പതഞ്ജലി പാലും പാലുല്‍പ്പന്നങ്ങളും അവതരിപ്പിച്ചു

പതഞ്ജലി പാലും പാലുല്‍പ്പന്നങ്ങളും അവതരിപ്പിച്ചു

കിംഭോ ആപ്പിന്റെ അവതരണം പ്രതിസന്ധിയില്‍

ന്യൂഡെല്‍ഹി: ബാബാ രംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് പാലുല്‍പ്പന്ന വിപണിയിലേക്കും ചുവടുവെച്ചു. ഇന്നലെ മുതലാണ് പാലും പാല്‍ ഉല്‍പ്പന്നങ്ങളും പതഞ്ജലി വിപണിയിലെത്തിച്ചത്. ശീതികരിച്ച പച്ചക്കറികള്‍, കടല, ഫ്രഞ്ച് ഫ്രൈ തുടങ്ങിയവയും പതഞ്ജലി അവതരിപ്പിച്ചിട്ടുണ്ട്. രാാജ്യത്തെ മുഖ്യ ക്ഷീരവ്യവസായ ശൃംഖലയായ അമുലിന് വെല്ലുവിളിയാകുന്നതാണ് പതഞ്ജലിയുടെ ഈ മേഖലയിലേക്കുള്ള കടന്നുവരവ്.
എഫ്എംസിജിയില്‍ ഇതിനകം ഇരിപ്പിടം ഉറപ്പിച്ച പതഞ്ജലി ലിറ്ററിന് 40 രൂപയ്ക്കാണ് പാല്‍ വില്‍ക്കുന്നത്. നേരത്തെ പതഞ്ജലി ഗ്രൂപ്പ് പശുവിന്‍ നെയ്യ്, പാല്‍പ്പൊടി തുടങ്ങിയവ വിപണിയിലെത്തിച്ചിരുന്നു. നിലവില്‍ അമുല്‍, മദര്‍ ഡയറി എന്നീ കമ്പനികളാണ് രാജ്യത്ത് ക്ഷീര വ്യവസായ രംഗത്തുള്ള പ്രധാനികള്‍. ചെരുപ്പ്, വസ്ത്രം തുടങ്ങിയവയുടെ നിര്‍മാണ രംഗത്തേക്കും പതഞ്ജലി ഗ്രൂപ്പ് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്.
ആദ്യഘട്ടത്തില്‍ പാല്‍, തൈര്, മോര്, പനീര്‍ തുടങ്ങിയ പാലുല്‍പ്പന്നങ്ങളുമാണ് ഡെല്‍ഹി, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര എന്നിവടങ്ങളിലെ വിപണികളിലെത്തിക്കുന്നതെന്ന് പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണ ചടങ്ങില്‍ ബാബാ രാംദേവ് അറിയിച്ചു. കൂടാതെ ‘ദിവ്യ ജല്‍’ എന്ന ബ്രാന്‍ഡില്‍ പാക്കേജ്ഡ് കുടിവെള്ളവും പതഞ്ജലി പുറത്തിറക്കുന്നുണ്ട്.
56,000 ചില്ലറവ്യാപാരികളുമായി ജോജിച്ചാണ് ഡെല്‍ഹി എന്‍സിആര്‍, രാജസ്ഥാന്‍, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ പാല്‍ വിതരണം ചെയ്യുന്നത്. 2019-20ല്‍ പത്ത് ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പതഞ്ജലി ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. കാലിത്തീറ്റ, സോളാര്‍ പാനലുകള്‍ എന്നിവയും പതഞ്ജലി ഗ്രൂപ്പ് ഇന്നലെ അവതരിപ്പിച്ചു.
അതേസമയം, വാട്‌സാപ്പിനെ വെല്ലുവിളിച്ച് പതഞ്ജലി ഗ്രൂപ്പ് പുറത്തിറക്കുമെന്ന് അറിയിച്ച കിംഭോ ആപ്പിന്റെ അവതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തേ ഒരിക്കര്‍ ആപ്പ് പുറത്തു വന്നെങ്കിലും സുരക്ഷാ വീഴ്ചകള്‍ വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെട്ടതിനു പിന്നാലെ പിന്‍വലിക്കുകയായിരുന്നു. ഓഗസ്റ്റ് 27ന്് ഔദ്യോഗികമായി വീണ്ടും കിംഭോ ആപ്പ് പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കമ്പനിക്ക് അതിന് സാധിച്ചില്ല. ആപ്പിന്റെ ഒദ്യോഗിക ലോഞ്ചിംഗ് തീയതി പിന്നീട് അറിയിക്കാമെന്നാണ് പതഞ്ജലി മാനേജിംഗ് ഡയറക്റ്റര്‍ ആചാര്യ ബാലകൃഷ്ണ അറിയിച്ചിട്ടുള്ളത്.

Comments

comments

Categories: Business & Economy