മഹീന്ദ്രയ്‌ക്കെതിരായ എഫ്‌സിഎ പരാതി യുഎസ് ഏജന്‍സി അന്വേഷിക്കും

മഹീന്ദ്രയ്‌ക്കെതിരായ എഫ്‌സിഎ പരാതി യുഎസ് ഏജന്‍സി അന്വേഷിക്കും

റോക്‌സോര്‍ വാഹനത്തിനെതിരായ പരാതി യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷിക്കും

മിഷിഗണ്‍ : മഹീന്ദ്ര റോക്‌സോര്‍ ഓഫ് റോഡ് യൂട്ടിലിറ്റി വാഹനത്തിനെതിരായ എഫ്‌സിഎ പരാതി അന്വേഷിക്കുമെന്ന് യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (ഐടിസി). ജീപ്പ് ഡിസൈന്‍ സംബന്ധിച്ച ബൗദ്ധിക സ്വത്തവകാശം മഹീന്ദ്ര ലംഘിച്ചെന്നാണ് എഫ്‌സിഎ (ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സ്) ആരോപിക്കുന്നത്. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ റോക്‌സോര്‍ വാഹനത്തിനെതിരെ പേറ്റന്റ് സംബന്ധമായ അന്വേഷണം ആരംഭിച്ചതായി ഐടിസി പ്രസ്താവനയില്‍ അറിയിച്ചു. ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന് കീഴിലെ ബ്രാന്‍ഡാണ് ജീപ്പ്.

ചില മോട്ടോര്‍ വാഹനങ്ങളും വാഹനഘടകങ്ങളും യുഎസ്സിലേക്ക് ഇറക്കുമതി ചെയ്ത് വില്‍ക്കുന്നതിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നതെന്ന് ഐടിസി വ്യക്തമാക്കി. ഈ വാഹനങ്ങള്‍ തങ്ങളുടെ ട്രേഡ്മാര്‍ക്കുകള്‍ ലംഘിച്ചെന്നാണ് ഫിയറ്റ് ക്രൈസ്‌ലര്‍ ആരോപിക്കുന്നത്. 45 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഏജന്‍സി അറിയിച്ചു. എന്നാല്‍ 2009 ല്‍ ക്രൈസ്‌ലര്‍ ഗ്രൂപ്പുമായി ഒപ്പുവെച്ച കരാര്‍ കൂടി പരിശോധിക്കണമെന്ന് ഐടിസി മുമ്പാകെ ആവശ്യപ്പെട്ടതായി മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക വിപണന വിഭാഗം വൈസ് പ്രസിഡന്റ് റിച്ച് ആന്‍സെല്‍ പറഞ്ഞു.

പേറ്റന്റ് ലംഘിച്ചെന്ന എഫ്‌സിഎ പരാതി അടിസ്ഥാനരഹിതമാണെന്ന് മഹീന്ദ്ര കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. മാത്രമല്ല മഹീന്ദ്രയും കമ്പനിയുടെ നോര്‍ത്ത് അമേരിക്കന്‍ യൂണിറ്റും ചേര്‍ന്ന് മിഷിഗണ്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. 2009 ല്‍ ഫിയറ്റ് ക്രൈസ്‌ലറുമായി (അന്ന് ക്രൈസ്‌ലര്‍ ഗ്രൂപ്പ്) ഒപ്പുവെച്ച ഡിസൈന്‍ കരാര്‍ അനുസരിച്ച് മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പരാതിയുമായി മുന്നോട്ടുപോകുന്നതില്‍നിന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിനെ തടയണമെന്നും മഹീന്ദ്ര വാദിക്കുന്നു.

Comments

comments

Categories: Auto
Tags: Mahindra