മൂന്ന് ഐഫോണുകള്‍ കൂടി പുറത്തിറക്കി ആപ്പിള്‍

മൂന്ന് ഐഫോണുകള്‍ കൂടി പുറത്തിറക്കി ആപ്പിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: ടെക് ഭീമന്‍ ആപ്പിള്‍ മൂന്ന് ഐഫോണ്‍ മോഡലുകള്‍ കൂടി പുറത്തിറക്കി. പ്രീമിയം വിഭാഗത്തില്‍പ്പെട്ട ഐഫോണ്‍ 10എസ്, ഐഫോണ്‍ 10എസ് മാക്‌സ്, ഐഫോണ്‍ 10ആര്‍ എന്നിവയാണ് പുതുതായി ആപ്പിള്‍ അവതരിപ്പിച്ചിട്ടുള്ള ഫോണുകള്‍. ബുധനാഴ്ച രാത്രി (ഇന്ത്യന്‍ സമയം 10.30ന്) കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററിലായിരുന്നു ഫോണുകളുടെ പ്രകാശന ചടങ്ങ് നടന്നത്.

ഡുവല്‍ സിം സൗകര്യത്തോടെയുള്ളതാണ് ഐഫോണ്‍ 10 എസും ഐഫോണ്‍ 10എസ് മാക്‌സും. 2എക്‌സ് ഓപ്റ്റിക്കല്‍ സൂം സംവിധാനമുള്ള 12 എംപി+12 എംപി കാമറ, ട്രൂ ടോണ്‍ ക്വാഡ്-എല്‍ഇഡി ഫഌഷ്, 7 എംപി ആര്‍ജിബി കാമറ സെന്‍സര്‍ എന്നിവയാണ് 10എസ് മോഡലുകളുടെ പ്രധാന സവിശേഷതകള്‍. ഐഫോണ്‍ എക്‌സ്ആറിന് 12 എംപി പിന്‍ കാമറ മാത്രമാണുള്ളത്.
64ജിബി, 256ജിബി, 512ജിബി സ്റ്റോറോജ് വാരിയന്റുകളില്‍ ഐഫോണ്‍ 10എസും ഐഫോണ്‍ 10എസ് മാക്‌സും ലഭ്യമാകും. ഗ്രേ, സില്‍വര്‍, ന്യൂ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഈ ഫോണുകള്‍ ലഭ്യമാണ്. 99,900 രൂപ മുതല്‍ 1,09,900 രൂപ വരെയാണ് ഇവയുടെ വില. ഐഫോണ്‍ 10എസ്, ഐഫോണ്‍ 10എസ് മാക്‌സ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 10 ആറിന് താരതമ്യേന വില കുറവാണ്. 76,900 രൂപയാണ് ഈ മോഡലിന്റെ വില.
ആപ്പിള്‍ മുമ്പ് പുറത്തിറക്കിയ ഐഫോണ്‍ 10ന്റെ പുതുക്കിയ പതിപ്പാണ് ഐഫോണ്‍ 10എസ്. സ്‌റ്റെയ്ന്‍ലെസ് സര്‍ജിക്കല്‍ ഗ്രേഡ് സ്റ്റീലിലാണ് പുതിയ ഫോണിന്റെ നിര്‍മാണം. എഡ്ജ്-ടു-എഡ്ജ് ഡിസ്‌പ്ലേയിലാണ് മൂന്ന് ഫോണുകളും ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഫേസ് ഐഡി ഇന്റഗ്രേഷനും മൂന്ന് ഫോണുകളിലുമുണ്ട്. ഐഫോണ്‍ 10ല്‍ 5.8 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരുന്നത്. ഐഫോണ്‍ 10 എസില്‍ 6.5 ഇഞ്ച് വലിപ്പമുള്ള ഒലെഡ് സ്‌ക്രീനാണുള്ളത്. ഐഫോണ്‍ 10ആറിന് 6.1 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ ആണ് നല്‍കിയിട്ടുള്ളത്.

ഈ മൂന്ന് ഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ചിന്റെ നാലാം പതിപ്പും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മികച്ച ഹെല്‍ത്ത് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ആപ്പിളിന്റെ പുതിയ വാച്ച്. ഹൃദയമിടിപ്പ് വിവിരങ്ങള്‍ അറിയാനുള്ള സംവിധാനത്തിന് പുറമെ ഹൃദയ താളം ട്രാക്ക് ചെയ്യുന്നതിനുള്ള ഫീച്ചറുകളും വാച്ചിലുണ്ട്.

Comments

comments

Categories: Tech
Tags: Apple, Iphone