സ്വയമോടുന്ന മോട്ടോര്‍സൈക്കിളുമായി ബിഎംഡബ്ല്യു

സ്വയമോടുന്ന മോട്ടോര്‍സൈക്കിളുമായി ബിഎംഡബ്ല്യു

കണക്റ്റഡ്‌റൈഡ്’ സെല്‍ഫ് റൈഡിംഗ് കണ്‍സെപ്റ്റ് വികസിപ്പിച്ചു

മ്യൂണിക്ക് : ഓട്ടോണമസ് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുമായി ബിഎംഡബ്ല്യു മോട്ടോറാഡ്. ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് മോട്ടോര്‍സൈക്കിള്‍ അടിസ്ഥാനമാക്കിയാണ് ‘കണക്റ്റഡ്‌റൈഡ്’ സെല്‍ഫ് ഡ്രൈവിംഗ് കണ്‍സെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത്. റൈഡര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പരീക്ഷണ വാഹനമാണിതെന്ന് ജര്‍മ്മന്‍ ബ്രാന്‍ഡ് വ്യക്തമാക്കുന്നു.

മനുഷ്യന്‍ റൈഡ് ചെയ്യുന്ന സാഹചര്യങ്ങളിലെ അതേ സുരക്ഷാ സംവിധാനങ്ങള്‍ ഇരുചക്ര വാഹനത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ഓട്ടോണമസ് ബൈക്ക് എന്‍ജിനീയര്‍മാരെ സഹായിക്കും. മനുഷ്യന്‍ മോട്ടോര്‍സൈക്കിള്‍ നിയന്ത്രിക്കണമെന്നുതന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ് വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളുടെ സ്വഭാവം പരിഗണിച്ച് ഈ സുരക്ഷാ സംവിധാനം മുന്നറിയിപ്പ് നല്‍കുകയും വേണ്ടിവന്നാല്‍ ഇടപെടുകയും ചെയ്യും.

ഓട്ടോണമസ് സാങ്കേതികവിദ്യ ഏതുവിധത്തിലാണ് പ്രവര്‍ത്തിക്കുകയെന്ന് ബിഎംഡബ്ല്യു വ്യക്തമാക്കിയില്ല. എന്നാല്‍ സ്റ്റിയറിംഗ് ആക്‌ച്വേറ്റര്‍ മോട്ടോര്‍ ഉണ്ടായിരിക്കും. ക്ലച്ച്, ത്രോട്ടില്‍, ഗിയര്‍ നിര്‍ദ്ദേശങ്ങള്‍ ഒരു സെന്‍സര്‍ മനസ്സിലാക്കി കൈകാര്യം ചെയ്യും. എന്നാല്‍ മോട്ടോര്‍സൈക്കിള്‍ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്നതിന് പ്രത്യേക തരം സെന്‍സറുകളോ അഡാപ്റ്റീവ് സ്റ്റിയറിംഗ് സംവിധാനമോ ഉണ്ടാകില്ല. മനുഷ്യ റൈഡര്‍ മോട്ടോര്‍സൈക്കിള്‍ എങ്ങനെയാണ് ബാലന്‍സ് ചെയ്യുന്നതെന്ന് അനുകരിക്കാനാണ് ബിഎംഡബ്ല്യു ശ്രമിക്കുന്നത്. മോട്ടോര്‍സൈക്കിള്‍ നിര്‍ത്താനൊരുങ്ങുമ്പോള്‍ സൈഡ് സ്റ്റാന്‍ഡ് സ്വയം പ്രവര്‍ത്തിക്കും. അതേസമയം ഓട്ടോണമസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചുതുടങ്ങുന്നതിന് ഇനിയും വര്‍ഷങ്ങളെടുക്കും.

നേരത്തെ ഹോണ്ടയും യമഹയും സെല്‍ഫ് റൈഡിംഗ് മോട്ടോര്‍സൈക്കിള്‍ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റൈഡര്‍മാര്‍ക്ക് ബ്ലൈന്‍ഡ് സ്‌പോട്ട് സംബന്ധിച്ച വിവരം കൈമാറുന്നതിന് ഡുകാറ്റിയും കെടിഎമ്മും റഡാര്‍ & സെന്‍സര്‍ അധിഷ്ഠിത സംവിധാനം പ്രദര്‍ശിപ്പിക്കുകയുണ്ടായി.

Comments

comments

Categories: Auto
Tags: BMW