ഹീറോ എക്‌സ്ട്രീം 200ആര്‍ വില വര്‍ധിപ്പിച്ചു

ഹീറോ എക്‌സ്ട്രീം 200ആര്‍ വില വര്‍ധിപ്പിച്ചു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 1,900 രൂപ വര്‍ധിപ്പിച്ചു. ഉത്തര്‍പ്രദേശിലും മറ്റും ആയിരം രൂപ വര്‍ധിച്ചു

ന്യൂഡെല്‍ഹി : ഹീറോ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിന്റെ വില ചില സംസ്ഥാനങ്ങളില്‍ വര്‍ധിപ്പിച്ചു. ഈ വര്‍ഷം ജൂലൈയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കായി 88,000 രൂപ വില നിശ്ചയിച്ചിരുന്നു. പിന്നീട് ഡെല്‍ഹിക്കും മറ്റ് ചില സംസ്ഥാനങ്ങള്‍ക്കുമായി 89,900 രൂപ വില പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തുല്യമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വില വര്‍ധിപ്പിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്.

അതായത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ 1,900 രൂപ വര്‍ധിച്ചിരിക്കുന്നു. അതേസമയം ഉത്തര്‍ പ്രദേശ് പോലുള്ള ചില സംസ്ഥാനങ്ങളില്‍ ബൈക്കിന് ആയിരം രൂപ വര്‍ധിപ്പിച്ചു. ഇവിടങ്ങളില്‍ ഇപ്പോള്‍ 90,900 രൂപയാണ് എക്‌സ് ഷോറൂം വില. വില വര്‍ധിപ്പിച്ചതിന്റെ കാരണം ഹീറോ മോട്ടോകോര്‍പ്പ് വ്യക്തമാക്കിയില്ല.

ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന 200 സിസി മോട്ടോര്‍സൈക്കിളാണ് ഹീറോ എക്‌സ്ട്രീം 200ആര്‍. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി, ബജാജ് പള്‍സര്‍ എന്‍എസ് 200 മോട്ടോര്‍സൈക്കിളുകളേക്കാള്‍ കാര്യമായി വില കുറവ്.

ഹീറോ എക്‌സ്ട്രീം 200ആര്‍ മോട്ടോര്‍സൈക്കിളിലെ 199.6 സിസി, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 18.1 ബിഎച്ച്പി കരുത്തും 17.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. ഇരുചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. സിംഗിള്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കി.

Comments

comments

Categories: Auto