സുപ്രധാന മേഖലകളില്‍ വരുമാനം ഇരട്ടിച്ചെന്ന് യൂണിലിവര്‍

സുപ്രധാന മേഖലകളില്‍ വരുമാനം ഇരട്ടിച്ചെന്ന് യൂണിലിവര്‍

വിപണി മൂല്യം നാലിരട്ടി വര്‍ധിച്ച് 49 ബില്യണ്‍ ഡോളറിലെത്തി; വിറ്റുവരവില്‍ 1.8 ഇരട്ടിയും ലാഭക്ഷമതയില്‍ 3.7 ഇരട്ടിയും വര്‍ധന

 

മുംബൈ: കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ക്കിടെ കമ്പനിയുടെ പ്രധാന ഉല്‍പ്പന്ന വിഭാഗങ്ങളുടെ വില്‍പ്പനയിലും ലാഭക്ഷമതയിലും മികച്ച നേട്ടമുണ്ടക്കാന്‍ കഴിഞ്ഞെന്ന് രാജ്യത്തെ മുന്‍നിര ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ അറിയിച്ചു. പ്രധാന ഉല്‍പ്പന വിഭാഗങ്ങളില്‍ വരുമാനം ഇരട്ടിയായെന്നും എച്ച്‌യുഎല്‍ ചെയര്‍മാന്‍ സഞ്ജീവ് മേഹ്ത വ്യക്തമാക്കി. ഇതോടൊപ്പം വിപണി മൂല്യം നാലിരട്ടി വര്‍ധിച്ച് 49 ബില്യണ്‍ ഡോളറിലെത്തി. ഉപഭോക്തൃ ഉല്‍പ്പന വിഭാഗത്തില്‍ ബാബാ രാംദേവിന്റെ പതഞ്ജലി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുമായി പോരാട്ടം തുടരവെയാണ് കരുത്ത് കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഒന്നാം സ്ഥാനത്തുള്ള കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

‘കഴിഞ്ഞ ആറ് വര്‍ഷമായി വിറ്റുവരവില്‍ 1.8 ഇരട്ടിയും ലാഭക്ഷമതയില്‍ 3.7 ഇരട്ടിയുമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. കേശ സംരക്ഷണ വിഭാഗത്തില്‍ 700 ബേസിസ് പോയിന്റിന്റെ നേട്ടമുണ്ടായി. വില്‍പ്പന ഇരട്ടിയായി ഉയര്‍ന്നതോടെ ഏറ്റവും വലിയ തേയില ഉല്‍പ്പാദകരായി മാറിയ കമ്പനിക്ക് ലാഭവും രണ്ട് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്,’ ഹോങ്കോംഗില്‍ നടന്ന സിഎല്‍എസ്എ ഇന്‍വെസ്റ്റര്‍ കോണ്‍ഫറന്‍സ് 2018 ല്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെ മേഹ്ത കണക്കുകള്‍ നിരത്തി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വരള്‍ച്ചയും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും ഗ്രാമ പ്രദേശത്തെ ആവശ്യകതയില്‍ കാര്യമായ ഇടിവുകള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ മികച്ച മണ്‍സൂണ്‍, ഉയര്‍ന്ന താങ്ങുവില, വാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ എന്നീ ഘടകങ്ങള്‍ മൂലം വിപണി പ്രതീക്ഷിച്ചതിലും വേഗം ഉണര്‍വിന്റെ പാതയിലേക്കെത്തിയെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ആറ് ലക്ഷത്തിലധികം ഗ്രാമങ്ങളില്‍ പത്ത് ദശലക്ഷം ഔട്ട്‌ലെറ്റുകളിലൂടെ സാന്നിധ്യമുള്ള കമ്പനി ഇ-കൊമേഴ്‌സിലും മികച്ച വളര്‍ച്ചയും ലാഭക്ഷമതയുമാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള എഫ്എംസിജി കമ്പനിയായ പതഞ്ജലി വിപണിയില്‍ സജീവ സാന്നിധ്യം നേടിയെടുത്തത്. ആയുര്‍വേദ, പ്രകൃതി സൗഹൃദ ഉല്‍പ്പന്നങ്ങളിലൂടെയായിരുന്നു കടന്നു കയറ്റം. പതഞ്ജലിയുടെ പ്രധാന എതിരാളികളായ എച്ച്‌യുഎലും ഇതോടെ ഹെര്‍ബര്‍ ഉല്‍പ്പന്ന വിഭാഗത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്. ആയുഷ് ബ്രാന്‍ഡിനെ പുനരവതരിപ്പിക്കുകയും കേശസംരക്ഷണ ബ്രാന്‍ഡായ ഇന്ദുലേഖയെ ഏറ്റെടുക്കുകയും ചെയ്ത കമ്പനി തുടര്‍ന്ന് സിട്ര സ്‌കിന്‍ കെയര്‍ ബ്രാന്‍ഡ് അവതരിപ്പിക്കുകയും ചെയ്തു.

Comments

comments

Categories: Business & Economy