എച്ച്ഡിഎഫ്‌സി ലൈഫ് സിഇഒ ആയി വിഭ ചുമതലയേറ്റു

എച്ച്ഡിഎഫ്‌സി ലൈഫ് സിഇഒ ആയി വിഭ ചുമതലയേറ്റു

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്‍ഷുറന്‍സ് കമ്പനിയാണ് എച്ച്ഡിഎഫ്‌സി ലൈഫ്

മുംബൈ: എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറുമായി വിഭ പാടല്‍ക്കര്‍ ചുമതലയേറ്റു. സെപ്റ്റംബര്‍ 12 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ബുധനാഴ്ച ചേര്‍ന്ന എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഉന്നതതല യോഗത്തിലാണ് വിഭ പാടല്‍ക്കറിനെ കമ്പനിയുടെ പുതിയ സാരഥിയായി തെരഞ്ഞെടുത്തത്.
എച്ച്ഡിഎഫ്‌സി ലൈഫിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്ററും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്നു വിഭ. അമിതാഭ് ചൗധരി വിരമിച്ച ഒഴിവിലേക്കാണ് വിഭയുടെ നിയമനം. ആക്‌സിസ് ബാങ്കിന്റെ പുതിയ എംഡിയായി അമിതാഭ് ചൗധരി ജനുവരി ഒന്നിന് ചുമതലയേല്‍ക്കും.
2008 ഓഗസ്റ്റ് മുതല്‍ എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഭാഗമാണ് വിഭ പാടല്‍ക്കര്‍. ഫിനാന്‍സ്, ലീഗല്‍, സെക്രട്ടേറിയല്‍ ആന്‍ഡ് കംപ്ലെയന്‍സ്, ഇന്റേണല്‍ ഓഡിറ്റ്, റിസ്‌ക്, ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് എന്നീ വിഭാഗങ്ങളിലെ ചുമതലകളാണ് വിഭ വഹിച്ചിരുന്നത്.
എച്ച്ഡിഎഫ്‌സി ലൈഫില്‍ എത്തുതിനു മുമ്പ് ഡബ്ല്യുഎന്‍എസ് ഗ്ലോബല്‍ സര്‍വീസസ്, കോള്‍ഗേറ്റ് പാമോലീവ്, പ്രൈസ് വാട്ടര്‍ഹൗസ്-കൂപ്പേഴ്‌സ് എന്നീ കമ്പനികളിലും വിഭ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐസിഎഇഡബ്ല്യു (ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഇന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ്), ഐസിഎഐ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ) എന്നിവയിലെ അംഗമാണ് വിഭ. മാക്‌സ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള ലയനത്തിലും കമ്പനിയുടെ ലിസ്റ്റിംഗിലും വിഭ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്‍ഷുറന്‍സ് കമ്പനിയാണ് എച്ച്ഡിഎഫ്‌സി ലൈഫ്. 90,704.54 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. മികച്ച ശക്തമായ ഒരു ടീം ആണ് കമ്പനിക്കുള്ളതെന്നും ഇന്‍ഷുറന്‍സ് രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായി എച്ച്ഡിഎഫ്‌സി ലൈഫിനെ മാറ്റാന്‍ ഈ ടീമിന് കഴിഞ്ഞിട്ടുണ്ടെന്നും വിഭ പറഞ്ഞു. തുടര്‍ന്നും ഈ ട്രാക്കില്‍ മുന്നേറാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Banking
Tags: HDFC Life