ഡാറ്റാ സംരക്ഷണ ബില്ലില്‍ തെലങ്കാനക്ക് ആശങ്ക

ഡാറ്റാ സംരക്ഷണ ബില്ലില്‍ തെലങ്കാനക്ക് ആശങ്ക

ഹൈദരാബാദ്: നിര്‍ദിഷ്ട ഡാറ്റാ സംരക്ഷണ ബില്ലിന്മേല്‍( ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍) ആശങ്കകള്‍ ചൂണ്ടിക്കാണിച്ച് തെലങ്കാന രംഗത്തെത്തി. ജസ്റ്റിസ് ബിഎന്‍ കൃഷ്ണ കമ്മിറ്റി തയാറാക്കിയ ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ആശങ്ക അറിയിക്കുന്ന ആദ്യ സംസ്ഥാനമാണ് തെലങ്കാന. ആഭ്യന്തരമായി ഡാറ്റ സൂക്ഷിക്കുക എന്നതുള്‍പ്പടെ ബില്‍ മുന്നോട്ടുവെക്കുന്ന ചില ഉപാധികള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും നിക്ഷേപ സാധ്യതകളെയും ബാധിക്കുമോയെന്ന ആശങ്ക തെലങ്കാന ഉന്നയിക്കുന്നു.
ഇത് സംബന്ധിച്ച് തെലങ്കാന ഐടി മന്ത്രി കെ ടി രാമറാവു കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദിന് കത്തെഴുതുമെന്നാണ് സൂചന. കരട് ബില്ലിലുള്ള കര്‍ശന ഉപാധികളും ആവശ്യങ്ങളും അതിര്‍ത്തി കടന്നുള്ള ഇടപാടുകള്‍ സംബന്ധിച്ച മാനദണ്ഡങ്ങളും തെലങ്കാനയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ഭീഷണിയാകുമെന്നും ബിസിനസ് സൗഹാര്‍ദ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കും.
ആഗോള ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഇന്ത്യയിലെ ഉപയോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനകത്തെ സര്‍വറില്‍ തന്നെ സൂക്ഷിക്കണമെന്ന നിര്‍ദേശം ഡാറ്റാ സംരക്ഷണ ബില്ലിന്റെ കരടില്‍ലുണ്ട്. ഇത് പ്രവര്‍ത്തന ചെലവുകള്‍ വര്‍ധിപ്പിക്കുമെന്നും വ്യവസായ വളര്‍ച്ചയെ ബാധിക്കുമെന്നും തെലങ്കാനയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സെപ്റ്റംബര്‍ 30 വരെയാണ് കരട് ബില്ലില്‍ പൊതുജനാഭിപ്രായം അറിയിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുള്ളത്. ഡിസംബറോടുകൂടി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് തീരുമാനം.
എല്ലാ വശങ്ങളും പരിശോധിക്കുന്ന വിപുലമായ നിയമം രൂപീകരിക്കാനുള്ള നടപടികളിലാണ് സര്‍ക്കാരെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ബില്ലിന്മേലുള്ള പൊതുജനങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും പ്രതികരണങ്ങള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. സുരക്ഷ, സ്വകാര്യത, ഇന്നൊവേഷന്‍, സംരക്ഷണം എന്നിവക്കെല്ലാം പരിഗണന നല്‍കുന്ന നിയമമാണ് ലക്ഷ്യമിടുന്നത്.
2014ല്‍ രൂപീകരിച്ച തെലങ്കാന നിക്ഷേപങ്ങളെ പ്രാത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധേയമായ സംസ്ഥാനമാണ്. 2015 മുതല്‍ 11.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപങ്ങളാണ് ഇവിടെ നടന്നത്. നിലവില്‍ രാജ്യത്തെ ഐടി മേഖലയുമായി ബന്ധപ്പെട്ട ഉല്‍പ്പന്ന, സേവന കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് തെലങ്കാന. ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നീ വന്‍കിട ബഹുരാഷ്ട്രാ കമ്പനികളുടെ ഒഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലാണ്. 2016ല്‍ ആപ്പിളിന്റെ മാപ്പ് ഡെവലപ്‌മെന്റ് സെന്ററും ഹൈദരാബാദിലെത്തി.
യൂറോപ്യന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ മാതൃകയില്‍ ഡാറ്റാ സംരക്ഷണത്തിനായി സ്വയം നിയന്ത്രണാവകാശമുള്ള ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി രൂപീകരിക്കണമെന്നാണ് ശ്രീകൃഷ്ണ കമ്മിറ്റിയുടെ ശുപാര്‍ശ. വ്യക്തി വിവരങ്ങളുടെ കാര്യത്തില്‍ പൗരന്മാരുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് പ്രാമുഖ്യം നല്‍കേണ്ടതെന്നും കച്ചവട, വ്യാവസായിക താല്‍പ്പര്യങ്ങള്‍ക്കാകരുതെന്നും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: Tech