സൗരോര്‍ജ്ജം കൊണ്ട് പശ്ചിമബംഗാളിന്റെ മുഖം മിനുക്കിയവര്‍

സൗരോര്‍ജ്ജം കൊണ്ട് പശ്ചിമബംഗാളിന്റെ മുഖം മിനുക്കിയവര്‍

വൈദ്യുതി, ലോകത്തിന്റെ ഗതി തന്നെ മാറ്റിയെടുത്ത മനുഷ്യന്റെ മികച്ച കണ്ടു പിടുത്തങ്ങളില്‍ ഒന്ന്. എന്നാല്‍ വെള്ളത്തില്‍ നിന്നും ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയെക്കാള്‍ എക്കാലത്തും ലഭ്യത ഉറപ്പായ ഒന്നാണ് സരോര്‍ജ്ജത്തില്‍ നിന്നുള്ള ഊര്‍ജ ഉല്‍പ്പാദനം. ഇത് മനസിലാക്കി കൊണ്ടാണ് 2015 ല്‍ അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ എന്ന സ്ഥാപനത്തിന് രൂപം നല്‍കിയത്. വിപണിയോടുള്ള വ്യത്യസ്തമായ സമീപനം കൊണ്ടും മികച്ച വില്‍പനാനന്തര സേവനം കൊണ്ടും പശ്ചിമ ബംഗാളിന്റെ സൗരോര്‍ജ്ജ മേഖലയുടെ പ്രധാന ഭാഗമാകാന്‍ ഈ സ്ഥാപനത്തിനായി

തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു പശ്ചിമബംഗാളിലെ കൊല്‍ക്കത്താ നഗരത്തില്‍ ഒത്തുകൂടിയ അഞ്ചു സുഹൃത്തുക്കളുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ. ബിരുദാനന്തര ബിരുദ പഠനശേഷം നഗരത്തിലെ മുന്‍നിര ഐടി കമ്പനികളില്‍ മികച്ച ശമ്പളത്തില്‍ ജോലി ലഭിച്ചിട്ട് കുറച്ചുനാളായി ആവര്‍ത്തന വിരസതയുള്ള ജോലി സുഹൃത്തുക്കളായ അഭിഷേക് പ്രതാപ് സിംഗ്, വിജയ് ശങ്കര്‍ ശര്‍മ്മ എന്നിവര്‍ക്ക് മടുത്തുതുടങ്ങിയിരുന്നു. അപ്പോഴാണ് മറ്റു മൂന്നു സുഹൃത്തുക്കള്‍ കൂടി ഗ്രൂപ്പിലേക്ക് ചേരുന്നത്. എല്ലാവര്‍ക്കും പൊതുവെയുള്ള ആഗ്രഹം ഒന്നുമാത്രം, സ്വന്തമായി എന്തെങ്കിലും ബിസിനസ് തുടങ്ങണം. മറ്റുള്ളവരുടെ കീഴില്‍ ശമ്പളക്കാരനായി നില്‍ക്കുന്നതിലും നല്ലത് ചെറുതെങ്കിലും സ്വന്തമായി വരുമാനം ലഭിക്കുന്ന ഒരു സ്ഥാപനം നടത്തുന്നതല്ലേ എന്ന ചിന്തയായിരുന്നു ഈ സുഹൃത്തുക്കള്‍ക്ക്.

പലവിധ ആശയങ്ങള്‍ കൂട്ടുകാര്‍ ചര്‍ച്ച ചെയ്തു. പലതും പ്രവര്‍ത്തികമാക്കുന്നതില്‍ ഫണ്ട് ഒരു പ്രശ്‌നമായി വന്നു. അങ്ങനെയിരിക്കെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഊര്‍ജ്ജ പ്രതിസന്ധിയെ പറ്റി ഈ കൂട്ടുകാര്‍ ചിന്തിക്കുന്നത്. ഹൈഡല്‍ പവര്‍ ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മാണം പൂര്‍ണമായ ഒരു പരിഹാരമല്ല. വെള്ളത്തിന്റെ അളവ് കുറയുന്ന വേനല്‍ക്കാലങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. അതിനാല്‍ ഊര്‍ജ സംരക്ഷണത്തിന് ഒരു ബദല്‍മാര്‍ഗം കണ്ടുപിടിക്കുന്നതാണ് ഉചിതം എന്ന് ഈ കൂട്ടുകാര്‍ക്ക് മനസിലായി.പിന്നീട് ഈ രംഗത്തെ നിക്ഷേപ സാധ്യതകളെ പറ്റിയായി ചര്‍ച്ച. ഒടുവില്‍ സൗരോര്‍ജത്തില്‍ സാധ്യതകളിലേക്കും ചര്‍ച്ച നീണ്ടു.

എല്ലാക്കാലത്തും ലഭ്യമായതും പുനര്‍മിക്കാന്‍ കഴിയുന്നതുമായ ഒരു ഊര്‍ജ്ജ രൂപമാണ് സൗരോര്‍ജ്ജം എന്ന ധാരണയില്‍ നിന്നുമാണ് വ്യവസായികതലത്തില്‍ സൗരോര്‍ജത്തില്‍ സാധ്യതകളെപ്പറ്റി ഈ കൂട്ടുകാര്‍ പഠിക്കുന്നത്. സാദ്ധ്യതകള്‍ നിരവധി ഉണ്ടായിട്ടും എന്തുകൊണ്ടോ പശ്ചിമ ബംഗാളില്‍ സൗരോര്‍ജ്ജത്തിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നത് ഇവര്‍ക്ക് മുതല്‍ക്കൂട്ടായി.പ്രകൃതിയില്‍ നിന്ന് തന്നെയുള്ള ഊര്‍ജ്ജ സ്രോതസായ സൂര്യപ്രകാശം ഉപയോഗിച്ച് സോളാര്‍ പാനലുകള്‍ വഴി വൈദ്യുതോല്‍പാദനം നടത്തുന്ന ഒരു സ്ഥാപനത്തിലൂടെ സംരംഭകത്വത്തിലെ പുതിയ അധ്യായം കുറിക്കാനും നാടിന് വഴിവിളക്കാകാനും തങ്ങള്‍ക്ക് സാധിക്കും എന്ന് മനസിലാക്കിയ ഈ കൂട്ടുകാര്‍ ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ എന്ന സ്ഥാപനത്തിന് 2015 ല്‍ തുടക്കം കുറിക്കുകയായിരുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭം

പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല ഈ കൂട്ടുകാര്‍ ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ ആരംഭിച്ചിരിക്കുന്നത്. സാമൂഹികമായ ഉന്നമനം കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സ്ഥാപനത്തിന് അഞ്ചംഗ സംഘം തുടക്കം കുറിച്ചിരിക്കുന്നത്.നാടെങ്ങും സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിക്കുക എന്നത് തന്നെയായിരുന്നു ഇവരുടെ പ്രാഥമിക ഉദ്ദേശം.സ്ഥാപനത്തിന്റെ പ്രവര്‍ത്തങ്ങളില്‍ പങ്കാളികളാകുന്നതിന്റെ ആദ്യപടിയായി അഞ്ചു പേരും ജോലിയില്‍ നിന്നും രാജിവച്ചു. സ്വകാര്യ സമ്പാദ്യത്തില്‍ നിന്നും കണ്ടെത്തിയ പണവും അല്പം സംരംഭകത്വ ലോണും എല്ലാംകൂടി ചേര്‍ത്ത് സോളാര്‍ പാനലുകള്‍ വാങ്ങി ബിസിനസ് ആരംഭിക്കുന്നതിനുള്ള വഴി കണ്ടെത്തി. ആദ്യപ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ കൊല്‍ക്കത്ത നഗരം കേന്ദ്രീകരിച്ചായിരുന്നു.

സൗരോര്‍ജ്ജ പ്ലാന്റുകളെപ്പറ്റി കേട്ടിട്ടുണ്ട് എങ്കിലും വ്യക്തമായ ധാരണയോ അത് ഘടിപ്പിക്കുന്നതിന്റെ ഗുണങ്ങളോ ഒന്നും തന്നെ പശ്ചിമ ബംഗാള്‍ ജനതക്ക് അറിയില്ലായിരുന്നു . അതിനാല്‍ ജനങ്ങളെ സൗരോര്‍ജ്ജത്തിന്റെ സാധ്യതകളെ പറ്റി ബോധവാന്മാരാക്കുക എന്നതായിരുന്നു ആദ്യപടി. ആദ്യഘട്ടം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതോടെ ആത്മവിശ്വാസം വര്‍ധിച്ചു. എംബിഎ ബിരുദധാരിയായ അഭിഷേക് പ്രതാപ് സിംഗ് ആണ് മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. സ്ഥാപനത്തിന്റെ സിഇഒയും അഭിഷേക് പ്രതാപ് സിംഗ് തന്നെയായിരുന്നു.

”പാരിസ്ഥിതിക ബോധവല്‍കരണം എന്ന നിലയില്‍ കൂടിയാണ് തങ്ങള്‍ സംരംഭം തുടങ്ങിയത്. പ്രകൃതിദത്ത ഊര്‍ജ്ജം വിനിയോഗിക്കുന്നതില്‍ പശ്ചിമ ബംഗാള്‍ മുമ്പ് ഏറെ പിന്നിലായിരുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ സംസ്ഥാനത്ത് വലിയ രീതിയിലുള്ള ഊര്‍ജ്ജ പ്രതിസന്ധി ഉണ്ടാകും എന്ന് ഞങ്ങള്‍ക്ക് മനസിലായി. അതിനാല്‍ വീടുകള്‍ , വിദ്യാലയങ്ങള്‍, ഇന്ഡസ്ട്രിയല്‍ ബില്‍ഡിംഗുകള്‍ എന്നിവയില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന നടപടിയെ ഞങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിച്ചു.കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രതീക്ഷക്ക് അപ്പുറമുള്ള മാറ്റമാണ് ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചത്. ഇപ്പോള്‍ കെട്ടിടങ്ങളുടെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്.ഒപ്പം തങ്ങളുടെ പ്രോജക്ടിനും സര്‍ക്കാര്‍ പിന്തുണയുണ്ട് അഭിഷേക് പറയുന്നു.

ഓരോ സ്ഥാപനങ്ങളെയും വീടുകളെയും സമീപിച്ച് സോളാര്‍ പ്ലേറ്റുകള്‍ പറ്റി ബോധവത്കരണം നടത്തി ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ അവരെക്കൊണ്ട് വാങ്ങിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തിരുന്നത്. ഉല്‍പ്പന്നം, ഇന്‍സ്റ്റലേഷന്‍, തുടര്‍പ്രവര്‍ത്തനം എന്നിവ ചേര്‍ത്തുള്ള ചാര്‍ജാണ് ഇതിനായി ഈടാക്കിയിരുന്നത്. കാലാവധി കഴിയുന്നതിന് മുന്‍പും ശേഷവും സംഭവിക്കുന്ന കേടുപാടുകള്‍ക്ക് സവീസ് ചാര്‍ജ് ഇല്ലാതെയും ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കിയും ഇന്‍വിക്റ്റസ് തന്നെ പരിഹാരം കണ്ടെത്തും. ഈ ഒരൊറ്റ കാരണം കൊണ്ടാണ് ആളുകള്‍ ഈ സ്ഥാപനത്തെ ഇത്രയധികം വിശ്വസിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരമാണ് ഉള്ളത് എന്നും ഇവര്‍ ഉറപ്പ് പറയുന്നു.

അഞ്ച് അംഗങ്ങളുമായാണ് പ്രവര്‍ത്തനം ആരംഭിച്ചത് എങ്കിലും ഇന്‍വിക്റ്റസില്‍ ഇപ്പോള്‍ 26 അംഗങ്ങളാണുള്ളത്. സോളാര്‍ പാനലുകള്‍ തെരഞ്ഞെടുക്കുക,ഘടിപ്പിക്കുക, ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ് നടത്തുക, മാര്‍ക്കറ്റിങ് രംഗത്തെ നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ 26 അംഗ സംഘമാണ്.ഇവരില്‍ രണ്ട് പേര്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ 40 വര്‍ഷത്തെ പരിചയം ഉള്ളവരാണ്. സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഏറെ പ്രാവീണ്യം വേണ്ട തൊഴിലാണ്. ഇവരുടെ നേതൃത്വത്തിലാണ് സ്ഥാപനങ്ങളെ സമീപിച്ച് അവയ്ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. കോര്‍പറേറ്റ് സ്ഥാപനങ്ങളെയും വന്‍കിട വ്യവസായ സ്ഥാപനങ്ങളെയുമാണ് ഇന്‍വിക്റ്റസ് ഇപ്പോള്‍ പ്രധാനമായും സമീപിക്കുന്നത്. വൈദ്യുതിയുടെ ഉപയോഗം കൂടുതലായ ഇത്തരം സ്ഥാപനങ്ങളില്‍ പാരമ്പര്യ ഊര്‍ജ്ജ സ്രോതസ് നിര്‍ബന്ധമായി വേണ്ടി വരും എന്നതിനാലാണിത്.


ഡീസല്‍ അടിച്ചു പണം കളയണ്ട

ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ്ജയുടെ നേതൃത്വത്തില്‍ പശ്ചിമബംഗാളിലെ മുന്‍നിര കോര്‍പ്പറേറ്റുകള്‍ എല്ലാം തന്നെ തങ്ങളുടെ സ്ഥാപനത്തില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ ഘടിപ്പിച്ചു. ഇതിനുമുന്‍പ് പശ്ചിമ ബംഗാളിലെ ആയിരക്കണക്കിന് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഡീസല്‍ പ്ലാന്റുകളെയാണ് ആശ്രയിച്ചിരുന്നത്.എന്നാല്‍ ഡീസല്‍ വില അനുദിനം വര്‍ധിക്കുന്നത് ഇവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിക്കൊണ്ടിരുന്നു. മാത്രമല്ല ഡീസല്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പോലുമാകാത്ത സ്ഥിതിയാണ് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നിലനില്‍ക്കുന്നത്. ഈ അവസ്ഥയില്‍ ഡീസല്‍ പ്ലാന്റുകളെ ആശ്രയിക്കുക ഗുണകരമാകില്ല എന്ന തിരിച്ചറിവ് കൂടി ആയപ്പോള്‍ ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ്ജ വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്ന ഡീസല്‍ പ്ലാന്റുകള്‍ ഒഴിവാക്കി ആളുകള്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്വീകരിച്ചു തുടങ്ങി. സോളാര്‍ പാനലുകളാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് തിരഞ്ഞെടുക്കാനാകുന്ന ഏറ്റവും ഉചിത മാര്‍ഗം എന്ന തിരിച്ചറിവിലൂടെ ബംഗാള്‍ ജനത മാറിയപ്പോള്‍ അത് ഇന്‍വിക്റ്റസിന്റെ വിജയമായി മാറി.

വെറുതെ സ്ഥാപനങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക മാത്രമല്ല അവയുടെ പരിപാലനവും പ്രവര്‍ത്തനങ്ങളുമെല്ലാം ഇന്‍വിക്റ്റസ് തന്നെയാണ് ഏറ്റെടുത്ത നിയന്ത്രിക്കുന്നത്.ഇന്‍വിക്റ്റസില്‍ നിന്നും പണം നല്‍കി പാനലുകള്‍ വാങ്ങുകയല്ല ചെയ്യുന്നത്. പകരം പാനലുകളുടെ ഉടമസ്ഥതയും ഇന്‍വിക്റ്റസിന് തന്നെയായിരിക്കും.വൈദ്യുതി ഉല്‍പ്പാദനത്തിന്റെയും വിതരണത്തിന്റെ നേതൃത്വം ഇവര്‍ വഹിക്കും. തങ്ങള്‍ ചിലവാക്കുന്ന വൈദ്യുതിക്ക് പണമടയ്ക്കുക മാത്രമാണ് സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്.

”സോളാര്‍ പാനലുകള്‍ ലാഭകരമാണ് എന്ന് അറിയാമെങ്കിലും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായി വരുന്ന മൂലധനമാണ് പലരെയും ഇതില്‍നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നത്. ജനങ്ങള്‍ അവരുടെ മറ്റ് നിക്ഷേപങ്ങളുമായി സോളാര്‍ പാനലുകളെ താരത്യമപ്പെടുത്തിയാണ് ചിന്തിക്കുന്നത്. ഷെയര്‍മാര്‍ക്കറ്റിലും റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിനുമൊക്കെ നിക്ഷേപിച്ചാല്‍ പ്രതിഫലം കിട്ടും. എന്നാല്‍ സോളാറില്‍ പണം നിക്ഷേപിച്ചാല്‍ എന്താണ് ഗുണം എന്നാണ് പലരുടെയും ചോദ്യം. സ്വന്തമായി പാനല്‍ വാങ്ങാതെ ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നല്‍കുന്ന രീതി വന്നപ്പോള്‍ ജനങ്ങള്‍ക്ക് മനസിലായി എന്തുകൊണ്ടാണ് സോളാര്‍ പാനലുകള്‍ ലാഭകരമാണ് എന്ന് പറയുന്നതെന്ന്.സാധാരണ ഹൈഡല്‍ വൈദ്യുതിക്കായി ചെലവാക്കുന്നതിന്റെ പകുതിയില്‍ താഴെ മാത്രമാണ് സോളാറിന്റെ പ്രതിമാസ ചെലവ് വരിക” അഭിഷേക് പറയുന്നു .

കൊല്‍ക്കത്ത നഗരത്തിന് പുറമെ സാള്‍ട്ട് ലേക്കിലും ന്യൂ ടൗണിലും രാജ്ഹര്‍ഹട്ടിലുമെല്ലാം ബോധവല്‍കരണം നടത്തി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നുണ്ട് ഇന്‍വിക്റ്റസ്. ആശുപത്രികള്‍, ഐ ടി കമ്പനികള്‍. റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകള്‍ എന്നിവരാണ് പ്രധാന ഉപഭോക്താക്കള്‍. അതിനാല്‍ ഇവരുമായി ടൈഅപ്പ് ഉണ്ടാക്കി പ്രവര്‍ത്തിക്കുന്ന തന്ത്രമാണ് ഇന്‍വിക്റ്റസ് പരീക്ഷിക്കുന്നത്.ആശുപത്രികള്‍, ഐ ടി കമ്പനികള്‍. റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകള്‍ എന്ന്‌നിവരെ

സമീപിച്ച് കെട്ടിടങ്ങള്‍ക്ക് മുകളില്‍ പാനലുകള്‍ സ്ഥാപിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഊര്‍ജ്ജം സോളാര്‍ പോനുലകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ബാക്കിവരുന്ന വൈദ്യുതി സംഭരിച്ച് വെക്കുന്നു.ഈ മാതൃകക്ക് അംഗീകാരം ലഭിക്കുന്നതിനോടൊപ്പം തങ്ങളുടെ സ്ഥാപനവും വളരുന്നു എന്ന് അഭിഷേക് പറയുന്നു.

രാജ്യത്തുടനീളം ഇന്‍വിക്റ്റസിന്റെ പ്രൊജക്റ്റിന് വലിയ സാധ്യതയുണ്ട്.അതിനാല്‍ അടുത്ത ഘട്ട വികസനത്തിന്റെ ഭാഗമായി ബെംഗളുരുവിലേക്കും ഡല്‍ഹിയിലേക്കും ഇന്‍വിക്റ്റസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് ഈ ചങ്ങാതിമാര്‍.അതിനായുള്ള വികസന പദ്ധതികളുടെ ചര്‍ച്ച പുരോഗമിച്ചു വരികയാണ്.

Comments

comments

Categories: FK Special, Slider
Tags: solar energy