ഫോണ്‍കോളുകള്‍ നിരീക്ഷിക്കാന്‍ സെബി അനുമതി തേടും

ഫോണ്‍കോളുകള്‍ നിരീക്ഷിക്കാന്‍ സെബി അനുമതി തേടും

നിലവില്‍ കോള്‍ റെക്കോര്‍ഡുകള്‍ ആവശ്യപ്പെടാനുള്ള അധികാരം മാത്രമാണ് സെബിക്കുള്ളത്

ന്യൂഡെല്‍ഹി: ഓഹരി വിപണിയിലെ അനധികൃത വ്യാപാരങ്ങളും മറ്റ് തട്ടിപ്പുകളും പരിശോധിക്കുന്നതിനായി ഫോണ്‍ കോളുകളും മറ്റ് ഇലക്ട്രോണിക് ആശയവിനിമയങ്ങളും ചോര്‍ത്തുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുമതി തേടുന്നതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഒരുങ്ങുന്നു.
നീതിപൂര്‍വമായ വിപണി നിര്‍വഹണത്തിനായി ശുപാര്‍ശകള്‍ നല്‍കാന്‍ രൂപീകരിച്ച കമ്മിറ്റി കോളുകളും മറ്റും ചോര്‍ത്താന്‍ സെബിക്ക് അധികാരം വേണമെന്ന് കഴിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു. ഇതിനായി നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തണമെന്നും ടി കെ വിശ്വനാഥന്‍ അധ്യക്ഷനായ പാനല്‍ ശപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരില്‍ നിന്നും അനുമതി തേടുന്നതിനുള്ള നീക്കങ്ങള്‍ സെബി നടത്തുന്നത്.
അടുത്തയാഴ്ച നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ മുന്‍ നിയമ സെക്രട്ടറി ടി കെ വിശ്വനാഥന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യും. പ്രോട്ടോകോള്‍ പ്രകാരം കമ്മിറ്റി ശുപാര്‍ശകള്‍ സംബന്ധിച്ച് സെബി പൊതു അഭിപ്രായം തേടിയിരുന്നു. കോളുകള്‍ ചോര്‍ത്താനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു വ്യക്തിയുടെ സ്വതന്ത്ര്യത്തിനുമേലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് ചില സംരംഭങ്ങള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഈ അധികാര പ്രയോഗത്തിനായി സെബിക്ക് സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്നും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു
നിലവില്‍ കോള്‍ റെക്കോര്‍ഡുകള്‍ ആവശ്യപ്പെടാനുള്ള അധികാരം മാത്രമാണ് സെബിക്കുള്ളത്. ഇതില്‍ വിളിക്കുന്ന നമ്പറുകളും കോള്‍ ദൈര്‍ഘ്യവുമാണ് ഉള്‍പ്പെടുന്നത്. സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഫോണ്‍ കോളുകളുടെയും ഇലക്ട്രോണിക് ആശയവിനിമയങ്ങളുടെയും ഉള്ളടക്കം അറിയാനും സാധിക്കും.
പല വിപണി വിദഗ്ധരും ഈ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കും പോലീസിനുമുള്ള കോള്‍ റെക്കോര്‍ഡിംഗ് അധികാരം റെഗുലേറ്റര്‍മാരിലേക്ക് നീട്ടുന്നതിനോട് ചിലര്‍ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. സ്വകാര്യത സംബന്ധിച്ച നിരവധി വാദപ്രതിവാദങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയത്താണ് പുതിയ നീക്കത്തിന് പാനല്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്ന് 2017 ഓഗസ്റ്റില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നു. ആധാര്‍ സ്വകാര്യതയെ ഹനിക്കുന്നതാണോ എന്നതു സംബന്ധിച്ച തര്‍ക്കം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Comments

comments

Categories: Tech
Tags: Sebi