ഇന്ത്യ സുസ്ഥിരമെന്ന് ഡെമോക്ലീസ് ഇന്‍ഡെക്‌സ്; റേറ്റിംഗ് പോയ്ന്റ് 25

ഇന്ത്യ സുസ്ഥിരമെന്ന് ഡെമോക്ലീസ് ഇന്‍ഡെക്‌സ്; റേറ്റിംഗ് പോയ്ന്റ് 25

വിലക്കയറ്റം 2012 ലെ 8.7 ശതമാനത്തില്‍ നിന്നും 4.5 ശതമാനത്തിലേക്ക് പിടിച്ചു നിര്‍ത്താന്‍ ഇന്ത്യക്കായി; കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 2.5 ശതമാനത്തിലേക്ക് താഴ്ന്നു; ആര്‍ബിഐയുടെ പക്കല്‍ മതിയായ അളവില്‍ വിദേശ നാണയ കരുതല്‍ ശേഖരം

 

ന്യൂഡെല്‍ഹി: ഡോളറുമായുള്ള മത്സരത്തില്‍ കിതക്കുന്ന രൂപക്കും സാമ്പത്തിക ഞെരുക്കത്തെ കുറിച്ച് ആശങ്കപ്പെടാനാരംഭിച്ച രാജ്യത്തിനും ആശ്വാസം പകര്‍ന്ന് ‘നോമുറ ഡമോക്ലീസ് ഇന്‍ഡെക്്‌സ്’ കണക്കുകള്‍. സാമ്പത്തിക പ്രതിസന്ധിയുടെ കാലേകൂട്ടിയുള്ള പ്രവചനം നടത്താന്‍ ലീമെന്‍ ബ്രദേഴ്്‌സ് ആരംഭിച്ച ഡമോക്ലീസ് ഇന്‍ഡെക്്‌സില്‍ ഇന്ത്യക്ക് 25 പോയന്റുമായി ‘സുസ്ഥിരം’ എന്ന റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. വിലക്കയറ്റം 2012 ലെ 8.7 ശതമാനത്തില്‍ നിന്ന് 2018 ല്‍ എത്തുമ്പോള്‍ 4.5 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യക്കായെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കറന്റ് എക്കൗണ്ട് കമ്മി ജിഡിപിയുടെ 2.5 ശതമാനത്തിലേക്ക് താഴ്ത്താനായതും നേട്ടമാണ്. 2012 ല്‍ ഇത് അഞ്ച് ശതമാനം വരെ ഉയര്‍ന്നിരുന്നു. റിസര്‍വ് ബാങ്കില്‍ മതിയായ അളവില്‍ വിദേശ നാണയ കരുതല്‍ ശേഖരം ഉണ്ടെന്നും ഇന്ത്യയുടെ സുസ്ഥിരാവസ്ഥയെ പിന്തുണച്ച് ഡെമോക്ലീസ് ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു.

ഡോളറിനെതിരെ മൂല്യശോഷണം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും രൂപ ദുര്‍ബലമല്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 30 വികസ്വര രാജ്യങ്ങളിലെ കറന്‍സിയുടെ പ്രകടനം അവലോകനം ചെയ്താണ് നോമുറ ഇത്തരമൊരു നിഗമനത്തില്‍ എത്തിപ്പെട്ടത്. അപായ സൂചനകളും സാഹചര്യവും വിശകലനം ചെയ്ത് കറന്‍സി ക്രയവിക്രയത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ 12 മാസം മുന്‍പ് പ്രവചിക്കുന്ന സൂചികയാണ് നോമുറ ഡെമോക്ലീസ് ഇന്‍ഡെക്‌സ്.

ഡെമോക്ലീസ് ഇന്‍ഡെക്‌സില്‍ 100 പോയന്റുകള്‍ക്ക് മുകളില്‍ വരുന്ന രാജ്യങ്ങള്‍ ഒരു വര്‍ഷത്തിന് ശേഷം കടുത്ത കറന്‍സി പ്രതിസന്ധി അനുഭവിക്കാം. 150 ന് മുകളിലാണ് സ്‌കോറെങ്കില്‍ ഏത് നിമിഷവും ഒരു പ്രതിസന്ധി ഉടലെടുക്കാം. കഴിഞ്ഞ ജിവസം പുറത്തു വന്ന സൂചികയില്‍ 175 പോയന്റോടെ ഒന്നാം സ്ഥാനത്തുള്ളത് ശ്രീലങ്കയാണ്. 143 പോയന്റ് റേറ്റിംഗുള്ള ദക്ഷിണാഫ്രിക്കയും 140 പോയന്റുള്ള അര്‍ജന്റീനയും 136 പോയന്റുള്ള പാകിസ്ഥാനും സമീപ ഭാവിയില്‍ കടുത്ത നാണ്യ പ്രതിസന്ധിയെ ഉറ്റു നോക്കുന്നു. ഈജിപ്റ്റ്, ഉക്രെയ്ന്‍, തുര്‍ക്കി (യഥാക്രമം 111, 104, 100) എന്നിവയാണ് മോശം സാഹചര്യത്തിലുള്ള മറ്റ് രാജ്യങ്ങള്‍.

സൂചികയില്‍ പൂജ്യം ലഭിച്ച രാജ്യങ്ങളാണ് ഏറ്റവും സ്ഥിരത കാണിക്കുന്നത്. ബ്രസീല്‍, ഇന്‍ഡൊനേഷ്യ, റഷ്യ, ഫിലിപ്പീന്‍സ്, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും സുസ്ഥിരം. 25 പോയന്റുള്ള ഇന്ത്യയുടെ സ്ഥിതി 37 പോയന്റുള്ള ചൈനയെക്കാള്‍ ഏറെ മെച്ചമാണ്. ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യത്തില്‍ ഏഴ് ശതമാനത്തോളം ഇടിവാണ് സമീപ കാലത്ത് ഉണ്ടായിരിക്കുന്നത്.

2013 ലാണ് ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ കറന്‍സി പ്രതിസന്ധി ഉടലെടുത്തത്. 2011 ലും 2008 ലും സമാനമായ സാഹചര്യം നിലനിന്നിരുന്നു. പണപ്പെരുപ്പം മുതല്‍ വിദേശ കടം വരെയുള്ള സാഹചര്യങ്ങളാണ് ഇതിലേക്ക് നയിച്ചിരുന്നത്. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം വികസ്വര രാജ്യങ്ങളിലേക്ക് നടന്ന നിക്ഷേപക കുത്തൊഴുക്കില്‍ ഇന്ത്യ വലിയ നേട്ടമുണ്ടാക്കിയെന്ന് നോമുറ പറയുന്നു. 2009 നും 2017 നും ഇടയില്‍ 170 ബില്യണ്‍ ഡോളറാണ് വിദേശ നിക്ഷേപമായി ഇന്ത്യക്ക് ലഭിച്ചത്.

Comments

comments

Categories: FK News

Related Articles