ചൈനയുടെ പുരാവസ്തു പ്രദര്‍ശനം റിയാദില്‍ തുടങ്ങി

ചൈനയുടെ പുരാവസ്തു പ്രദര്‍ശനം റിയാദില്‍ തുടങ്ങി

ചൈനയിലെ പതിമൂന്നില്‍പ്പരം മ്യൂസിയങ്ങളില്‍ നിന്നും 264 ഓളം അത്യപൂര്‍വ പുരാവസ്തുക്കളാണ് പ്രദര്‍ശനത്തിനുള്ളത്

റിയാദ്: ചൈനീസ് സംസ്‌കാരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന അപൂര്‍വ പുരാവസ്തു പ്രദര്‍ശനത്തിന് റിയാദില്‍ തുടക്കമായി. സൗദിയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു അപൂര്‍വ പ്രദര്‍ശനം ചൈന ഒരുക്കുന്നത്. റിയാദിലെ നാഷല്‍ മ്യൂസിയത്തില്‍ നവംബര്‍ 23 വരെ നീണ്ടു നില്‍ക്കുന്ന മേള ഴിഞ്ഞ ദിവസം സൗദി കമ്മീഷന്‍ ഫോര്‍ നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാനും ചൈനീസ് അംബാസഡര്‍ ലീ ഹുവാക്‌സിനും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.

‘ട്രഷേഴ്‌സ് ഓഫ് ചൈന’എന്ന പേരില്‍ നടക്കുന്ന പുരാവസ്തു പ്രദര്‍ശനത്തില്‍ മുമ്പൊരിക്കലും ചൈനയ്ക്കു പുറത്തു പ്രദര്‍ശിപ്പിച്ചിട്ടില്ലാത്തെ ഇരുനൂറില്‍ പരം അത്യപൂര്‍വ പുരാവസ്തുക്കളുടെ നിരയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ചൈനീസ് സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് ഇവയെല്ലാം. ചൈനയിലെ പതിമൂന്നില്‍പ്പരം മ്യൂസിയങ്ങളില്‍ നിന്നും 264 വസ്തുക്കളാണ് പ്രദര്‍ശനത്തിനുള്ളത്. ഇതില്‍ ചൈനയിലെ ആദ്യ ചക്രവര്‍ത്തിയായ ക്വിന്‍ ഷി ഹുവാംഗിന്റെ സൈനികശേഷി വിശദമാക്കുന്ന ടെറാകോട്ട ശില്‍പ്പങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.

ചൈനയും സൗദിയും തമ്മിലുള്ള സൗഹൃദത്തില്‍ പുതിയ ബന്ധങ്ങള്‍ക്കു വഴിതെളിക്കുന്ന പ്രദര്‍ശനമായിരിക്കും ഈ പുരാവസ്തു പ്രദര്‍ശനമെന്ന് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. പുരാവസ്തു ഗവേഷണം, ശാസ്ത്ര ഗവേഷണം, മാനുഷിക വിഭവ വികസനം എന്നീ മേഖലകളില്‍ മികച്ച സര്‍വകലാശാലകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൗദി പൗരന്‍മാര്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയും സൗദിയും സംയുക്തമായി ശേഖരിച്ച പുരാവസ്തുക്കളും ഈ മേളയില്‍ പ്രദര്‍ശനത്തിനായി അണിനിരത്തിയിട്ടുണ്ട്.

ചൈനീസ് ചരിത്രത്തിന്റെ നാള്‍വഴികളെ അഞ്ച് ഘട്ടങ്ങളായി തിരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. നാഗരികതയുടെ തുടക്കവും ആചാരാനുഷ്ഠാനങ്ങളും വിശദമാക്കുന്ന ഘട്ടമാണ് ആദ്യത്തേത്. ചൈന ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഏകീകരണവും വികസനം, സമൃദ്ധി- വൈവിധ്യമാര്‍ന്ന ആശയവിനിമയം, സമുദ്ര കച്ചവട വ്യാപാരം, കല-സാമ്രജ്യത്വ ശാക്തീകരണം എന്നിവയാണ് മറ്റു ഘട്ടങ്ങള്‍. രണ്ടു വര്‍ഷം മുമ്പ് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിംഗിന്റെ സൗദി സന്ദര്‍ശനവേളയില്‍ പുരാവസ്തു മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

Comments

comments

Categories: Arabia
Tags: Riyadh Expo