സംവിധാനം: അനുരാഗ് കശ്യപ്
അഭിനേതാക്കള്‍: തപ്സി പന്നു, അഭിഷേക് ബച്ചന്, വിക്കി കൗശല്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 15 മിനിറ്റ്
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത പുതിയ ചിത്രമാണു മന്മര്സിയ്യന്. ഒരു പ്രണയകഥയാണു മന്മര്സിയ്യന്. അതു തന്നെയാണ് ഈ സിനിമയെ വളരെ ആശ്ചര്യത്തോടെ നോക്കിക്കാണുവാനുള്ള ഒരു കാരണവും. ഇരുണ്ട, ഭയാനകമായ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളുടെ പേരിലാണ് അനുരാഗ് കശ്യപ് എന്ന ഫിലിം മേക്കറെ നമ്മള്‍ക്കു പരിചയം. എന്നാല്‍ ഇപ്രാവിശ്യം വളരെ വ്യത്യസ്തമായ കഥയുമായിട്ടാണ് അനുരാഗ് എത്തിയിരിക്കുന്നത്.
ചിത്രത്തില്‍ മുന്‍നിര വേഷം കൈകാര്യം ചെയ്തിരിക്കുന്ന തപ്സി പന്നു, എല്ലാ ക്രെഡിറ്റും സ്വന്തമാക്കിയിരിക്കുകയാണെന്നു നിസ്തര്‍ക്കം പറയാം. വിക്കി കൗശലിന്റെ വിചിത്രസ്വഭാവമുള്ള വിക്കി എന്ന കഥാപാത്രവും, അഭിഷേക് ബച്ചന്റെ റോബി എന്ന കഥാപാത്രവും ഓര്‍മയില്‍ സൂക്ഷിക്കാന്‍ ധാരാളം നിമിഷങ്ങള്‍ പ്രേക്ഷകനു സമ്മാനിക്കുന്നുണ്ടെങ്കിലും മന്മര്സിയ്യന് എന്ന ചിത്രം പൂര്‍ണമായും ഒരു തപ്സി പന്നു ഷോയാണ്.
അമൃത്സറില്‍നിന്നുള്ള ഹോക്കി താരമാണ് റൂമി (തപ്സി പന്നു). ഡിസ്ക്കോ ജോക്കിയായ (ഡിജെ) വിക്കിയോട് (വിക്കി കൗശല്‍) അന്ധമായ പ്രണയമാണ് റൂമിക്ക്. എന്നിരുന്നാലും, കൂടുതല്‍ ഉത്തരവാദിത്വമുള്ളൊരു പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ശ്രമം റൂമി നടത്തുമ്പോള്‍, റോബി (അഭിഷേക് ബച്ചന്) എന്ന ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബാങ്കറെ പരിചയപ്പെടാനിടയാകുന്നു. അങ്ങനെ അവിടെ ഒരു ത്രികോണ പ്രണയം സംഭവിക്കാനിടവരുന്നു. ആസക്തിയും, സ്നേഹവും തമ്മിലുള്ള പോരാട്ടത്തെ സൂക്ഷ്മമായി വരച്ചു കാണിക്കുന്നുണ്ട് ചിത്രത്തില്‍.
നോവലിസ്റ്റ് കനിക ധില്ലനാണ് ഈ ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ് അനുരാഗ് കശ്യപ് ഒരു മുഴുനീള പ്രണയകഥ ചിത്രമാക്കിയിരിക്കുന്നത്. താന്‍ എഴുതാത്ത ഒരു തിരക്കഥ അനുരാഗ് സിനിമയാക്കുന്നതും ഇത് ആദ്യമായിട്ടാണ്.
പ്രകടനപരയുള്ള ചിത്രമാണു മന്മര്സിയ്യന്.മൂന്ന് കഥാപാത്രങ്ങളും പരിമിതമായ ചട്ടക്കൂടിനുള്ളില്‍നിന്നു കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.അഭിഷേക് ബച്ചന്, ചിത്രത്തില്‍ തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്ക്കുന്ന ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിജയസാധ്യത തീരെയില്ലാത്ത ഒരു കഥാപാത്രമാണ് മന്മര്സിയ്യനില് അഭിഷേകിന്റേത്. അഭിഷേകിനെ സംബന്ധിച്ച് ഈ വേഷം ചെയ്യുകയെന്നത് വളരെ നിസാരവുമാണ്. എങ്കിലും, റോബി എന്ന കഥാപാത്രത്തിനായി അഭിഷേക്, സ്ക്രിപ്റ്റ് ആവശ്യപ്പെടുന്നതിനേക്കാളധികം പരിശ്രമം നടത്തിയിരിക്കുന്നു.രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള അഭിഷേകിന്റെ തിരിച്ചുവരവ് ഗംഭീരമായിരിക്കുന്നു.
ചിത്രത്തിന്റെ പ്ലസ് പോയ്ന്റ് എന്നു പറയാവുന്ന മറ്റൊരു ഘടം സംഗീതമാണ്. അത് ഭാവതരളമാണ്. ഒരു സപ്പോര്‍ട്ടിംഗ് ആക്ടറിനെക്കാള് അധികം സ്വാധീനം ഈ ചിത്രത്തില്‍ സംഗീതം ചെലുത്തിയിരിക്കുന്നു. ഓരോ കഥാപാത്രങ്ങളുടെയും മാനസികാവസ്ഥയും, മൂഡും സംഗീതത്തില്‍ പ്രതിഫലിക്കുന്നുണ്ട്. അമിത് ത്രിവേദിയാണു സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.2011-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തനു വെഡ്സ് മനു. അതില്‍ കങ്കണ റാവത്ത് അവതരിപ്പിച്ച ശക്തമായൊരു കഥാപാത്രമായിരുന്നു തനു.കങ്കണയുടെ തനു എന്ന കഥാപാത്രത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്നതാണു മന്മര്സിയ്യനിലെ തപ്സി പന്നുവിന്റെ റൂമി എന്ന കഥാപാത്രം.