പ്രധാനമന്ത്രിയുടെ ‘സ്വച്ഛത ഹി സേവ’ പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കും

പ്രധാനമന്ത്രിയുടെ ‘സ്വച്ഛത ഹി സേവ’ പരിപാടിയില്‍ അമൃതാനന്ദമയി പങ്കെടുക്കും

ശുചിത്വ ഭാരതം എന്ന ലക്ഷ്യത്തോടെ ഈ മാസം 15നു തുടങ്ങുന്ന ‘സ്വച്ഛത ഹി സേവട പരിപാടിയില്‍ പ്രധാനമന്ത്രിയോടൊപ്പം മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നു.

തിരുവനന്തപുരം: പരിസര ശുചീകരണം ഉറപ്പാക്കാനായി രാജ്യത്തെ ജനങ്ങളെ അണിനിരത്തുന്നതിന് ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ സെപ്തംബര്‍ 15 മുതല്‍ ഗാന്ധിജയന്തി ദിനമായ ഒക്‌ടോബര്‍ 2 വരെ നടപ്പാക്കുന്ന പ്രചാരണ പരിപാടിയാണ് സ്വച്ഛതാ ഹി സേവ. ഈ വര്‍ഷത്തെ ദേശീയതല പരിപാടിയില്‍ പ്രധാമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഭാരതത്തിലെ പതിനഞ്ചിലധികം പ്രദേശങ്ങളിലെ ജനങ്ങളുമായും വിവിധമേഖലകളിലെ ശ്രദ്ധേയമായ വ്യക്തികളുമായും സംവദിക്കും. ഈ സംവാദത്തില്‍ പങ്കെടുക്കുന്നതിനാണ് അമൃതാനന്ദമയിക്കു ക്ഷണം ലഭിച്ചിരിക്കുന്നത്.
ഭാരത്തിലെ വഴികളും തെരുവുകളും, പൊതുസ്ഥാപനങ്ങളുമെല്ലാം ശുചിത്വത്തോടെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്റെ നാലാം വാര്‍ഷികാചരണവും കൂടിയാണ് ഇത്. രാവിലെ 10.30 മുതല്‍ 11.00 വരെ നീളുന്ന പരിപാടി ദൂരദര്‍ശനിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. മാതാ അമൃതാനന്ദമയി മഠത്തിലേയും അമൃത വിദ്യാലങ്ങള്‍, ആശ്രമ ശാഖകള്‍, കാംപസുകള്‍ തുടങ്ങി മഠത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യമെമ്പാടുമുള്ള വിവിധ സ്ഥാപനങ്ങളിലെയും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പരിസര ശുചീകരണത്തിനായുള്ള മഹാശ്രമദാനത്തില്‍ പങ്കാളികളാകും.
മാതാ അമൃതാനന്ദമയീ മഠത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് പ്രകൃതി സംരക്ഷണം. 2015ല്‍ ഗംഗാശുചീകരണ പദ്ധതിയായ നമാമി ഗംഗയിലേക്ക് മഠം 100 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഗംഗാതീരത്തുള്ള വീടുകളില്‍ ശുചിമുറികള്‍ നിര്‍മിക്കുന്നതിനായാണ് ഈ പണം വിനിയോഗിക്കപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കേരളത്തിലെ പതിനായിരത്തിലധികം കുടുംബങ്ങള്‍ക്കും മഠം ശുചിമുറികള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ ബില്യണ്‍ ട്രീ കാംപെയ്‌നിന്റെ ഭാഗമായി മഠത്തിന്റെ നേതൃത്വത്തില്‍ ലോകവ്യാപകമായി ഒരു ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. 2011 ല്‍ മഠം രൂപം നല്‍കിയ അമലഭാരതം പദ്ധതിയുടെ ഭാഗമായി നഗരങ്ങള്‍, ക്ഷേത്ര മൈതാനങ്ങള്‍, നദികള്‍, ഉദ്യാനങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണയജ്ഞങ്ങള്‍ നടത്തിവരുന്നുണ്ട്. 2011 മുതല്‍ വര്‍ഷംതോറും ശബരിമല ക്ഷേത്രവും, പമ്പാനദിയും മഠത്തിന്റെ നേതൃത്വത്തില്‍ ശുചീകരിക്കുകയും ടണ്‍കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു.
മഠം ഏറ്റെടുത്തിട്ടുള്ള രാജ്യത്തെ 101 ഗ്രാമങ്ങളില്‍ മറ്റു പദ്ധതികള്‍ക്കൊപ്പം നിരവധി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഇതിനോടകം തന്നെ 16 ഗ്രാമങ്ങളെ സ്വച്ഛ് ഭാരത് അഭിയാന്റെ വെളിയിട വിസര്‍ജന മുക്ത പദവിയിലേക്ക് (ഒഡിഎഫ്) ഉയര്‍ത്താന്‍ മഠത്തിന്റെ ഈ ബോധവത്ക്കരണ പരിപാടികള്‍ സഹായിച്ചു. ഭാരത്തിലെ 5,000 ഗ്രാമങ്ങളില്‍ ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 100 കോടി ചെലവ് വരുന്ന ജീവാമൃതം എന്ന പദ്ധതിയും മഠം ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. ഒരു കോടിയിലധികം ഗ്രാമീണര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Comments

comments

Categories: FK News