കിയ കാറുകള്‍ നാല് മാസം മുന്നേയെത്തും

കിയ കാറുകള്‍ നാല് മാസം മുന്നേയെത്തും

2019 ഏപ്രിലില്‍ കിയ എസ്പി കണ്‍സെപ്റ്റ് എസ്‌യുവി പുറത്തിറക്കും

ന്യൂഡെല്‍ഹി : നിശ്ചയിച്ചതിലും നാല് മാസം മുന്നേ കിയ കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. 2019 ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ആദ്യ മോഡലുകള്‍ പുറത്തിറക്കാനാണ് കിയ മോട്ടോഴ്‌സ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 2019 ഏപ്രിലില്‍ ആദ്യ ലോഞ്ച് സാധ്യമാകുമെന്ന് ദക്ഷിണ കൊറിയന്‍ കമ്പനി കരുതുന്നു.

ഇന്ത്യന്‍ വിപണിയിലെ അരങ്ങേറ്റം നേരത്തേയാകുന്നതിന് കാരണങ്ങള്‍ പലതാണ്. ആന്ധ്ര പ്രദേശിലെ അനന്തപുരിലാണ് കിയ മോട്ടോഴ്‌സ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റ് നിര്‍മ്മാണം നിശ്ചയിച്ചതിലും രണ്ട് മാസം മുമ്പ് പൂര്‍ത്തിയാകും. 2019 തുടക്കത്തില്‍ ഇവിടെ പരീക്ഷണ ഉല്‍പ്പാദനം ആരംഭിക്കാന്‍ കിയ മോട്ടോഴ്‌സിന് സാധിക്കും.

ഹ്യുണ്ടായ് ക്രെറ്റ അടിസ്ഥാനമാക്കിയ എസ്പി കണ്‍സെപ്റ്റ് എസ്‌യുവിയാണ് കിയ മോട്ടോഴ്‌സ് ആദ്യമായി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. ഈ വാഹനത്തിന് ട്രേസര്‍ എന്ന് പേര് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഏപ്രില്‍ അവസാനത്തോടെ പുറത്തിറക്കുമെന്നാണ് സൂചന. മാര്‍ച്ച് അവസാനത്തോടെ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങും. മെയ് മാസത്തിലായിരിക്കും വിതരണം ആരംഭിക്കുന്നത്. ഇതിനുമുമ്പായി ഡീലര്‍ ശൃംഖല പൂര്‍ത്തിയാക്കേണ്ടതായി വരും. 2019 ഏപ്രിലില്‍ ആദ്യ ലോഞ്ച് നടത്തുമെന്ന സൂചന ഡീലര്‍മാര്‍ക്ക് ലഭിച്ചുകഴിഞ്ഞു.

കോംപാക്റ്റ് എസ്‌യുവി കൂടാതെ, റിയോ എന്ന പ്രീമിയം ഹാച്ച്ബാക്കും കോംപാക്റ്റ് സെഡാനും ഇന്ത്യന്‍ വിപണിയിലേക്കായി കിയ പരിഗണിക്കുന്നു. എംപിവി സെഗ്‌മെന്റില്‍ ഒരു മോഡല്‍ അവതരിപ്പിക്കുന്നതും പരിഗണനയിലാണ്. കിയ കാര്‍ണിവല്‍ എംപിവി പ്രതീക്ഷിക്കാം. സബ്‌കോംപാക്റ്റ് എസ്‌യുവിയും കിയ മോട്ടോഴ്‌സിന്റെ മനസ്സിലുണ്ട്.

Comments

comments

Categories: Auto
Tags: Kia