സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ആസിയാന്‍ നേതാക്കള്‍

സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ആസിയാന്‍ നേതാക്കള്‍

ഹനോയ്: സാമൂഹിക,സാമ്പത്തിക പുരോഗതിക്കായി നാലാം വ്യാവസായിക വിപ്ലവത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തണമെന്ന് ആസിയാന്‍( അസോസിയേഷന്‍ ഓഫ് സൗത്ത്ഈസ്റ്റ് നാഷന്‍സ്) അംഗരരാജ്യങ്ങള്‍. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹനോയില്‍ വെച്ച് സംഘടിപ്പിച്ച 2018 വേള്‍ഡ് ഇക്കണോമിക് ഫോറം ഓണ്‍ ആസിയാന്‍ സമ്മേളനത്തിലാണ് ഡിജിറ്റലൈസേഷന്‍ നയിക്കുന്ന നാലാം വ്യാവസായിക വിപ്ലവത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രതിനിധികള്‍ വിവരിച്ചത്.
ഇന്നത്തെ കാലത്ത് സാമ്പത്തിക വളര്‍ച്ചയുടെ ഉല്‍പ്രേരകവും പ്രധാന ഘടകവും ഡിജിറ്റല്‍വല്‍ക്കരണമാണെന്ന് കംബോഡിയന്‍ പ്രധാനമന്ത്രി സാംദേച്ച് ടെക്കോ ഹുന്‍സെന്‍ പറഞ്ഞു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ വലിയ സാധ്യതകളെ ഉപയോഗപ്പെടുത്താനും പ്രതികൂലമായ സാഹചര്യങ്ങള്‍ തടയാനും ഹുന്‍സെന്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചു. വിദ്യാഭ്യസത്തിന്റെയും പരിശീലനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുക, തൊഴിലാളികളുടെയും സംരംഭകരുടെയും വൈദഗ്ധ്യം ശക്തിപ്പെടുത്തുക, ഇന്നൊവേഷനുകള്‍ ആവശ്യപ്പെടുക, പുതിയ ബിസിനസ് മാതൃകകള്‍ പരിചയപ്പെടുത്തുക, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹുന്‍സെന്‍ മുന്നോട്ടുവെച്ചത്
അതിയന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി ശമ്പളം കുറയുമെന്നും തൊഴില്‍ നഷ്ടപ്പെടുമെന്നുമുള്ള ആശങ്ക ജനങ്ങള്‍ക്ക് വേണ്ടെന്ന് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡേ പറയുന്നു. നാലാം വ്യാവസായിക വിപ്ലവം നടപ്പിലാക്കി കഴിഞ്ഞാല്‍ ഉല്‍പ്പാദന ക്ഷമതയും കാര്യക്ഷമതയും വര്‍ധിക്കും. ഉല്‍പ്പാദന ചെലവ് കുറയുകയും പ്രകൃതി, മനുഷ്യ വിഭവങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നൊവേഷന്‍, മികച്ച വിവരസാങ്കേതിക വിദ്യ, സാങ്കേതികമായ അടിസ്ഥാന സൗകര്യങ്ങള്‍, വേഗത്തിലും സുഗമമവുമായ വ്യാപാരവും നിക്ഷേപവും, അംഗ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശാസ്ത്ര-സാങ്കേതിക വിടവുകള്‍ കുറയ്ക്കല്‍ എന്നീ മേഖലകളില്‍ ആസിയാന്‍ രാജ്യങ്ങള്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കണമെന്ന് ലാവോ പ്രധാനമന്ത്രി ടോംഗ്ലോണ്‍ സിസൗലിത് പറഞ്ഞു.

Comments

comments

Categories: Business & Economy