പിഎന്‍ബി ഹൗസിംഗ് ഏറ്റെടുപ്പില്‍ നിന്ന് പിന്‍മാറി ബന്ധന്‍ ബാങ്ക്

പിഎന്‍ബി ഹൗസിംഗ് ഏറ്റെടുപ്പില്‍ നിന്ന് പിന്‍മാറി ബന്ധന്‍ ബാങ്ക്

പിന്‍മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല; 33 ശതമാനം ഓഹരി വില്‍പ്പനയിലൂടെ 7,000-8,000 കോടി രൂപ സമാഹരിക്കാനായിരുന്നു പിഎന്‍ബിയുടെ പദ്ധതി

കൊല്‍ക്കത്ത: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കീഴിലുള്ള പിഎന്‍ബി ഹൗസിംഗ് ഏറ്റെടുക്കുന്നതില്‍ നിന്ന് സ്വകാര്യ വായ്പാ ദാതാക്കളായ ബന്‍ധന്‍ ബാങ്ക് പിന്മാറി. പിഎന്‍ബി ഫിനാന്‍സിനെ ഏറ്റെടുത്ത് ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനായിരുന്നു ബന്ധന്‍ ബാങ്ക് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ ഈ തീരുമാനത്തില്‍ നിന്നും പിന്മാറിയ കമ്പനി ബിഡിംഗ് ഇതര ഓഫറുകള്‍ സമര്‍പ്പിച്ചില്ലെന്ന് മേഖലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള ബാങ്കിന്റെ 90 ശതമാനം പ്രവര്‍ത്തനവും മൈക്രോ ഫിനാന്‍സ് മേഖലയിലാണ്.

പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 40 ശതമാനമായി കുറയ്ക്കാന്‍ ഈ ഏറ്റെടുക്കല്‍ ബന്‍ധന്‍ ബാങ്കിന് സഹായകമാകുമായിരുന്നു. നിലവില്‍ പ്രമോട്ടര്‍മാരായ ബന്‍ധന്‍ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് 82.28 ശതമാനത്തിന്റെ പങ്കാളിത്തമാണ് ബാങ്കിലുള്ളത്.

33 ശതമാനം ഓഹരി വില്‍പ്പനയിലൂടെ 7,000-8,000 കോടി രൂപ വരെ സമാഹരിക്കാനാണ് നിഷ്‌ക്രിയാസ്തിയും വായ്പാ തട്ടിപ്പും മൂലം വലയുന്ന പിഎന്‍ബി ലക്ഷ്യമിടുന്നത്. കനേഡിയന്‍ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡും കെകെആറും പിഎന്‍ബി ഹൗസിംഗിനെ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക ഓഫര്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം നിഷ്‌ക്രിയാസ്തികള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന പൊതുമേഖലാ ബാങ്കുകളോട് അടിസ്ഥാന ബാങ്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനും മറ്റ് സേവനങ്ങളില്‍ നിന്നും പിന്മാറാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിടുണ്ട്. സ്വകാര്യ ഇക്വിറ്റി സംരംഭമായ കാര്‍ലൈന്‍ ഗ്രൂപ്പാണ് നിലവില്‍ പിഎന്‍ബിയുടെ 33 ശതമാനം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നത്. ഈ ഓഹരികളും വിറ്റഴിക്കാനുള്ള ശ്രമം നടന്ന് വരികയാണ്.

Comments

comments

Categories: Banking
Tags: PNB