തുറന്ന സമ്പദ് വ്യവസ്ഥയുടെ അനിവാര്യത

തുറന്ന സമ്പദ് വ്യവസ്ഥയുടെ അനിവാര്യത

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഓര്‍മകള്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ലോകം അത്ര സുരക്ഷിതമായ അവസ്ഥയിലൊന്നുമല്ല എന്നത് അല്‍പ്പം ആശങ്കയുളവാക്കുന്ന കാര്യമാണ്. സ്വതന്ത്രവ്യാപാരമെന്ന പ്രത്യയശാസ്ത്രത്തില്‍ നിന്ന് വന്‍ശക്തികള്‍ പിന്നോട്ട് പോകുന്ന പ്രവണത മാറണം

2008ലെ ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയെ ആകെ പിടിച്ചുകുലുക്കി. ആഗോള തലത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച രണ്ട് ശതമാനത്തിലും താഴെ ആകുന്ന അവസ്ഥയിലാണ് മാന്ദ്യം എത്തിയെന്ന് നാം ഉറപ്പിക്കുന്നത്. ഇതിന് ആനുപാതികമായി പ്രതിശീര്‍ഷവരുമാനത്തിലും കുറവ് വരും. 2018ല്‍ ആഗോളതലത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ നിരക്ക് 1.81 ശതമാനമായാണ് കുറഞ്ഞത്. ലെഹ്മാന്‍ ബ്രദേഴ്‌സ് എന്ന ധനകാര്യഭീമന്റെ തകര്‍ച്ചയോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. അമേരിക്ക അതിന്റെ ചരിത്രത്തിലെ തന്നെ രൂക്ഷമായ സാമ്പത്തിക അനിശ്ചിതാവസ്ഥയെ നേരിട്ടു. അത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു. വികസിത രാജ്യങ്ങളെയാകെ അത് അതീവപ്രതിസന്ധിയിലാക്കി.

1930കളിലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം അമേരിക്കയെ അടിമുടി വിറപ്പിച്ച പ്രതിസന്ധിയായിരുന്നു 2008ലേത്. ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് വറുതിയുടെ പാരമ്യത്തിലേക്ക് വലിച്ചെറിയപ്പെട്ടത്. അതിലുമേറെപ്പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ബാങ്കുകളെല്ലാം പ്രതിസന്ധിയുടെ കയത്തില്‍ മുങ്ങിത്താഴ്ന്നു. യുഎസിലെ ഏറ്റവും വലിയ നാലാമത്തെ നിക്ഷേപ ബാങ്കായിരുന്നു ലെഹ്മാന്‍ ബ്രദേഴ്‌സ്. മാന്ദ്യത്തിലേക്ക് നീങ്ങിയപ്പോള്‍ 2008 സെപ്റ്റംബര്‍ 15ന് സ്ഥാപനത്തെ പാപ്പരായി പ്രഖ്യാപിച്ചു. ഓഹരിവിപണികള്‍ കടപുഴകി. വായ്പാ വിപണികള്‍ നിഴ്ചലമായി.

എന്നാല്‍ മാന്ദ്യത്തെ പക്വതയോടു കൂടി നേരിടാന്‍ അമേരിക്കയ്ക്കും ഐഎംഎഫ്, ജി20 പോലുള്ള ആഗോള കൂട്ടായ്മകള്‍ക്കും സാധിച്ചു. സംരക്ഷണവാദത്തെ മാറ്റിനിര്‍ത്തി ഉദാരമായി ചിന്തിക്കാന്‍ നേതാക്കള്‍ക്ക് ശേഷിയുള്ളതിനാല്‍ ആയിരുന്നു അത്. കൂട്ടായ്മയിലൂടെയുള്ള തിരിച്ചുവരവിലായിരുന്നു അമേരിക്ക ശ്രദ്ധ കൊടുത്തത്. അമേരിക്കയിലെ ബാങ്കുകള്‍ മൂലധനശേഷി ശക്തമാക്കി. 2008നെ അപേക്ഷിച്ച് ബാങ്കുകളുടെ മൂലധനശേഷിയിലുള്ള വര്‍ധന ഇന്ന് മികച്ചതാണ്. പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശേഷി ബാങ്കുകള്‍ കൈവരിച്ചുവെന്നാണ് അമേരിക്കയിലെ വിപണി വിദഗ്ധര്‍ ഇന്ന് പറയുന്നത്. അതേസമയം പല പ്രധാന ആഗോള ബാങ്കുകളുടെയും ആസ്തി-ജിഡിപി അനുപാതം 2008ന് മുമ്പുള്ളതിനെക്കാള്‍ കുറവാണിപ്പോള്‍ എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഷാഡോ ബാങ്കുകളിലേക്ക് അഥവാ സമാന്തര ധനകാര്യസ്ഥാപനങ്ങളിലേക്ക് പ്രതിസന്ധി വഴിമാറുന്ന പ്രവണത ഗൗരവത്തിലെടുക്കണം. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ശക്തമാണെന്നതും പ്രസക്തമാണ്.

ഇപ്പോള്‍ ഉയരേണ്ട ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇനിയൊരു ആഗോള സാമ്പത്തിക മാന്ദ്യത്തെ വേണ്ട രീതിയില്‍ അഭിമുഖീകരിക്കാനുള്ള ശേഷി ലോകത്തിനുണ്ടോയെന്നതാണ്. കുറച്ച് സങ്കീര്‍ണമാണ് കാര്യങ്ങള്‍. സ്വതന്ത്ര വ്യാപാര നയങ്ങളില്‍ നിന്ന് അതിന്റെ പതാകവാഹകരാജ്യമായ അമേരിക്ക തന്നെ പിന്‍വാങ്ങി സംരക്ഷണവാദത്തിലേക്ക് ചുരുങ്ങുമ്പോള്‍ മാന്ദ്യത്തെ നേരിടുന്നത് അത്ര എളുപ്പമല്ല. നേരത്തെ പറഞ്ഞ പോലെ കൂട്ടായ്മയ്‌ക്കൊന്നും നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വില നല്‍കുന്നില്ല. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ശക്തിപ്പെടുത്തുന്ന സ്വതന്ത്ര നയങ്ങള്‍ മുറുകെ പിടിക്കാന്‍ പ്രബലശക്തികള്‍ തയാറാകേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider
Tags: Open market