ബലേനോ ഉൽപ്പാദനം വർധിപ്പിച്ചു

ബലേനോ ഉൽപ്പാദനം വർധിപ്പിച്ചു

വെയ്റ്റിംഗ് പിരീഡ് കുറയ്ക്കുകയാണ് ലക്ഷ്യം

ന്യൂഡെൽഹി : ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഉൽപ്പാദനം വർധിപ്പിച്ചതായി മാരുതി സുസുകി അറിയിച്ചു. ബുക്കിംഗ് നടത്തിയശേഷം കാർ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് തീരുമാനം. മാരുതി സുസുകിയുടെ പ്രീമിയം കാർ ഡീലർഷിപ്പ് ശൃംഖലയായ നെക്‌സ ഔട്ട്‌ലെറ്റുകളിലൂടെ ഏറ്റവുമധികം വിറ്റുപോകുന്ന മോഡലാണ് ബലേനോ.

ഇന്ത്യയിൽ നാല് ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് മാരുതി സുസുകി ബലേനോ ഈയിടെ താണ്ടിയിരുന്നു. പ്രതിമാസ ടോപ് 10 ബെസ്റ്റ് സെല്ലിംഗ് കാർ പട്ടികയിൽ സ്ഥിരമായി ഇടംപിടിക്കുന്ന വാഹനമാണ് ബലേനോ. 2018 സാമ്പത്തിക വർഷം 1,90,480 യൂണിറ്റ് ബലേനോയാണ് വിറ്റത്. 2017 സാമ്പത്തിക വർഷത്തേക്കാൾ 58 ശതമാനം വളർച്ച !

ഹോണ്ട ജാസിന്റെയും (7.35-9.29 ലക്ഷം രൂപ) ഹ്യുണ്ടായ് ഐ20 യുടെയും (5.41-9.22 ലക്ഷം രൂപ) എതിരാളിയാണ് മാരുതി സുസുകി ബലേനോ. നാല് ട്രിമ്മുകളിൽ ലഭിക്കും. പെട്രോൾ-മാന്വൽ (5.38-7.38 ലക്ഷം രൂപ), പെട്രോൾ-ഓട്ടോമാറ്റിക് (7.12-8.43 ലക്ഷം രൂപ), ഡീസൽ-മാന്വൽ (6.51-8.50 ലക്ഷം രൂപ) എന്നീ പവർട്രെയ്ൻ ഓപ്ഷനുകളിലാണ് മാരുതി സുസുകി ബലേനോ ലഭിക്കുന്നത്.

84 എച്ച്പി ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ 5 സ്പീഡ് മാന്വൽ, സിവിടി എന്നിവയാണ്. 75 എച്ച്പി കരുത്തേകുന്ന 1.3 ലിറ്റർ ഡീസൽ എൻജിൻ 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷനുമായി ചേർത്തിരിക്കുന്നു. പ്രീമിയം ഹാച്ച്ബാക്കിന് ആർഎസ് എന്ന സ്‌പോർടി വേരിയന്റ് കൂടിയുണ്ട്. 8.47 ലക്ഷം രൂപയാണ് വില. ഈ വേരിയന്റിലെ 1.0 ലിറ്റർ, ടർബോ-പെട്രോൾ മോട്ടോർ 102 എച്ച്പി കരുത്തും 150 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും.

ഇന്ത്യയിൽ മാത്രമാണ് ബലേനോ നിർമ്മിക്കുന്നത്. ഇന്ത്യയിൽനിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്ത ആദ്യ കാർ കൂടിയാണ് ബലേനോ. ഓസ്‌ട്രേലിയ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, കിഴക്കനേഷ്യ എന്നിവിടങ്ങളിൽ ബലേനോ വിൽക്കുന്നു.

Comments

comments

Categories: Auto
Tags: Baleno