ലയന ഏറ്റെടുക്കല്‍ കരാറുകള്‍ എട്ട് മാസത്തെ താഴ്ചയില്‍

ലയന ഏറ്റെടുക്കല്‍ കരാറുകള്‍ എട്ട് മാസത്തെ താഴ്ചയില്‍

ഓഗസ്റ്റില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 37 ശതമാനം കരാറുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഏറ്റെടുക്കല്‍- ലയന ഇടപാടുകള്‍ ഓഗസ്റ്റില്‍ എട്ട് മാസത്തെ താഴ്ന്ന നിലയിലെത്തിയെന്ന് അമേരിക്കന്‍ എക്കൗണ്ടിംഗ് കമ്പനിയായ ഗ്രാന്റ് തോണ്‍ടോണിന്റെ റിപ്പോര്‍ട്ട്. മൊത്തം 0.6 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന 33 കരാറുകളാണ് ഓഗസ്റ്റ് മാസത്തില്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വന്‍കിട ഇടപാടുകള്‍ ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡീല്‍ ട്രാക്കര്‍ റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇടപാടുകളുടെ മൂല്യം 32 ശതമാനം കുറഞ്ഞു. അതേസമയം, ഇടപാടുകളുടെ എണ്ണത്തിലും 31 ശതമാനത്തിന്റെ ഇടിവുണ്ടായി. പാപ്പരത്ത നിയമ പ്രകാരമുള്ള വലിയ ഇടപാടുകളുടെയും മറ്റ് വന്‍ ആഭ്യന്തര, അന്താരാഷ്ട്ര ഇടപാടുകളുടെയും അഭാവം ഓഗസ്റ്റില്‍ പ്രകടമായി. ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ബയോടെക്, മീഡിയ, എന്റര്‍ടെയ്ന്‍മെന്റ് മേഖലകളാണ് കൂടുതല്‍ ഇടപാടുകള്‍ക്ക് സാക്ഷ്യം വഹിച്ചതെന്ന് ഗ്രാന്റ് തോണ്‍ടോണ്‍ ഇന്ത്യ എല്‍എല്‍പി ഡയറക്റ്റര്‍ പങ്കജ് ചോപ്ദ പറഞ്ഞു.
ഓഗസ്റ്റില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 37 ശതമാനം കരാറുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചില വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കാനും പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാനും, ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനും സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സ്വന്തമാക്കുകയായിരുന്നു. മാധ്യമ, വിനോദ മേഖലകളില്‍ നാല് കരാറുകളാണ് പ്രധാനമായും നടന്നത്. ഇതില്‍ രണ്ടെണ്ണം വിനോദ( മള്‍ട്ടിപ്ലെക്‌സ്, ഗെയ്മിംഗ്) മേഖലയിലായിരുന്നു. കോണ്‍സ്റ്റലേഷന്‍ ആല്‍ഫ കാപിറ്റല്‍ കോര്‍പ്പറേഷന്റെ ഏറ്റെടുക്കല്‍ കരാറാണ് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും വലിയ കരാര്‍. 212 മില്യണ്‍ യുഎസ് ഡോളറിന് മെഡാള്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ആല്‍ഫ ഏറ്റെടുത്തത്. ഒരു ഇന്ത്യന്‍ ഡയ്ഗ്‌ണോസ്റ്റിക് കമ്പനിയില്‍ നടന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.
ഓഗസ്റ്റ് മാസത്തില്‍ കരാര്‍ മൂല്യത്തില്‍ ഇടിവ് വന്നെങ്കിലും ജനുവരി-ഓഗസ്റ്റ് കാലയളവില്‍ ലയന-ഏറ്റെടുക്കല്‍ ഇടപാടുകളില്‍ 2.3 മടങ്ങ് റെക്കോഡ് വര്‍ധന വാര്‍ഷികാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ബില്യണ്‍ ഡോളര്‍ വിഭാഗത്തില്‍ 12 കരാറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 100 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള 33 കരാറുകളാണ് നടന്നത്. ബില്യണ്‍ ഡോളര്‍ വിഭാഗത്തില്‍ രണ്ട് കരാറുകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 100 മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള 23 ഇടപാടുകളാണ് നടന്നത്.
ഉപഭോക്തൃ ഉപഭോഗ ശീലങ്ങളും, ജീവിത ശൈലികളും പ്രതിഫലിക്കുന്ന ബിഎഫ്എസ്‌ഐ, കണ്‍സ്യൂമര്‍ ആന്‍ഡ് റീട്ടെയ്ല്‍, ഐടി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ബയോടെക് എന്നീ മേഖലകളിലെ ഇടപാടുകളില്‍ തുടര്‍ന്നും വര്‍ധന രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. കൂടാതെ ഐബിസി നിയമപ്രകാരം പാപ്പരത്ത നടപടികള്‍ നേരിടുന്ന ഊര്‍ജ കമ്പനികളും ലയന ഏറ്റെടുക്കല്‍ കരാറുകളില്‍ ഏര്‍പ്പെടുമെന്ന് ചോപ്ദ പറയുന്നു.

Comments

comments

Categories: Top Stories