ടിയാഗോ ജെടിപി ഉത്സവ നാളുകളില്‍ പുറത്തിറക്കും

ടിയാഗോ ജെടിപി ഉത്സവ നാളുകളില്‍ പുറത്തിറക്കും

ജയം ഓട്ടോമോട്ടീവ്‌സുമായി സഹകരിച്ചാണ് പെര്‍ഫോമന്‍സ് വേര്‍ഷന്‍ വികസിപ്പിച്ചത്

ന്യൂഡെല്‍ഹി : ടാറ്റ ടിയാഗോ ജെടിപി എഡിഷന്‍ അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും. ടിയാഗോയുടെയും ടിഗോറിന്റെയും ജെടിപി എഡിഷന്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ അനാവരണം ചെയ്തിരുന്നു. ടാറ്റ നിരയില്‍ പെര്‍ഫോമന്‍സ് മോഡലുകള്‍ ഇല്ലെന്ന പരാതിയാണ് ഇതോടെ ഇല്ലാതാകുന്നത്. ഉല്‍സവ സീസണില്‍ കാര്‍ പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്‌സ് തീരുമാനം. കോയമ്പത്തൂര്‍ ആസ്ഥാനമായ ജയം ഓട്ടോമോട്ടീവ്‌സുമായി സഹകരിച്ചാണ് കാറുകളുടെ പെര്‍ഫോമന്‍സ് പതിപ്പ് വികസിപ്പിച്ചത്.

ഈ വര്‍ഷത്തെ ഉല്‍സവ സീസണില്‍ പുറത്തിറക്കാനുദ്ദേശിക്കുന്ന നാല് പുതിയ ഉല്‍പ്പന്നങ്ങളിലൊന്നാണ് ടിയാഗോ ജെടിപി എഡിഷനെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീക് പറഞ്ഞു. സബ്‌കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഈയിടെ നെക്‌സോണ്‍ ക്രേസ് പുറത്തിറക്കിയിരുന്നു. പുതിയ ഫീച്ചറുകളും കൂടുതല്‍ റഗ്ഗ്ഡ് സ്വഭാവവും നല്‍കി ടിയാഗോ എന്‍ആര്‍ജി ക്രോസ്-ഹാച്ച്ബാക്ക് കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിച്ചത്.

കൂടുതല്‍ സ്‌പോര്‍ടിയായ ബംപറുകള്‍, വലിയ എയര്‍ ഇന്‍ടേക്കുകള്‍, പുതിയ ഫോഗ് ലാംപ് ഹൗസിംഗ്, കറുപ്പ് നിറത്തിലുള്ള ഹെഡ്‌ലാംപുകള്‍, കറുത്ത ഗ്രില്‍, ഗ്രില്ലില്‍ ജെടിപി ബാഡ്ജ് എന്നിവ ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി പതിപ്പുകളുടെ പ്രീ-പ്രൊഡക്ഷന്‍ മോഡലില്‍ കണ്ടിരുന്നു. 15 ഇഞ്ച് അലോയ് വീലുകളിലാണ് ഇരു കാറുകളും വരുന്നത്. സൈഡ് സ്‌കര്‍ട്ടുകളും ചുവന്ന ഔട്ട്‌സൈഡ് റിയര്‍ വ്യൂ മിററുകളും നല്‍കി. ടിയാഗോ ജെടിപി എഡിഷനില്‍ ഡിഫ്യൂസര്‍, ബ്ലാക്ക് റൂഫ് സ്‌പോയ്‌ലര്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍ എന്നിവ കൂടി നല്‍കിയതോടെ ലുക്ക് പൂര്‍ത്തിയായി.

തുകല്‍ സീറ്റുകളും അതില്‍ ചുവന്ന തുന്നലുകളുമാണ് കാറുകളുടെ ഇന്റീരിയര്‍ പ്രത്യേകത. അലുമിനിയം പെഡലുകളും 8 സ്പീക്കര്‍ ഹര്‍മാന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റവും നല്‍കിയിരിക്കുന്നു. ടിയാഗോ ജെടിപി, ടിഗോര്‍ ജെടിപി വേര്‍ഷനുകള്‍ ഒരുമിച്ച് പുറത്തിറക്കുമോയെന്ന് വ്യക്തമല്ല. സ്റ്റാന്‍ഡേഡ് വേര്‍ഷനുകളുടെ അതേ അളവുകളില്‍ തന്നെയാണ് ജെടിപി എഡിഷനുകള്‍ വരുന്നത്. എന്നാല്‍ ഗ്രൗണ്ട് ക്ലിയറന്‍സ് 161 മില്ലി മീറ്ററായി കുറച്ചിരിക്കുന്നു. സ്റ്റാന്‍ഡേഡ് മോഡലുകളേക്കാള്‍ 9 എംഎം കുറവ്. പ്രീ-പ്രൊഡക്ഷന്‍ വേര്‍ഷനുകളുടെ കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്.

1.2 ലിറ്റര്‍, 3 സിലിണ്ടര്‍ റെവോട്രോണ്‍ പെട്രോള്‍ മോട്ടോര്‍ 5,000 ആര്‍പിഎമ്മില്‍ 109 ബിഎച്ച്പി പരമാവധി കരുത്തും 2000-4000 ആര്‍പിഎമ്മില്‍ 150 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഗിയര്‍ അനുപാതം മെച്ചപ്പെടുത്തിയിരിക്കുന്നു. ജെടിപി പതിപ്പുകള്‍ക്ക് പരിഷ്‌കരിച്ച സസ്‌പെന്‍ഷന്‍ സംവിധാനവും നല്‍കി. ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച അതേ പാക്കേജില്‍ പ്രൊഡക്ഷന്‍ സ്‌പെക് ടിയാഗോ ജെടിപി എഡിഷന്‍ വരുമെന്ന് പ്രതീക്ഷിക്കാം. ഏകദേശം ആറ് ലക്ഷം രൂപയായിരിക്കും എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto
Tags: tata Tiago