ഇവര്‍ ഇസ്തിരിയിട്ടു മിനുക്കുന്നതു കൊച്ചിയുടെ സൗന്ദര്യം

ഇവര്‍ ഇസ്തിരിയിട്ടു മിനുക്കുന്നതു കൊച്ചിയുടെ സൗന്ദര്യം

കൊച്ചിയുടെ അലക്ക് ഫാക്ടറിയാണു ധോബിഖാന. ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ സ്ഥിതി ചെയ്യുന്ന ധോബിഖാനയിലെത്തിയാണു നഗരവാസികള്‍ അവരുടെ വസ്ത്രം വെണ്‍മയുള്ളതാക്കിയെടുക്കുന്നത്. കുറഞ്ഞ ചെലവില്‍ വസ്ത്രങ്ങള്‍ കഴുകി, ഇസ്തിരിയിട്ട് കൊടുക്കും ധോബിഖാനയിലെ തൊഴിലാളികള്‍. വസ്ത്രങ്ങള്‍ കഴുകാന്‍ മാത്രമല്ല, ചരിത്രപ്രാധാന്യമുള്ള ധോബിഖാന സന്ദര്‍ശിക്കാന്‍, വിദേശികളും സ്വദേശികളും ഉള്‍പ്പെടെയുള്ള നിരവധി പേര്‍ എത്തുന്നുണ്ട്.

കൊച്ചിയുടെ സൗന്ദര്യത്തിനു പിന്നില്‍ ഒരു രഹസ്യമുണ്ട്. തേച്ചു മിനുക്കിയെടുത്ത ഒരു രഹസ്യം. അത് അറിയണമെങ്കില്‍ ആദ്യം വണ്ണാര്‍ എന്നൊരു സമൂഹത്തെ കുറിച്ച് അറിയേണ്ടതുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുന്‍പു ഡച്ച് സൈനികരുടെ യൂണിഫോം വസ്ത്രങ്ങള്‍ കഴുകാന്‍ തമിഴ്‌നാട്ടില്‍നിന്നും കൊച്ചിയിലെത്തിയവരാണു വണ്ണാര്‍ സമൂഹം. ആ കൊച്ചു സമൂഹത്തിന്റെ വലിയ അദ്ധ്വാനമാണു കൊച്ചി നിവാസികളെ സുന്ദരന്മാരും സുന്ദരികളുമാക്കുന്നത്. ഇന്ന് നഗരവാസികളില്‍ ഭൂരിഭാഗവും അണിയുന്ന വസ്ത്രങ്ങള്‍ വെണ്‍മയേറിയതും, വടിവൊത്തതുമാക്കുന്നത് വണ്ണാര്‍മാരാണ്. ഇവരുടെ തൊഴില്‍കേന്ദ്രമായ ധോബിഖാനയാണ് കൊച്ചിയുടെ അലക്ക് ഫാക്ടറി.

വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഏതു തരം കറയാകട്ടെ, മെഴുക്കാകട്ടെ, ധോബിഖാനയില്‍ എത്തിച്ചാല്‍ അവ നീക്കം ചെയ്യും. അതും വസ്ത്രത്തിന്റെ ഈട് നഷ്ടപ്പെടുത്താതെ തന്നെ ചെയ്തു കൊടുക്കും. അത്രയ്ക്കും പെര്‍ഫെക്ടാണ് ഇവരുടെ വര്‍ക്ക്. പെര്‍ഫെക്ഷന്റെ കാര്യത്തില്‍ നോ കോംപ്രമൈസ് എന്നതാണ് ഇവരുടെ നയം. വസ്ത്രങ്ങള്‍ ഇത്ര ഭംഗിയായി എങ്ങനെ കഴുകിയെടുക്കുന്നു എന്നു ചോദിച്ച് ധോബിഖാനയില്‍ പലരുമെത്താറുണ്ട്. പക്ഷേ അവരോടൊന്നും ട്രേഡ് സ്‌ക്രീട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആ രഹസ്യം വണ്ണാര്‍ എന്ന സമൂഹത്തിനകത്തു മാത്രം ‘സേഫ് ‘ ആയി ഇന്നും സൂക്ഷിക്കുന്നു.

അല്‍പം ചരിത്രം

1700-കളുടെ ആരംഭം. അന്ന് കൊച്ചിയില്‍ ഡച്ചുകാര്‍ ഭരിച്ചിരുന്ന കാലം കൂടിയായിരുന്നു. വസ്ത്രം വെളുപ്പിക്കല്‍ തൊഴിലാക്കിയിരുന്ന വിഭാഗം പ്രാദേശികതലത്തില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ വിദേശികളുടെ വസ്ത്രങ്ങള്‍ കഴുകാന്‍ തയാറായില്ല. ഇതേ തുടര്‍ന്നു ഡച്ചുകാര്‍ തമിഴ്‌നാട്ടില്‍നിന്നും മലബാറില്‍നിന്നും വണ്ണാര്‍ എന്ന വിഭാഗത്തെ കൊച്ചിയിലെത്തിച്ചു.ഡച്ച് സൈനികരുടെ യൂണിഫോം വസ്ത്രങ്ങള്‍ കഴുകി, ഇസ്തിരിയിട്ടു കൊടുത്തിരുന്നത് വണ്ണാര്‍മാരായിരുന്നു. ഡച്ചുകാര്‍ക്കു ശേഷം പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും ഫോര്‍ട്ടുകൊച്ചിയിലെത്തിയപ്പോഴും വണ്ണാര്‍മാര്‍ ഇതേ തൊഴില്‍ തുടര്‍ന്നു. പിന്നീട് ഇവര്‍ കൊച്ചിയുടെ സംസ്‌കാരവുമായി ഇഴുകി ചേരുകയും ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.ഫോര്‍ട്ടുകൊച്ചി വെളി ബസ് സ്റ്റോപ്പിനു സമീപമാണു വണ്ണാര്‍മാരുടെ തൊഴില്‍കേന്ദ്രം. ധോബിഖാന എന്ന് അറിയപ്പെടുന്നു.

ഫോര്‍ട്ടുകൊച്ചി വെളിയിലെത്തുന്ന ഏതൊരാള്‍ക്കും വിശാലമായ മൈതാനം കാണുവാന്‍ സാധിക്കും. അവിടെ പട്ടാള ബാരക്കിനെ ഓര്‍മിപ്പിക്കുന്ന ഒരു കെട്ടിടവും കാണുവാനാകും. ഇവിടെയാണു ധോബിഖാന സ്ഥിതി ചെയ്യുന്നത്. മഴയാകട്ടെ, വെയിലാകട്ടെ, ധോബിഖാനയില്‍ വസ്ത്രങ്ങള്‍ കഴുകിയും ഉണക്കിയും ഇസ്തിരിയിട്ടും ഏകദേശം 40-ാളം ആളുകള്‍ സ്ഥിരമായി തൊഴിലില്‍ ഏര്‍പ്പെടാറുണ്ട്. ഇവരാണു കൊച്ചിയുടെ സൗന്ദര്യം ഇസ്തിരിയിട്ടു മിനുക്കിയെടുക്കുന്നത്. ഫോര്‍ട്ടുകൊച്ചി ഒരു പൈതൃക ടൂറിസ്റ്റ് കേന്ദ്രം കൂടിയായതിനാല്‍ ഇവിടെ നിരവധി റിസോര്‍ട്ടുകളും ഹോട്ടലുകളുമുണ്ട്. ഇവിടങ്ങളില്‍നിന്നും ബെഡ് ഷീറ്റുകളും, മറ്റ് തുണിത്തരങ്ങളും കഴുകി, ഇസ്തിരിയിട്ടെടുക്കുന്നത് ധോബിഖാനയിലാണ്. നാവിക സേനയുടെ ദക്ഷിണ കമാന്‍ഡന്റ് സ്ഥിതി ചെയ്യുന്നത് ധോബിഖാനയ്ക്കു സമീപമുള്ള വെണ്ടുരുത്തിയിലാണ്. വെണ്ടുരുത്തിയിലെ നാവികസേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും വസ്ത്രങ്ങള്‍ കഴുകാന്‍ ഏല്‍പ്പിക്കുന്നതും ധോബിഖാനയിലാണ്.ഇതിനു പുറമേ കൊച്ചിന്‍ പോര്‍ട്ട് ഹോസ്പിറ്റലിലെ വസ്ത്രങ്ങളും ധോബിഖാനയില്‍ കഴുകാന്‍ ഏല്‍പ്പിക്കുന്നു. പ്രദേശവാസികളില്‍ ചിലരും സ്ഥിരമായി ധോബിഖാനയിലെത്താറുണ്ട്.
വസ്ത്രങ്ങള്‍ പരമ്പരാഗത രീതിയില്‍ കഴുകി വെണ്‍മയുള്ളതാക്കി മാറ്റിയെടുക്കുന്നു എന്നതു മാത്രമല്ല, കൂലി വളരെ തുച്ഛമാണെന്നതും ധോബിഖാനയുടെ ഒരു ആകര്‍ഷണീയതയാണ്. ഇവിടെ ഒരു ഷര്‍ട്ട് കഴുകി ഇസ്തിരിയിടുന്നതിനു കസ്റ്റമറില്‍നിന്നും ഈടാക്കുന്നത് വെറും 25 രൂപയാണ്. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ ഇതില്‍ കൂടുതല്‍ ഈടാക്കാറുണ്ട്.

1976-ല്‍ ജിസിഡിഎ ഫോര്‍ട്ട്‌കൊച്ചി വെളിയില്‍ വസ്ത്രങ്ങള്‍ കഴുകാനും ഇസ്തിരിയിടാനുമായി മെച്ചപ്പെട്ട സൗകര്യത്തോടെ ധോഭിഖാന നിര്‍മിച്ചു നല്‍കി. മൂന്ന് ഏക്കറിലാണു ഇപ്പോള്‍ ധോബിഖാന സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എട്ട് ഏക്കറില്‍ വ്യാപിച്ചുകിടന്ന ഫോര്‍ട്ട്‌കൊച്ചി വെളി മൈതാനിക്കു സമീപമുള്ള പ്രദേശമായിരുന്നു വസ്ത്രങ്ങള്‍ കഴുകാനും ഉണക്കാനുമായി ഉപയോഗിച്ചിരുന്നത്. മൈതാനിയില്‍ 20-ാളം കുളങ്ങളുണ്ടായിരുന്നു. കുളത്തിനു സമീപം അലക്കു കല്ലുകളും ഉണ്ടായിരുന്നു. അലക്കിനു ശേഷം വസ്ത്രം ഉണക്കിയിരുന്നതും മൈതാനിയിലായിരുന്നു.

കാലം മാറിയതോടെ ധോബിഖാന പുരോഗമിച്ചു. ഇപ്പോള്‍ ധോബിഖാനയില്‍ 42 വാഷിംഗ് ക്യൂബിക്കിള്‍ ഉണ്ട് ഇവിടെ. ഓരോ ക്യൂബിക്കിളിലും വാട്ടര്‍ ടാങ്കും അലക്ക് കല്ലുമുണ്ട്. ഇതിനു പുറമേ വസ്ത്രങ്ങള്‍ ഉണക്കാന്‍ മൈതാനമുണ്ട്. മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണക്കാന്‍ പ്രത്യേകമായി കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ വസ്ത്രങ്ങള്‍ കഴുകാനുള്ള വെള്ളം ശേഖരിച്ചിരുന്നതു കുളങ്ങളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടു കിണറുകള്‍ മാത്രമാണുള്ളത്.
വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടിരുന്നതു കരി ഉപയോഗിച്ചുള്ള പെട്ടി കൊണ്ടാണ്. വൈദ്യുതി സൗകര്യം ലഭിച്ചതോടെ വസ്ത്രങ്ങള്‍ തേയ്ക്കുന്നത് ഇപ്പോള്‍ വൈദ്യുതി ഉപയോഗിച്ചാണ്. ഷര്‍ട്ട് കഴുകി ഇസ്തിരിയിട്ട് നല്‍കുന്നതിന് 25 രൂപയാണ് ഈടാക്കുന്നത്. പാന്റിന് 20 രൂപയും. ഡിസൈനര്‍ സാരിയാണെങ്കില്‍ 75 രൂപ വരെ ഈടാക്കാറുണ്ട്. ഓര്‍ഡിനറി സാരിക്ക് 25 രൂപയും ഈടാക്കും. നഗരത്തിലെ ഫഌറ്റുകള്‍, ഹോസ്റ്റലുകള്‍, ആശുപത്രികള്‍, വീടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും ഓര്‍ഡര്‍ ലഭിക്കുന്നത്. ചില സ്ഥലങ്ങളില്‍നിന്നും വസ്ത്രങ്ങള്‍ ഇവര്‍ ശേഖരിച്ചും കഴുകി ഇസ്തിരിയിട്ട് നല്‍കാറുണ്ട്.

പുതുതലമുറ തൊഴിലില്‍നിന്നും അകലുന്നു

വണ്ണാര്‍ സമൂഹം വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിടുന്ന ജോലിയിലാണ് വര്‍ഷങ്ങളായി ഏര്‍പ്പെടുന്നതെങ്കിലും പുതിയ തലമുറ ഈ തൊഴിലിലേക്ക് പ്രവേശിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. പലരും ഉന്നത വിദ്യാഭ്യാസം ആര്‍ജ്ജിച്ചവരാണ്. ഐടി, സിവില്‍, കണ്‍സ്ട്രക്ഷന്‍ രംഗങ്ങളിലാണ് പുതുതലമുറയിലെ പലരും ജോലി നോക്കുന്നത്.
ജോലിയില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം ഇപ്പോള്‍ 80-ല്‍ താഴെ മാത്രമാണ്. വണ്ണാര്‍ സമൂഹത്തില്‍പ്പെട്ട ഭൂരിഭാഗം പേരും മറ്റു തൊഴിലില്‍ ഏര്‍പ്പെട്ടു തുടങ്ങിയെന്നു ധോബിഖാനയുടെ സെക്രട്ടറി അജിത് സെല്‍വരാജ് പറഞ്ഞു.

ഫോര്‍ട്ട് കൊച്ചിയിലെ ധോബി സ്ട്രീറ്റ്

ഫോര്‍ട്ട് കൊച്ചി വെളിയിലാണു ധോബി സ്ട്രീറ്റ് സ്ഥിതി ചെയ്യുന്നത്. വണ്ണാര്‍ വിഭാഗത്തിലെ 160-ാളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നു. ഇതില്‍ 40-ാളം കുടുംബങ്ങള്‍ മാത്രമാണു പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെടുന്നത്. മറ്റുള്ളവര്‍ വ്യത്യസ്ത തൊഴില്‍ ചെയ്യുന്നവരാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ചു വണ്ണാര്‍ സമൂഹത്തിലിപ്പോള്‍ ഉന്നത വിദ്യാഭ്യാസം കൈവരിച്ചവരാണുള്ളത്. ഉന്നത വിദ്യാഭ്യാസം നേടിയവര്‍ പരമ്പരാഗത തൊഴിലിനോട് വിട പറയുകയാണ്.

Comments

comments

Categories: FK Special, Slider
Tags: Dhobi khana