മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കമ്മീഷന്‍ 12.5 % വര്‍ധിപ്പിച്ച് പെട്രോനെറ്റ്

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കമ്മീഷന്‍ 12.5 % വര്‍ധിപ്പിച്ച് പെട്രോനെറ്റ്

കമ്പനി സിഇഒ പ്രഭാത് സിംഗിന്റെ കമ്മീഷന്‍ 22.50 ലക്ഷം രൂപ; 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 30,599 കോടി രൂപ വിറ്റുവരവും 2,078 കോടി രൂപ അറ്റാദായവും

 

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക ഇറക്കുമതി കമ്പനിയായ പെട്രോനെറ്റ് എല്‍എന്‍ജി 2018 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചീഫ് എക്‌സിക്യൂട്ടീവിനും കമ്പനി ഡയറക്റ്റര്‍മാര്‍ക്കും ലാഭത്തിന്മേല്‍ നല്‍കിയത് 12.5 ശതമാനം അധികം കമ്മീഷന്‍. കമ്പനി സിഇഒ പ്രഭാത് സിംഗിന് 22.50 ലക്ഷം രൂപയാണ് കമ്മീഷനായി നല്‍കിയതെന്ന് 2017-18ലെ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപയായിരുന്നു കമ്മീഷനായി അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

കമ്മീഷനോട് കൂടി 2017-18ലെ പ്രഭാത് സിംഗിന്റെ മൊത്തം പ്രതിഫലം 1.16 കോടി രൂപയായി. തൊട്ടു മുന്‍പത്തെ വര്‍ഷത്തില്‍ 1.08 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ മൊത്തം പ്രതിഫലം. എ കെ മിശ്ര, സുശില്‍ കുമാര്‍ ഗുപ്ത, ജ്യോതി കിരണ്‍ ശുക്ല എന്നീ മൂന്ന് സ്വതന്ത്ര ഡയറക്റ്റര്‍മാര്‍ക്ക് 3.14-8.5 ലക്ഷം രൂപവരെ കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. അതേസമയം പെട്രോനെറ്റ് ഡയറക്റ്റര്‍ (ടെക്‌നിക്കല്‍) രാജേന്ദര്‍ സിംഗിന് രണ്ട് വര്‍ഷങ്ങളിലും സമാനമായ കമ്മീഷനാണ് ലഭിച്ചത്. ചീഫ് എക്‌സിക്യൂട്ടീവിന് നല്‍കിയ പ്രതിഫലവും കമ്പനി ജീവനക്കാരുടെ ശരാശരി വേതനവും തമ്മിലുള്ള അനുപാതം 9.4:1 ആണെന്ന് 2017-18 ലെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ 30,599 കോടി രൂപയുടെ വിറ്റുവരവില്‍ നിന്ന് 2,078 കോടി രൂപയാണ് അറ്റാദായമായി പെട്രോനെറ്റ് നേടിയത്. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തില്‍ 24,616 കോടി രൂപ വിറ്റുവരവില്‍ നിന്ന് 1,706 കോടി രൂപയാണ് അറ്റ ലാഭമായി ലഭിച്ചിരുന്നത്. ദക്ഷിണ ആന്‍ഡമാനില്‍ ഗ്യാസ് അധിഷ്ഠിത പവര്‍ പ്ലാന്റും ടെര്‍മിനലും സ്ഥാപിക്കുന്നതിന് കമ്പനി ധാരണാപത്ത്രില്‍ ഒപ്പിട്ടിട്ടുണ്ടെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുതുബ്ദിയ ദ്വീപില്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് ബംഗ്ലാദേശിലെ പെട്രോബംഗ്ലയുമായി ചേര്‍ന്ന് ഒരു ധാരണാപത്രത്തിലും കമ്പനി ഒപ്പിട്ടിട്ടുണ്ട്. കൂടാതെ ശ്രീലങ്കന്‍ മേഖലയില്‍ എല്‍എന്‍ജി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ശ്രീലങ്കന്‍ അധികൃതരുമായും കരാറിലെത്തിയിട്ടുണ്ട്.

ദ്രവീകൃത പ്രകൃതി വാതക ഇറക്കുമതിക്കായി ഗുജറാത്തിലെ ദഹേജിലും കൊച്ചിയിലുമായി രണ്ട് ടെര്‍മിനലുകളാണ് കമ്പനി പ്രവര്‍ത്തിപ്പിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡ്, ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ് എന്നിവക്ക് 12.5 ശതമാനം വീതം ഓഹരി പങ്കാളിത്തമാണ് പെട്രോനെറ്റിലുള്ളത്.

Comments

comments

Categories: FK News
Tags: Petronet