ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം പത്ത് മാസത്തെ താഴ്ചയില്‍

ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം പത്ത് മാസത്തെ താഴ്ചയില്‍

ജൂലൈയില്‍ വ്യാവസായിക ഉല്‍പ്പാദനത്തില്‍ 6.6 ശതമാനം വര്‍ധന രേഖപ്പെടുത്തി

ന്യൂഡെല്‍ഹി: ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പണപ്പെരുപ്പം ഓഗസ്റ്റില്‍ 3.69 ശതമാനമായി കുറഞ്ഞു. പത്ത് മാസത്തിനടയിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്കാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജൂലൈയില്‍ 4.17 ശതമാനമായിരുന്നു ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം. ഇടക്കാലാടിസ്ഥാനത്തില്‍ ചില്ലറ വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നാല് ശതമാനത്തില്‍ പിടിച്ചുനിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നത്. പത്ത് മാസത്തിനിടെ ഇതാദ്യമായാണ് റീട്ടെയ്ല്‍ പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു താഴേക്ക് പോകുന്നത്. ഓഗസ്റ്റിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം 3.86 ശതമാനത്തിലെത്തുമെന്നായിരുന്നു റോയിട്ടേഴ്‌സിന്റെ നിഗമനം.

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞെങ്കിലും ആഭ്യന്തര തലത്തില്‍ ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ കുറവും എണ്ണ ഒഴികെയുള്ള ഇറക്കുമതി ചരക്കുകളുടെ വിലക്കിഴിവും വിപണിക്ക് ആശ്വാസമായതായി എലാര കാപിറ്റലില്‍ നിന്നുള്ള മുഖ്യ സാമ്പത്തിക വിദഗ്ധ ഗരിമ കപൂര്‍ പറഞ്ഞു.ഭക്ഷ്യ വിലക്കയറ്റം ജൂലൈയിലെ 1.37 ശതമാനത്തില്‍ നിന്നും ഓഗസ്റ്റില്‍ 0.29 ശതമാനമായാണ് കുറഞ്ഞിട്ടുള്ളത്.
പണപ്പെരുപ്പം നിയന്ത്രിക്കാനായി എന്നത് അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ പോകുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആശ്വാസം നല്‍കുന്നതാണ്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ധനക്കമ്മിയില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുമ്പോഴാണ് പണപ്പെരുപ്പത്തില്‍ ആശ്വാസം രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്.
ജൂലൈയില്‍ വ്യാവസായിക ഉല്‍പ്പാദനത്തില്‍ 6.6 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ജൂണിലിത് 6.9 ശതമാനമായിരുന്നു. എങ്കിലും രണ്ടാം പാദത്തിന്റെ ശക്തമായ തുടക്കമായാണ് വ്യാവസായിക ഉല്‍പ്പാദനത്തിലുണ്ടായ വര്‍ധനയെ കേന്ദ്രം വിലയിരുത്തുന്നത്.
മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങളിലുണ്ടായ വര്‍ധനയാണ് ഫാക്റ്ററി ഉല്‍പ്പാദനത്തില്‍ പ്രതിഫലിച്ചത്. മാനുഫാക്ച്ചറിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ അവ് ശതമാനം വര്‍ധനയാണ് ജൂലൈയില്‍ ഉണ്ടായത്. ഇക്കാലയളവില്‍ വൈദ്യുതി ഉല്‍പ്പാദനം 6.7 ശതമാനവും ഖനന മേഖലയില്‍ നിന്നുള്ള ഉല്‍പ്പാദനം 3.7 ശതമാനവും വര്‍ധിച്ചു. ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തില്‍ 8.4 ശതമാനം വര്‍ധനയാണ് ഉല്‍പ്പാദനത്തിലുണ്ടായത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ വ്യാവസായിക ഉല്‍പ്പാദനത്തില്‍ മൊത്തം 5.4 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1.7 ശതമാനം വര്‍ധന അനുഭവപ്പെട്ട സ്ഥാനത്താണിത്.

ഒക്‌റ്റോബര്‍ അഞ്ചിന് നടക്കുന്ന ധനനയ അവലോകന യോഗത്തില്‍ കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ധനനയ അവലോകന യോഗങ്ങളിലും അടിസ്ഥാന പലിശ നിരക്ക് 25 ബേസിസ് പോയ്ന്റ് വീതം വര്‍ധിപ്പിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ശരാശരി പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ഓഗസ്റ്റില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കേന്ദ്ര ബാങ്ക് ക്രമേണ ധനനയം കടുപ്പിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: inflation