ജിയോ ഉപയോക്താക്കളുടെ എണ്ണം 414 മില്യണിലെത്തും: സിഎല്‍എസ്എ

ജിയോ ഉപയോക്താക്കളുടെ എണ്ണം 414 മില്യണിലെത്തും: സിഎല്‍എസ്എ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം വിപണിയെ ഉടച്ചുവാര്‍ത്തുകൊണ്ട് രംഗത്തു വന്ന റിലയന്‍സ് ജിയോ ശക്തമായ മുന്നേറ്റം തുടരുമെന്ന് റിപ്പോര്‍ട്ട്. വ്യത്യസ്ത ബിസിനസ് മാതൃകയുമായി മുന്നോട്ടുപോകുന്ന ജിയോ 2020 ഓടെ 414 മില്യണിന്റെ ഉപഭോക്തൃ അടിത്തറയിലേക്കെത്തുമെന്നാണ് ആഗോള വിപണി ഗവേഷണ സ്ഥാപനമായ സിഎല്‍എസ്എയുടെ വിലയിരുത്തല്‍. വിപണിയില്‍ അവതരിക്കപ്പെട്ട് രണ്ട് വര്‍ഷം മാത്രം പൂര്‍ത്തിയാക്കുന്ന ജിയോ ഇതിനകം 215 മില്യണ്‍ ഉപയോക്താക്കളെ സ്വന്തമാക്കിയിട്ടുണ്ട്.
അടുത്ത 100 മില്യണ്‍ ഉപയോക്താക്കളെ 15 മാസത്തിനുള്ളില്‍ നേടാനാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ലക്ഷ്യമിടുന്നത്. 2020ഓടെ 50 ശതമാനം വിപണിവിഹിതമെന്ന ലക്ഷ്യവും കമ്പനി മുന്നോട്ടു വെച്ചിട്ടുണ്ട്. 2020ല്‍ 414 മില്യണ്‍ ഉപയോക്താക്കള്‍ എന്നത് 14നും 80 ഇടയ്ക്ക് പ്രായമുള്ള ഇന്ത്യന്‍ ജനസംഖ്യയുടെ 45 ശതമാനത്തോളം ആയിരിക്കുമെന്ന് സിഎല്‍എസ്എ ചൂണ്ടിക്കാണിക്കുന്നു. ജിയോയ്ക്ക് തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം നേടാന്‍ സാധിക്കുമെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.
റിലയന്‍സ് ജിയോ തുടങ്ങിവെച്ച നിരക്കു യുദ്ധവും വേറിട്ട ബിസിനസ് മാതൃകയും മറ്റെല്ലാ ടെലികോം കമ്പനികളുടെയും വരുമാനത്തെ കനത്ത രീതിയിലാണ് ബാധിച്ചിട്ടുള്ളത്. വോഡഫോണും ഐഡിയയും ലയിച്ച് വിപണിയിലെ ഒന്നാം സ്ഥാനക്കാരായെങ്കിലും ഈ സ്ഥാനം അധിക കാലം നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Business & Economy
Tags: Jio