ഒമാന്‍ എയറിന് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ ജെറ്റ് എയര്‍വേയ്‌സ്

ഒമാന്‍ എയറിന് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ ജെറ്റ് എയര്‍വേയ്‌സ്

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനാണ് കമ്പനി ആസ്തികള്‍ പണമാക്കി മാറ്റുന്നത്; ഒരു വിമാനത്തില്‍ നിന്ന് പ്രതിമാസം ഏകദേശം ഒരു മില്യണ്‍ ഡോളര്‍ വരുമാനം ജെറ്റിന് ലഭിച്ചേക്കും

 

ന്യൂഡെല്‍ഹി: മസ്‌കറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒമാന്‍ എയറിന് വിമാനങ്ങള്‍ വാടകക്ക് നല്‍കാന്‍ ജെറ്റ് എയര്‍വേയ്‌സ് നീക്കം നടത്തുന്നു. എ330, ബോയിംഗ് 737 വിമാനങ്ങളാണ് ‘വെറ്റ് ലീസു’മായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മൂന്ന് എ330 വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയേക്കുമെന്നാണ് സൂചന. എന്നാല്‍ എത്ര ബോയിംഗ് 737 വിമാനങ്ങളാണ് വെറ്റ് ലീസിലുണ്ടാവുകയെന്ന കാര്യത്തില്‍ വ്യക്തതതയില്ല. നീക്കത്തിന്റെ ഭാഗമായി ജെറ്റിന്റെ കാബിന്‍ ക്രൂവില്‍ അംഗങ്ങളായ 150 ഓളം ആള്‍ക്കാരുടെ അഭിമുഖ പരീക്ഷ പൂര്‍ത്തിയായി.

ഒരു എയര്‍ലൈന്റെ ഉടമസ്ഥതയിലുള്ള എല്ലാ വൈമാനിക ആസ്തികളും മറ്റൊരു വിമാനക്കമ്പനിക്ക് പാട്ടത്തിന് നല്‍കുന്നതാണ് വെറ്റ് ലീസ്. എയര്‍ക്രാഫ്റ്റിന്റെ മൊത്തം ജീവനക്കാര്‍, അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ് ചെലവിടല്‍ എന്നിവയെല്ലാം പാട്ടക്കാരന്റെ നിയന്ത്രണത്തിലായിരിക്കും. വിമാനം സേവനം നല്‍കുന്ന മണിക്കൂറുകള്‍ കണക്കാക്കിയാണ് വാടക നല്‍കുക.

”നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സിനെ സംബന്ധിച്ച് വെറ്റ് ലീസ് വളരെ മികച്ചൊരു നീക്കമാണ്”, ഏവിയേഷന്‍ അഡൈ്വസറി, കണ്‍സള്‍ട്ടിംഗ് കമ്പനിയായ മാര്‍ട്ടിന്‍ കണ്‍സള്‍ട്ടിംഗിന്റെ സ്ഥാപകനും സിഇഒയുമായ മാര്‍ക് ഡി മാര്‍ട്ടിന്‍ പറഞ്ഞു. ഈ വെറ്റ് ലീസ് വഴി ഒരു വിമാനത്തില്‍ നിന്ന് പ്രതിമാസം ഏകദേശം ഒരു മില്യണ്‍ ഡോളര്‍ വരുമാനം ജെറ്റിന് ലഭിക്കുമെന്നും മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഒമാന്‍ എയര്‍, വരാനിരിക്കുന്ന അവധിക്കാലം ലക്ഷ്യമിട്ട് അധികശേഷി ആവശ്യമുള്ള റൂട്ടുകളിലാണ് എ330 വിമാനങ്ങള്‍ വിന്യസിക്കുക. സാന്‍സിബാര്‍, നെയ്‌റോബി തുടങ്ങിയ റൂട്ടുകളിലാണ് ബോയിംഗ് 737 വിമാനങ്ങള്‍ സേവനത്തിന് ഉപയോഗിക്കുക. ദീര്‍ഘദൂര വിമാന ശ്രേണിയില്‍ പെടുന്ന ബോയിംഗ് 777-300 ഇആര്‍ നേരത്തെ തുര്‍ക്കിഷ് എയര്‍ലൈന്‍സിന്, ജെറ്റ് പാട്ടത്തിന് നല്‍കിയിരുന്നു.

ശക്തമായ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ആസ്തികള്‍ പണമാക്കി മാറ്റുന്നതിന് ജെറ്റ് എയര്‍വേയ്‌സ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ജെറ്റ് എയര്‍വേയ്‌സ് മാനേജ്‌മെന്റ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതിന് വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. എയര്‍ലൈന് 165 വിമാനങ്ങളാണുള്ളതെന്നും (777ഉം, എ330ഉം) ഇവയുടെ വിപണി മൂല്യം വളരെ ഉയര്‍ന്നതാണെന്നും ജെറ്റ് എയര്‍വേയ്‌സ് ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ അമിത് അഗര്‍വാള്‍ പറയുന്നു. വിമാനങ്ങളുടെ മൂല്യം ഏകദേശം 750-800 മില്യണ്‍ ഡോളറില്‍ താഴെയാണ്. 1,900 കോടി അല്ലെങ്കില്‍ 280 മില്യണ്‍ ഡോളറാണ് കമ്പനിയുടെ കുടിശിക.

Comments

comments

Categories: Arabia
Tags: Oman Air