പുതിയ ഹോണ്ട സിറ്റി ഒരുങ്ങുന്നു

പുതിയ ഹോണ്ട സിറ്റി ഒരുങ്ങുന്നു

2020 ല്‍ ഹൈബ്രിഡ് വേര്‍ഷനിലും പുറത്തിറക്കിയേക്കും

ന്യൂഡെല്‍ഹി : അടുത്ത തലമുറ ഹോണ്ട സിറ്റി അണിയറയില്‍ ഒരുങ്ങുന്നു. 2020 ല്‍ കാര്‍ ഇന്ത്യയില്‍ പുറത്തിറക്കിയേക്കും. 2014 ല്‍ വിപണിയിലെത്തിച്ച നാലാം തലമുറ ഹോണ്ട സിറ്റിയാണ് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം കാര്‍ പരിഷ്‌കരിച്ചിരുന്നു. 2019 ല്‍ പുറത്തിറക്കുന്ന ഹോണ്ട സിവിക്കുമായി ധാരാളം സ്‌റ്റൈലിംഗ് സമാനതകള്‍ ഉള്ളതായിരിക്കും അഞ്ചാം തലമുറ ഹോണ്ട സിറ്റി. അല്‍പ്പം കൂടുതല്‍ പ്രീമിയം നിലവാരം പ്രതീക്ഷിക്കാം.

പെട്രോള്‍-ഹൈബ്രിഡ് പതിപ്പിലും പുതിയ ഹോണ്ട സിറ്റി വിപണിയിലെത്തിച്ചേക്കും. മിക്കവാറും മൈല്‍ഡ് ഹൈബ്രിഡ് വാഹനമായിരിക്കും. പൂര്‍ണ്ണമായും പുതിയ എന്‍ജിനുകളായിരിക്കും അഞ്ചാം തലമുറ ഹോണ്ട സിറ്റിയില്‍ നല്‍കുന്നത്. ഇതില്‍ ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡീസല്‍ മോട്ടോറും ഉള്‍പ്പെടും. ഹോണ്ട അമേസിലേതുപോലെ വരും തലമുറ ഹോണ്ട സിറ്റിയില്‍ ഡീസല്‍ സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട കൂടുതല്‍ കരുത്ത് നേടിയിട്ടുണ്ട്. ഡബ്ല്യുആര്‍-വി, അമേസ് എന്നിവയുടെ വിജയമാണ് ഹോണ്ട കാര്‍സ് ഇന്ത്യയുടെ ഉല്‍സാഹം വര്‍ധിപ്പിച്ചത്. പുതിയ ഹോണ്ട സിആര്‍-വി അടുത്ത മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഹോണ്ട സിവിക് അടുത്ത വര്‍ഷം തിരിച്ചെത്തും. ഹ്യുണ്ടായ് വെര്‍ണ, ഈയിടെ പുറത്തിറക്കിയ മാരുതി സുസുകി സിയാസ് ഫേസ്‌ലിഫ്റ്റ് എന്നിവയായിരിക്കും പുതിയ ഹോണ്ട സിറ്റിയുടെ എതിരാളികള്‍. ഇന്ത്യയില്‍ ഏറ്റവും വിജയിച്ച ഹോണ്ട കാറുകളിലൊന്നാണ് സിറ്റി.

Comments

comments

Categories: Auto
Tags: Honda city