സെന്‍സര്‍ഷിപ്പിനെതിരെ ആമസോണ്‍; ഉപഭോക്താക്കളെ കുറയ്ക്കുമെന്ന് ആശങ്ക

സെന്‍സര്‍ഷിപ്പിനെതിരെ ആമസോണ്‍; ഉപഭോക്താക്കളെ കുറയ്ക്കുമെന്ന് ആശങ്ക

സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന ഇന്ത്യയില്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് കമ്പനികളെ നിര്‍ദേശത്തോടാണ് ആമസോണിന് വിയോജിപ്പ്

ന്യൂഡെല്‍ഹി: സ്വന്തമായി സെന്‍സര്‍ഷിപ്പ് ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള വീഡിയോ ഉള്ളടക്ക പ്ലാറ്റ്‌ഫോമുകളുടെ നീക്കത്തിനെതിരെ ആമസോണ്‍ രംഗത്ത്. ആമസോണ്‍ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത വീഡിയോ സ്ട്രീമിംഗ് സേവനമാണ് നല്‍കുന്നത്. സെന്‍സര്‍ഷിപ്പ് വഴി തങ്ങള്‍ പണം മുടക്കി കാണുന്ന സിനിമകളും ഷോകളും നിയന്ത്രിക്കുന്നത് ഉപഭോക്താക്കളുടെ എതിര്‍പ്പിന് കാരണമാകുമെന്നാണ് ആമസോണിന്റെ ആശങ്ക.

നെറ്റ്ഫഌക്‌സ്, ഹോട്ട്‌സ്റ്റാര്‍ പോലുള്ള കമ്പനികളാണ് സെന്‍സര്‍ഷിപ്പ് പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത്. ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കങ്ങള്‍ മതവികാരം വ്രണപ്പെടുത്തല്‍, ആക്രമണതിന് പ്രോല്‍സാഹനം നല്‍കല്‍, വ്യക്തിഹത്യ, സംസ്‌കാരത്തിനു യോജിക്കാത്തവ, സ്ത്രീ വിരുദ്ധത തുടങ്ങിയ ആരോപണങ്ങളാല്‍ പലപ്പോലും വിമര്‍ശനങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും കാരണമാകുമ്പോഴും ഇന്ത്യയില്‍ ഇവ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കാര്യക്ഷമമായ സംവിധാനമില്ലാത്ത സാഹചര്യമാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് സ്വന്തമായി സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ പ്ലാറ്റ്‌ഫോമുകള്‍ ഒരുങ്ങിയത്.

അടുത്തിടെ ഒബ്‌സെര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വീഡിയോ ഓണ്‍ ഡിമാന്റ് ബിസിനസ് മേഖലയിലെ മുന്‍നിര കമ്പനികള്‍ ന്യൂഡെല്‍ഹിയില്‍ യോഗം ചേരുകയും സെന്‍സര്‍ഷിപ്പ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകളെപ്പറ്റി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയിലെ നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതാവസ്ഥയും സെന്‍സര്‍ഷിപ്പിനെ സംബന്ധിച്ചുള്ള അഭിപ്രായമാറ്റങ്ങളും കോടതി ഉത്തരവുകളും രാജ്യത്തെ തങ്ങളുടെ ബിസിനസ് സാധ്യതയില്‍ സ്വാധീനം ചെലുത്തുമെന്ന ആശങ്ക ചര്‍ച്ചയില്‍ പങ്കുവെക്കപ്പെട്ടിരുന്നു.

വിപണിയില്‍ ആമസോണ്‍ പ്രൈമിന്റെ എതിരാളികളായ നെറ്റ്ഫഌക്‌സ്, സോണി പിക്‌ചേഴ്‌സ്, സീ5 എന്നിവര്‍ തങ്ങളുടേതായ മാനദണ്ഡങ്ങളുപയോഗിച്ച് ഉള്ളടക്കങ്ങളെ വിലയിരുത്തുകയും വ്യക്തികള്‍ക്കും മതസമൂഹത്തിനും സാമൂഹ്യതലത്തിലും പ്രശ്‌നം സൃഷ്ടിക്കാവുന്ന ഉള്ളടക്കങ്ങളും ചിത്രങ്ങളും ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. തെക്കു കിഴക്കന്‍ ഏഷ്യയില്‍ നെറ്റ്ഫഌക്‌സ്, ഫോക്‌സ്, വാള്‍ട്ട് ഡിസ്‌നി എന്നിവര്‍ ഇത്തരത്തില്‍ സെന്‍സര്‍ഷിപ്പ് ചട്ടങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

Comments

comments

Categories: Tech
Tags: Amazon