അഞ്ച് മുന്‍നിര ടെക് കമ്പനികളുടെ നിയമനങ്ങളില്‍ വര്‍ധന

അഞ്ച് മുന്‍നിര ടെക് കമ്പനികളുടെ നിയമനങ്ങളില്‍ വര്‍ധന

കരാറുകളുടെ എണ്ണത്തിലും വര്‍ധനയെന്ന നിരീക്ഷണം

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തെ അഞ്ച് മുന്‍നിര സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കമ്പനികളുടെ നിയമനങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 24,047 പേരെയാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ടിസിഎസും കൊഗ്നിസെന്റും ഇന്‍ഫോസിസും വിപ്രോയും എച്ച്‌സിഎല്‍ ടെക്‌നോളജീസും സംയുക്തമായി കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാനകാലയളവില്‍ 13,772 പേരെ നിയമിച്ച സ്ഥാനത്താണിത്. ജൂണ്‍ അവസാനം വരെയുള്ള കണക്കെടുത്താല്‍ 1.17 മില്യണ്‍ ജീവനക്കാരാണ് അഞ്ച് കമ്പനികളിലുമായുള്ളത്.
നിയമനങ്ങളിലുണ്ടായ വര്‍ധനയുടെ പശ്ചാത്തലത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളിലെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്താന്‍ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് മേഖലയ്ക്ക് സാധിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിയമന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കമ്പനികള്‍ വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല.
ഔട്ട്‌സേഴ്‌സിംഗ് ടെക്‌നോളജി ജോലികള്‍ക്കായി കൂടുതല്‍ ചെലവിടല്‍ നടത്താന്‍ കമ്പനികള്‍ ഒരുങ്ങുന്നതും ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്കായി കമ്പനികള്‍ കൂടുതല്‍ ചെലവിടല്‍ നടത്തുന്നതുമാണ് നിയമനങ്ങള്‍ വര്‍ധിപ്പിക്കുന്നത്. മികച്ച രീതിയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് ഫോര്‍ച്യൂണ്‍ 1000 കമ്പനികള്‍ ഐടി സംരംഭങ്ങള്‍ ലഭ്യമാക്കുന്ന ഡാറ്റ അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് ഔട്ട്‌സോഴ്‌സിംഗ് കമ്പനികളെ കൂടുതല്‍ കരാറുകള്‍ നേടുന്നതിനും കൂടുതല്‍ നിയമനങ്ങള്‍ നടത്തുന്നതിനും സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഡിജിറ്റല്‍ പരിവര്‍ത്തനവും കരാറുകള്‍ വര്‍ധിക്കാന്‍ ഇടയാക്കി. ഡിസംബര്‍ മുതലുള്ള കാലയളവില്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിസിഎസ് മൂന്ന് വന്‍കിട കരാറുകളാണ് നേടിയത്. 5.6 ബില്യണ്‍ ഡോളറാണ് കരാറുകളുടെ സംയോജിത മൂല്യം. കഴിഞ്ഞയാഴ്ച വിപ്രോയും 1.6 ബില്യണ്‍ ഡോളറിന്റെ ഒരു കരാര്‍ സ്വന്തമാക്കിയിരുന്നു.
ഏത് പരിവര്‍ത്തനത്തിന്റെയും ആദ്യ ഘട്ടം എല്ലായ്‌പ്പോഴും വെല്ലുവിളി നിറഞ്ഞതായിരിക്കും. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം എല്ലാ ഐടി കമ്പനികളും പ്രതിസന്ധി നേരിടുകയായിരുന്നു. ഇപ്പോള്‍ ടിസിഎസിനെയും കൊഗ്നിസെന്റിനെയും ഇന്‍ഫോസിസിനെയും വിപ്രോയെയും എച്ച്‌സിഎല്‍ ടെക്‌നോളജീസിനെയും സംബന്ധിച്ചിടത്തോളം മൊത്തം വരുമാനത്തിന്റെ നാലിലൊന്ന് ഡിജിറ്റല്‍ വിഭാഗത്തില്‍ നിന്നുള്ളതാണെന്ന് കൊഗ്നിസെന്റിലെ ഒരു എക്‌സിക്യൂട്ടിവ് പറയുന്നു. കമ്പനികള്‍ കൂടുതലായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം അധിഷ്ഠിത ബിസിനസ് സമീപനത്തിലേക്ക് മാറികൊണ്ടിരിക്കുകയാണെന്നും കൊഗ്നിസെന്റ് എക്‌സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Tech