രണ്ടാം നിര-മൂന്നാം നിര നഗരങ്ങളില്‍ ശ്രദ്ധയൂന്നി സ്മാര്‍ട്ട് സിറ്റി മിഷന്‍

രണ്ടാം നിര-മൂന്നാം നിര നഗരങ്ങളില്‍ ശ്രദ്ധയൂന്നി സ്മാര്‍ട്ട് സിറ്റി മിഷന്‍

സുസ്ഥിര നഗര വികസനത്തിന്റെ മാതൃകകളായി കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുന്‍പ് അവതരിപ്പിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി രാജ്യത്തെ 99 നഗരങ്ങളില്‍ പുരോഗമിക്കുകയാണ്. വന്‍ നഗരങ്ങളില്‍ അടിസ്ഥാന സൗകര്യ ലഭ്യതയുടെ കുറവ് മൂലം പദ്ധതി ഇഴഞ്ഞു നീങ്ങുമ്പോള്‍, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ വികസനത്തിന്റെ വസന്തമാണ് ദൃശ്യമാകുന്നത്. ഭൂമിയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ അനായാസം ലഭ്യമാണെന്നതും ജനപ്പെരുപ്പത്തിന്റെ പ്രശ്‌നങ്ങള്‍ കാര്യമായി ബാധിച്ചിട്ടില്ലെന്നതും ഈ നഗരങ്ങള്‍ക്ക് നേട്ടമായിരിക്കുന്നു

.

സന്തോഷ് കുമാര്‍

 

ഏറെക്കാലമായി റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പര്‍മാരും നിക്ഷേപകരും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് മെട്രോ നഗരങ്ങളിലും ഒന്നാം നിര നഗരങ്ങളിലും മാത്രമായിരുന്നു. ലാഭം തിരിച്ച് പിടിക്കുന്നതിനും വില്‍പ്പനയ്ക്കും ഏറ്റവും സുരക്ഷിതമായ കേന്ദ്രങ്ങളായാണ് ഇവ പരിഗണിക്കപ്പെട്ടിരുന്നത്. എല്ലാത്തിനുപരി ആ നഗരങ്ങളാണ് ഏറ്റവുമധികം തൊഴിലവസരങ്ങളും ആഭ്യന്തര കുടിയേറ്റങ്ങളും സൃഷ്ടിച്ചിരുന്നത്. തല്‍ഫലമായി, രാജ്യത്തെമ്പാടുമുള്ള മെട്രോ നഗരങ്ങളും ഒന്നാം നിര നഗരങ്ങളും വന്‍തോതിലുള്ള ജനപ്പെരുപ്പത്തിന്റെ സമ്മര്‍ദ്ദം അഭിമുഖീകരിക്കുകയാണിപ്പോള്‍. മികച്ച ജീവിത നിലവാരവും മെച്ചപ്പെട്ട വരുമാനവും ലക്ഷ്യമിട്ടുള്ള നഗര കുടിയേറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. പൗരന്‍മാര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തീര്‍ത്തും പരിമിതമായിത്തീര്‍ന്നിരിക്കുന്നു.

2015 ല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയിലൂടെ ഗതാഗതം, ഊര്‍ജ വിതരണം, പൊതുഭരണം, നഗര ളിലെ അടിസ്ഥാന സൗകര്യ സേവനങ്ങള്‍, ജീവിതത്തിന്റെ എല്ലാ തരത്തിലുമുള്ള ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട് നഗര പ്രദേശങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യമാണ് മുന്നോട്ട് വെച്ചിരുന്നത്.
മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ ഈ ദൗത്യത്തിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും സ്മാര്‍ട്ട് നഗരങ്ങളായി ഇന്ത്യയുടെ ഒന്നാം നിര നഗരങ്ങളെ പുനര്‍ നിര്‍മിക്കുന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ഒന്നാം നിര നഗരങ്ങളൊക്കെ പരമാവധി വളര്‍ന്നു കഴിഞ്ഞു എന്നതാണ് ഇതിന് കാരണം.

രണ്ടാം നിര-മൂന്നാം നിര നഗരങ്ങളുടെ തിരിച്ചു വരവ്

ഒന്നാം നിര നഗരങ്ങള്‍ നേരിടുന്ന പ്രതിസന്ധി മൂലം കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് ആവശ്യകതകളും വിതരണവും രാജ്യത്തിന്റെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ തുടങ്ങിയിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 104 രണ്ടാം നിര നഗരങ്ങളും മൂന്നാം നിര, നാലാം നിര വിഭാഗത്തില്‍ 331 നഗരങ്ങളുമാകും രാജ്യത്തുണ്ടാകുകയെന്നാണ് കണക്കാക്കുന്നത്. ഇതേകാലയളവില്‍ ഒന്നാം നിര നഗരങ്ങളുടെ എണ്ണം 155 ആയിരിക്കും.രണ്ടാം നിര, മൂന്നാം നിര, നാലാം നിര നഗരങ്ങളുടെ ശക്തമായ ഭാവി വളര്‍ച്ചയാണ് ഇത് സൂചിപ്പിക്കുന്നത്. നിരവധി രണ്ടാം നിര മൂന്നാം നിര നഗരങ്ങള്‍ ഇപ്പോള്‍ ശക്തമായ പുനരുദ്ധാരണത്തിന് വേദിയായിക്കൊണ്ടിരിക്കുകയാണ്.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതും അടിസ്ഥാനസൗകര്യ വികസനവുമാണ് പുനരുദ്ധാരണത്തിന് ആക്കം കൂട്ടുന്ന രണ്ട് പ്രധാന ഘടകങ്ങള്‍. വലിയ നഗരങ്ങളിലേക്ക് കുടിയേറ്റത്തെ വഴിതിരിച്ച് വിടാന്‍ പ്രധാന പങ്ക് വഹിച്ചതും ഇതേ ഘടകങ്ങള്‍ തന്നെയാണ്.

കുറഞ്ഞ ജീവിത ചെലവിനൊപ്പം റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ താഴ്ന്ന വിലയും ഈ ചെറിയ നഗരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രധാനപ്പെട്ട നേട്ടങ്ങളാണ്. രാജ്യമെമ്പാടും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ഏകീകൃതമായ വികസനത്തിന് ഡെവലപ്പര്‍മാരുടേയും നിക്ഷേപകരുടേയും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. കൂടാതെ മെട്രോ നഗരങ്ങളുടേയും ഒന്നാം നിര നഗരങ്ങളുടേയും അമിത സമ്മര്‍ദ്ദവും ഇതുവഴി ലഘൂകരിക്കപ്പെടുന്നു.

ഇഴയുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി

ചെറിയ നഗരങ്ങളില്‍ ഉണ്ടായിരിക്കുന്ന ഈ റിയല്‍ എസ്‌റ്റേറ്റ് മുന്നേറ്റത്തിന് പ്രധാന കാരണങ്ങളിലൊന്ന് കേന്ദ്ര സര്‍ക്കാരിന്റ സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റി പരിപാടിയില്‍ അവയെ ഉള്‍പ്പെടുത്തി എന്നതാണ്. കുറഞ്ഞ പക്ഷം സൈദ്ധാന്തിക പരമായെങ്കിലും റിയല്‍ എസ്റ്റേറ്റ് വിപണിക്ക് ഇത് ശുഭസൂചന നല്‍കുന്നുണ്ട്. പല വമ്പന്‍ നഗരങ്ങളും സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ടെങ്കിലും വാസ്തവത്തില്‍ എല്ലാതരത്തിലുമുള്ള ദൃശ്യമായ പുരോഗതി കാണിക്കാന്‍ സാധിച്ചത് ചെറു നഗരങ്ങള്‍ക്കാണ്.

ആരംഭകാലത്ത് പ്രതീക്ഷിച്ചത് പോലെ സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ണ വിജയത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കും. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അനുവദിച്ച 9,943 കോടി രൂപയില്‍ വെറും രണ്ട് ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിക്കാനായത്. നിര്‍ദ്ദിഷ്ട പദ്ധതിയുടെ അഞ്ച് ശതമാനം മാത്രമേ പൂര്‍ത്തിയാ്ക്കാനായിട്ടുള്ളൂ. 2020 ആകുമ്പോഴേക്കും സ്മാര്‍ട്ട് സിറ്റികളുടെ പൂര്‍ണ വികസനം യാഥാര്‍ത്ഥ്യമാകുമോ എന്നതാണ് ഇത് ഉയര്‍ത്തുന്ന ചോദ്യം.

ഈ പദ്ധതികളുടെ ദ്രുതഗതിയിലുള്ള വികാസനത്തെ തടസപ്പെടുത്തുന്ന നിരവധി ‘കുപ്പിക്കഴുത്തുകള്‍’ ഉണ്ടെന്നതാണ് വാസ്തവം. വികസിത രാജ്യങ്ങളില്‍ ഇത്തരം പദ്ധതികള്‍ വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നുണ്ട്. ഭൂമി ഏറ്റെടുക്കലടക്കമുള്ള വിഷയങ്ങളാണ് രാജ്യത്ത് വികസന പദ്ധതികളെ പുറകോട്ടടിക്കുന്നതെന്ന് നിസ്സംശയം പറയാനാകും. എന്നിരുന്നാലും ഇത്തരം പദ്ധതികളെ പിന്തുണക്കാനും നടപ്പാക്കാനുമുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും നിര്‍ണ്ണായക ഘടകമാണ്.

ഒരു സ്മാര്‍ട്ട് സിറ്റി ആവാസ വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണ് സ്മാര്‍ട്ട് പൗരന്മാര്‍. അന്തിമ ഉപഭോക്താക്കളുടെ തലത്തില്‍ മാത്രം ഒതുങ്ങാതെ സര്‍ക്കാര്‍ സംരംഭങ്ങളില്‍ കൂടുതല്‍ സജീവമായ പങ്കാളിത്തം വഹിക്കുന്ന പൗരന്‍മാരുടെ സാന്നിധ്യം രാജ്യത്തെ സ്മാര്‍ട്ട് സിറ്റി വികസനത്തില്‍ സുപ്രധാന ചുവടുവെപ്പാകും.

രണ്ടാം നിര, മൂന്നാം നിര സ്മാര്‍ട്ട് സിറ്റികളുടെ നേട്ടങ്ങള്‍

സ്മാര്‍ട്ട് സിറ്റി ഭൂപടത്തില്‍ അതിവേഗ പുരോഗതി പ്രകടപ്പിച്ചത് രണ്ടാം നിര മൂന്നാം നിര നഗരങ്ങളാണെന്നത് താല്‍പര്യമുണര്‍ത്തുന്ന സ്ഥിതിവിശേഷം തന്നെയാണ്. ഇതിന് നിരവധി കാരണങ്ങളുണ്ട്;

ഈ നഗരങ്ങള്‍ക്ക് കൂടുതലും നേടാനാണ് ഉള്ളത്. മാറ്റങ്ങളോടുള്ള ചെറുത്തു നില്‍പ്പ് പോലെയുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന അവസരങ്ങളും വളരെ കുറവാണ്. നഗരവല്‍ക്കരണത്തിന്റെ അതിസാന്ദ്രത പോലെയുള്ള ദോഷങ്ങള്‍ കുറവാണ്. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതില്‍ കാര്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല തുടങ്ങിയവയാണ് ഈ മുന്നേറ്റത്തിന് കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രാദേശികമായി പ്രകടിപ്പിക്കപ്പെട്ട ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയും ഈ നേട്ടങ്ങള്‍ക്ക് കരുത്തായി മാറി.

കേന്ദ്ര നഗര വികസന മന്ത്രാലയം അടുത്തിടെ പുറത്തുവിട്ട സ്മാര്‍ട്ട് സിറ്റി റാങ്കിംഗും ഇത് സംബന്ധിച്ച സൂചനകള്‍ തന്നെയാണ് നല്‍കുന്നത്. രണ്ടാം നിര സ്മാര്‍ട്ട് സിറ്റികളായ നാഗ്പൂര്‍ (സ്‌കോര്‍ 259.96), വഡോദര (195.31), അഹമ്മദാബാദ് (190.59) എന്നിവ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ട്. പൂനെ, ചെന്നൈ, തുടങ്ങിയ നിരവധി ഒന്നാംകിട നഗരങ്ങളെ പിന്നിലാക്കിയാണ് ഈ രണ്ടാം നിര നഗരങ്ങള്‍ പട്ടികയുടെ തലപ്പത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച 99 സ്മാര്‍ട്ട് സിറ്റികളില്‍ 87 എണ്ണം ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. (സ്മാര്‍ട്ട് സിറ്റി മിഷന്‍ പട്ടികയിലേക്ക് അടുത്തിടെ ഉള്‍പ്പെടുത്തിയ നഗരങ്ങളാണ് ശേഷിക്കുന്ന 12 എണ്ണം. അതിനാല്‍ തന്നെ ഇവയുടെ പുരോഗതി വിലയിരുത്താനായിട്ടില്ല). കഴിഞ്ഞ നാല് വര്‍ഷത്തെ പദ്ധതി നടപ്പാക്കല്‍, പണം ചെലവാക്കല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രകടനങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഈ പട്ടിക തയാറാക്കിയിരിക്കുന്നത്.

സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് കൂടുതല്‍ നേട്ടം കൊയ്യാന്‍ കഴിയുന്നത് ചെറിയ നഗരങ്ങള്‍ക്കാണെന്ന വസ്തുത അരക്കിട്ടുറപ്പിക്കുന്നതാണ് ഈ കണക്കുകളൊക്കെ തന്നെ. ഒപ്പം ശക്തവും നിര്‍ണായകവുമായ പ്രാദേശിക ഭരണകൂടത്തിന് മെട്രോ നഗരങ്ങളേക്കാള്‍ വേഗത്തില്‍ ചെറു നഗരങ്ങളില്‍ വളരെ ദ്രുത ഗതിയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിയും എന്നതും എടുത്ത് പറയേണ്ടതാണ്. തീര്‍ച്ചയായും വന്‍ നഗരങ്ങള്‍ ഇതിനകം തന്നെ അമിതമായി ജനസാന്ദ്രതയേറിയവയാണ്. അതിനാല്‍ ആവശ്യമായ സ്മാര്‍ട്ട് സിറ്റി ഘടകങ്ങള്‍ വിന്യസിക്കാന്‍ വലിയ തോതിലുള്ള തടസ്സങ്ങളും അഭിമുഖീകരിക്കേണ്ടിവരും. തല്‍സ്ഥിതി നിലനിര്‍ത്തുന്നതില്‍ രാഷ്ട്രീയ ഘടകങ്ങള്‍ക്ക് വലിയ രീതിയില്‍ പങ്കുണ്ടെന്നതും വസ്തുതയാണ്. വലിയ ചേരി പ്രദേശങ്ങളുള്ള നഗരങ്ങളില്‍ ഇത് പ്രകടമാണ്.

ചുരുക്കത്തില്‍, സ്മാര്‍ട്ട് സിറ്റികളിലേക്കുള്ള പ്രയാണ പാതയില്‍ ചെറുനഗരങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളികള്‍ കുറവായിരിക്കും. ഉദാര മനസ്‌കതയോടെ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വമ്പന്‍ ഫണ്ടില്‍ നിന്ന് മികച്ച നേട്ടമുണ്ടാക്കാന്‍ അവയ്ക്കാകും. പുരോഗമന കേന്ദ്രിതമായി പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യാഥാര്‍ഥ്യ ബോധത്തോടെയുള്ള നിക്ഷേപ പ്രവര്‍ത്തനങ്ങളും നേട്ടമാകും.

(അനറോക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിന്റെ വൈസ് ചെയര്‍മാനാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider
Tags: smartcity