ഡെല്‍ഹിയില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി

ഡെല്‍ഹിയില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി

ഒക്‌റ്റോബര്‍ 13 ന് മുമ്പ് ഉയര്‍ന്ന സുരക്ഷയുള്ള രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കണം

ന്യൂഡെല്‍ഹി : തലസ്ഥാനത്ത് അതിസുരക്ഷാ വാഹന രജിസ്‌ട്രേഷന്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി. ഒക്‌റ്റോബര്‍ 13 ന് മുമ്പ് പുതിയ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കണമെന്നാണ് ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനുമുമ്പായി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. ദേശീയ തലസ്ഥാനത്ത് നിലവില്‍ പുതിയ വാഹനങ്ങള്‍ അതിസുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മിക്ക പഴയ വാഹനങ്ങളുടെയും സ്ഥിതി ഇതല്ല. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത നാല്‍പ്പത് ലക്ഷം വാഹനങ്ങള്‍ (നാലുചക്ര, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ) കാണുമെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു.

അടുത്ത മാസം 13 ന് മുമ്പായി ഉയര്‍ന്ന സുരക്ഷയുള്ള രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കണം. ഒക്‌റ്റോബര്‍ രണ്ടിന് ഇതുസംബന്ധിച്ച പ്രക്രിയ തുടങ്ങും. പുതിയ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നതിന് പതിമൂന്ന്് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പത്രപ്പരസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഉറപ്പാക്കണമെന്ന് 2012 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പുതിയ നമ്പര്‍ പ്ലേറ്റ് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ് ഓണ്‍ലൈനായി അടയ്ക്കാന്‍ കഴിയും.

അലുമിനിയത്തില്‍ നിര്‍മ്മിച്ച, റിഫഌക്ടീവ് ടേപ്പുകളുള്ള, ഇന്‍-ബില്‍റ്റ് ഫീച്ചറുകളുള്ളതാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍. കൂടാതെ ഹോളോഗ്രാം ഉണ്ടായിരിക്കും. വാഹനത്തിന്റെ എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ കൂടാതെ പത്ത് അക്ക പിന്‍ നമ്പര്‍ പ്ലേറ്റില്‍ കാണും. ഇതോടൊപ്പം, ഉപയോഗിക്കുന്ന ഇന്ധനത്തിന് അനുസരിച്ച് വാഹനത്തില്‍ കളര്‍ സ്റ്റിക്കറും പതിച്ചുനല്‍കും. പെട്രോള്‍, സിഎന്‍ജി വാഹനങ്ങളില്‍ ഇളംനീല സ്റ്റിക്കറും ഡീസല്‍ വാഹനങ്ങളില്‍ ഓറഞ്ച് സ്റ്റിക്കറും പതിക്കും.

Comments

comments

Categories: Auto