതകളെ ഉപയോഗപ്പെടുത്തുക, ഗതാഗത സംവിധാനങ്ങളില്‍ ഇന്നൊവേറ്റീവ് ഡിജിറ്റല്‍ ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്തി ആധുനികവല്‍ക്കരണം നടപ്പിലാക്കുക എന്നിവയ്ക്കായി ശ്രമിക്കും.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റോബിന്‍സ് കമ്പനിയുടെ പ്രവര്‍ത്തന ലക്ഷ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചു. സാങ്കേതികരംഗത്തോടുള്ള യുവതലമുറയുടെ താല്‍പ്പര്യത്തെ സാമൂഹ്യപുരോഗതിക്കായി ഉപയോഗപ്പെടുത്തുന്നതിനെ സംബന്ധിച്ച് പ്രധാനമന്ത്രിയുടമായി ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം പിടിഐ യോട് സംസാരിക്കവെ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Tech
Tags: 5G