ടെലികോം തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്രം

ടെലികോം തര്‍ക്കങ്ങള്‍ കുറയ്ക്കാന്‍ കേന്ദ്രം

സര്‍ക്കാരും കമ്പനികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം നിയമനടപടികളില്‍ പെട്ടിരിക്കുന്നത് 80,000 കോടി രൂപ

ന്യൂഡെല്‍ഹി: ടെലികോം ഓപ്പറേറ്റര്‍മാരുമായുള്ള തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും കുറയ്ക്കുന്നതിനുള്ള പദ്ധതിയുമായി ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ്. സര്‍ക്കാരും കമ്പനികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം 80,000 കോടി രൂപയോളമാണ് നിയമനടപടികളില്‍ അകപ്പെട്ട് കുടുങ്ങിക്കിടക്കുന്നത്. മേഖലയിലെ പ്രശ്‌നങ്ങള്‍ മൂലം ലയന ഏറ്റെടുക്കലുകള്‍ക്ക് കാലതാമസം നേരിടുകയും വിദേശ നിക്ഷേപകര്‍ പിന്തിരിയുകയും ചെയ്യുന്നുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. നികുതി ഏകീകരണം, ചില കേസുകളുടെ പരിഹാരം, ചെറിയ ലംഘനങ്ങള്‍ക്ക് മേലുള്ള ഇളവുകള്‍ മുതലായവ പുതിയ ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നു.

ഇക്കാര്യത്തില്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ,് സൂക്ഷ്മപരിശോധന നടത്തുന്നതിനായി തങ്ങളുടെ ശുപാര്‍ശകള്‍ ടെലികോം വകുപ്പ് നിയമ മന്ത്രാലയത്തിന് അയക്കും. പിഴ, പലിശ എന്നിവയെല്ലാമായി ബന്ധപ്പെട്ടുള്ള നിയമ പോരാട്ടങ്ങള്‍ മൂലമാണ് 80,000 കോടിയോളം രൂപ സര്‍ക്കാരിന് ലഭിക്കാനുള്ളത്. എല്ലാ ടെലികോം നികുതികളും ഒറ്റ നിരക്കിലേക്ക് ഏകീകരിച്ച് ചരക്ക് സേവന നികുതിയുടെ കീഴിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ചുള്ള ശുപാര്‍ശകളാണ് പ്രധാനമായുള്ളത്. ഏറെ നാളുകളായി തര്‍ക്കത്തിലുള്ള കേസുകള്‍ പിന്‍വലിക്കാനോ ഒത്തുതീര്‍പ്പാക്കാനോ ഉള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്.

ലൈസന്‍സ് ഫീസുകള്‍, സ്‌പെക്ട്രം ഉപയോഗ നിരക്കുകള്‍, ഒറ്റത്തവണ സ്‌പെക്ട്രം നിരക്ക് തുടങ്ങിയ വിവിധ നികുതി നിരക്കുകള്‍ സംബന്ധിച്ചാണ് കൂടുതല്‍ തര്‍ക്കങ്ങളുമുള്ളത്. ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ നിരക്കുകള്‍ എന്നിവയില്‍ തുകയുടെ ഭൂരിഭാഗവും വാര്‍ഷിക ക്രമീകൃത മൊത്ത വരുമാനത്തെ (എജിആര്‍) അടിസ്ഥാനമാക്കിയാണ്. കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത് സംബന്ധിച്ച എല്ലാ നികുതികളും കോടതി കയറുന്നു.

എജിആറിന്റെ നിര്‍വചനത്തില്‍ വ്യക്തത വരുത്തുന്ന കാര്യം സര്‍ക്കാരും പരിഗണിച്ച് വരികയാണ്. കെട്ടിക്കിടക്കുന്ന നിരവധി കേസുകള്‍ പരിഹരിക്കപ്പെടുന്നതിന് എജിആറിന് ഉചിതമായ നിര്‍വചനം നല്‍കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹയും അടുത്തിടെ പറഞ്ഞിരുന്നു. തര്‍ക്കങ്ങളെ തുടര്‍ന്ന് ലയന ഏറ്റെടുക്കലുകളിലുണ്ടായ കാലതാമസത്തിനും, ബാലന്‍സ് ഷീറ്റിലെ ഇടിവിനും, വിദേശ ഫണ്ടുകളുടെ പിന്മാറ്റത്തിനും പരിഹാരം കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷ ടെലികോം ഓപ്പറേറ്റര്‍മാരും വെച്ചുപുലര്‍ത്തുന്നുണ്ട്.

സ്‌പെക്ട്രം ഉപയോഗ നിരക്ക് സബന്ധിച്ച കേസില്‍ മാത്രം കുരുങ്ങിക്കിടക്കുന്നത് 25,000 കോടിയോളം രൂപയാണ്. ഈ തുക ജൂണിന് മുമ്പായി അടച്ച് തീര്‍ക്കണമെന്ന് ചൂണ്ടിക്കാട്ടി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ടെലികോം കമ്പനികള്‍ക്ക് കത്തയച്ചിരുന്നു. ഭാരതി എയര്‍ടെല്‍ 8,243.85 കോടി രൂപയും റിലയന്‍സ് ജിയോ ഇന്‍ഫോകോം 116.51 കോടി രൂപയും, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും അതിന്റെ ഉപകമ്പനിയായ റിലയന്‍സ് ടെലികോമും യഥാക്രമം 2,594.45 കോടിയും, 519.32 കോടി രൂപയുമാണ് ഈ ഇനത്തില്‍ സര്‍ക്കാരിലേക്ക് നല്‍കാനുള്ളത്.

Comments

comments

Categories: Top Stories
Tags: telecom