മല്യയുടെ ആരോപണത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ കലഹം

മല്യയുടെ ആരോപണത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ കലഹം

2014 ന് ശേഷം വിജയ് മല്യയെ കണ്ടിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി; പ്രതിപക്ഷ ആരോപണങ്ങള്‍ ദുഷ്ടലാക്കോടെയെന്ന് ബിജെപി; സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡെല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യ പൊട്ടിച്ച ആരോപണ ബോംബിന്റെ ആഘാതത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം. ഇന്ത്യ വിടുന്നതിന് മുന്‍പ് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയെ പാര്‍ലമെന്റില്‍ കണ്ടിരുന്നെന്നും വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിന് പരിഹാരം കാണാന്‍ തയാറാണെന്ന് അറിയിച്ചിരുന്നെന്നുമുള്ള മല്യയുടെ വെളിപ്പെടുത്തലാണ് രൂക്ഷമായ വാദപ്രതിവാദത്തിന് കാരണമായിരിക്കുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെയും സര്‍ക്കാരിനെയും കടന്നാക്രമിച്ചാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം ആരോപണങ്ങളെ പ്രതിരോധിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, 2014 ന് ശേഷം താന്‍ മല്യക്ക് കൂടിക്കാഴ്ചക്കുള്ള ഒരവസരവും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. മല്യ തന്നെ കണ്ടോ എന്ന ചോദ്യത്തിന് അര്‍ത്ഥമില്ലെന്നും ഫേസ്ബുക്ക് ബ്ലോഗില്‍ അദ്ദേഹം എഴുതി. മല്യയുടെ അവകാസ വാദങ്ങള്‍ കളവാണെന്നും വസ്തുതാപരമായി നിലനില്‍ക്കുന്നതല്ലെന്നും ജയ്റ്റ്‌ലി വ്യക്തമാക്കുന്നു. അതേസമയം രാജ്യസഭാ എംപിയെന്ന അധികാരം ദുരുപയോഗം ചെയ്ത് തന്നോട് സംസാരിക്കാന്‍ മല്യ ശ്രമിച്ചിരുന്നെന്ന് ധനമന്ത്രി സ്ഥിരീകരിക്കുന്നുണ്ട്. ‘പാര്‍ലമെന്റില്‍ നിന്നിറങ്ങി എന്റെ മുറിയിലേക്ക് പോകും വഴി ഒരു തവണ രാജ്യസഭാംഗമെന്ന ആനുകൂല്യം മുതലെടുത്ത് മല്യ എന്നോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അതിവേഗം നടന്ന് എന്റെ ഒപ്പമെത്താന്‍ അയാള്‍ ശ്രമിച്ചു. ഒരു ഒത്തുതീര്‍പ്പ് വാഗ്ദാനം ഞാന്‍ മുന്നോട്ട് വെക്കുന്നു എന്നാണ് ഇതിനിടെ പറഞ്ഞത്. മല്യയുടെ കബളിപ്പിക്കല്‍ വാഗ്ദാനങ്ങളെ പറ്റി ധാരാളം കേട്ടിട്ടുള്ളതിനാല്‍ ആ സംസാരം മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിച്ചില്ല. എനിക്ക് വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ കാര്യമില്ലെന്നും വായ്പ നല്‍കിയ ബാങ്കുകളോട് അക്കാര്യം സംസാരിക്കാനും പറഞ്ഞ് അവസാനിപ്പിച്ചു,’ ജയ്റ്റ്‌ലി വ്യക്തമാക്കി.

അതേസമയം മല്യയുടെ വെളിപ്പെടുത്തലിനെ പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജി വെക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 2016 മാര്‍ച്ച് ഒന്നിന് ജയ്റ്റ്‌ലിയും മല്യയും രഹസ്യ സംഭാഷണം നടത്തുന്നത് താന്‍ കണ്ടിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് പി എല്‍ പുനിയ അവകാശപ്പെട്ടു. ഇതിന് പിറ്റേന്നാണ് മല്യ വിദേശത്തേക്ക് കടന്നത്. പാര്‍ലമെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും പൂനിയ ആവശ്യപ്പെട്ടു. മല്യയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും അന്വേഷണം വേണമെന്നും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സമ്പത്തും തട്ടിയെടുത്ത് രക്ഷപെടാന്‍ വമ്പന്‍ തട്ടിപ്പുകാരെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

പ്രതിപക്ഷ ആരോപണങ്ങള്‍ ദുഷ്ടലാക്കോടെയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. കിംഗ്ഫിഷര്‍ വിമാനക്കമ്പനിയുടെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമാണെന്ന് ബിജെപി വക്താവ് സംപിത് പാത്ര ആരോപിച്ചു. ബിസിനസ് ക്ലാസ് യാത്രകളും സൗജന്യ ടിക്കറ്റുകളും രാഹുല്‍ ഗാന്ധിക്കും കുടുംബത്തിനും കിംഗ്ഫിഷര്‍ കമ്പനി നല്‍കിയിരുന്നെന്നതിന് തെളിവുകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭാ എംപിയെന്ന പദവി ദുരുപയോഗം ചെയ്താണ് മല്യ, ജെയ്റ്റ്‌ലിയെ സമീപിച്ചതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കുറ്റപ്പെടുത്തി. വിശ്വാസയോഗ്യനല്ലാത്ത ഒരു വ്യക്തിയുടെ ആരോപണങ്ങളില്‍ പിടിച്ച് വിമര്‍ശനം ഉന്നയിക്കുന്നവരും തട്ടിപ്പുകാരനും തമ്മിലുള്ള ബന്ധം മനസിലാവുന്നുണ്ടെന്നും പ്രധാന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിന് പിന്നാലെ മല്യ നടത്തിയ പ്രസ്താവന സംശയാസ്പദമാണെന്ന് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.

Comments

comments

Categories: Current Affairs
Tags: Vijay Mallya