ആമസോണിനോടും ഐകിയയോടും മത്സരിക്കാന്‍ ഫ്ലിപ്കാർട്

ആമസോണിനോടും ഐകിയയോടും മത്സരിക്കാന്‍ ഫ്ലിപ്കാർട്

പ്യുവര്‍ വുഡ്’ എന്ന പേരില്‍ ഉപ ബ്രാന്‍ഡ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: വാള്‍മാര്‍ട്ട് പിന്തുണയ്ക്കുന്ന ഫ്ലിപ്കാർട് ഫര്‍ണിച്ചര്‍ വിഭാഗം വിപലീകരിക്കുന്നു. ഉപ ബ്രാന്‍ഡായ ‘പ്യുവര്‍ വുഡിന്റെ അവതരണത്തോടെ ഫര്‍ണിച്ചര്‍ മേഖലയിലെ മല്‍സരം ശക്തമാക്കുകയാണ് കമ്പനി. ഇന്ത്യന്‍ വിപണിയില്‍ ആമസോണ്‍, പുതുതായി രംഗപ്രവേശം ചെയ്ത ഐകിയ എന്നീ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഈ നീക്കം. പ്യുവര്‍ വുഡിനായി ജയ്പൂര്‍, രാജസ്ഥാന്‍, ജോധ്പൂര്‍ എന്നിവടങ്ങളിലെ വുഡ് ഫര്‍ണിച്ചര്‍ നിര്‍മാതാക്കളുമായി ഫഌപ്കാര്‍ട്ട് പങ്കാളിത്തത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്്. പെര്‍ഫെക്റ്റ് ഹോംസ് എന്ന തങ്ങളുടെ സ്വകാര്യ ലേബലിനു കീഴിലാണ് പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ആമേര്‍, മെഹ്‌രാന്‍ഗഢ്, നഹര്‍ഗഢ്, ജയ്‌സല്‍മേര്‍ എന്നീ പേരുകളിലാണ് വ്യത്യസ്ത കളക്ഷനുകള്‍ അണിനിരത്തിയിട്ടുള്ളത. 5,000- 70,000 ത്തിനും ഇടയിലാണ് വില.

ഇ-കൊമേഴ്‌സ് കമ്പനികള്‍ മുഖ്യമായും സ്വകാര്യ ലേബലുകളിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ലാഭം നല്‍കുന്നു എന്നതും ചരക്കുപട്ടികയില്‍ കൂടുതല്‍ നിയന്ത്രണം ഉണ്ട് എന്നതുമാണ് ഇതിലെ ആകര്‍ഷണീയത. ഇന്ത്യയിലെ ഫര്‍ണിച്ചര്‍ വിപണിക്ക് 15 ബില്യണ്‍ യുസ് ഡോളര്‍ മൂല്യമാണ് കണക്കാക്കുന്നത്. ഇതില്‍ 90 ശതമാനവും അസംഘടിത മേഖലയിലമാണ്. ഫര്‍ണിച്ചറില്‍ ഓണ്‍ലൈന്‍ വിപണി ആകെ 10-15 ശതമാനം മാത്രമാണ് കൈയടക്കിയിരിക്കുന്നത്. അതുകൊണ്ട് ഈ മേഖലയില്‍ വളര്‍ച്ച നേടാന്‍ വലിയ അവസരങ്ങളാണ് ഉള്ളതെന്ന് ഫഌപ്കാര്‍ട്ട് സീനിയര്‍ ഡയറക്റ്റര്‍ ശിവാനി സൂരി പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് അവരുടെ ബജറ്റില്‍ ഒതുങ്ങുന്നതും ഗുണമേന്മയുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സൂരി പറഞ്ഞു. ഇന്ത്യയിലുടനീളം ലഭ്യമാകുന്ന തരത്തില്‍ വിശാലമായ ശ്രേണിയും സേവന വാഗ്ദാനങ്ങളുമാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഹൈദരാബാദില്‍ ഇന്ത്യയിലെ ആദ്യ സ്റ്റോര്‍ ആരംഭിച്ച ഐകിയ 2025 ഓടെ 25 സ്‌റ്റോറുകള്‍ തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്ത് വിപലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്ത വര്‍ഷത്തോടെ ഇ-കൊമേഴ്‌സ് വിഭാഗത്തില്‍ പ്രവേശിക്കാനും ഐകിയ ലക്ഷ്യമിടുന്നുണ്ട്. ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍, അര്‍ബന്‍ ലാഡര്‍, പെപ്പെര്‍ ഫ്രൈ എന്നീ കമ്പനികളുമായാണ് ഫഌപ്കാര്‍ട്ടിന്റെ മത്സരം.

അടുത്തമാസം ആരംഭിക്കുന്ന ബിഗ് ബില്യണ്‍ ഡേ വില്‍പ്പനയോടനുബന്ധിച്ചായിരിക്കും പുതിയ വിഭാഗത്തിന്റെ അവതരണം. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് പെര്‍ഫെക്റ്റ് ഹോംസിന്റെ കീഴില്‍ ഫര്‍ണിഷുവര്‍ എന്ന സെര്‍ട്ടിഫിക്കേഷന്‍ വിഭാഗവും ഉപഭോക്താക്കള്‍ക്കായി ലഭ്യമാക്കും. എന്‍എബിഎല്‍ അക്രഡിറ്റഡ് ടെസ്റ്റിംഗ് ലബോറട്ടറികളിലൂടെ ഇന്‍ട്രോടെക്, എംടിഎസ്, ബിവി, എസ്ജിഎസ് തുടങ്ങിയ പ്രക്രിയകള്‍ക്കും പരിശോധനകള്‍ക്കും ശേഷമാണ് ഈ ഗുണനിലവാര സര്‍ട്ടിഫിക്കേഷന്‍ നല്‍കുക എന്ന് സൂരി ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy
Tags: Amazon, Flipkart

Related Articles