റഷ്യ-ചൈന സഖ്യം; ഇന്ത്യയും കരുതിയിരിക്കുക

റഷ്യ-ചൈന സഖ്യം; ഇന്ത്യയും കരുതിയിരിക്കുക

അമേരിക്കയ്‌ക്കെതിരെയുള്ള പടയൊരുക്കമാണ് റഷ്യയും ചൈനയും നടത്തുന്നത്. എന്നാല്‍ പുതിയ ലോകക്രമത്തിനായുള്ള ഗൂഢ പദ്ധതിയുടെ ഭാഗം കൂടിയാണത്. ഇന്ത്യയും കരുതിയിരിക്കേണ്ടതുണ്ട്

മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ചൈനയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാകുകയാണ്, സൈനികപരമായും സാമ്പത്തികപരമായും. അമേരിക്കയെ ലക്ഷ്യമിട്ടുള്ളതയാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യയും ജപ്പാനും ഉള്‍പ്പടെയുള്ള രാജ്യങ്ങളും കരുതിയിരിക്കേണ്ടതുണ്ട്. കാരണം ചൈനയുടെയും റഷ്യയുടെയും ഗൂഢോദ്ദേശ്യങ്ങള്‍ ജനാധിപത്യത്തിലും ഉദാരവല്‍ക്കരണത്തിലും അധിഷ്ഠിതമായ സ്വതന്ത്ര ലോകത്തിന് ഭീഷണിയാണെന്നതു തന്നെ.

ചൊവ്വാഴ്ച്ച ആരംഭിച്ച റഷ്യ-ചൈന സംയുക്ത സൈനിക അഭ്യാസത്തിന് പുതിയ ലോകക്രമത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി മാനങ്ങളുണ്ട്. ശീതയുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു സൈനികാഭ്യാസത്തിന് റഷ്യ മുന്നോട്ടുവന്നിരിക്കുന്നത്. 3,00,000 സൈനികരാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്. 36,000 സൈനിക വാഹനങ്ങളും 80 പടക്കപ്പലുകളും 1,000 വിമാനങ്ങളും വോസ്‌ട്ടോക് 2018 എന്ന് പേരിട്ടിരിക്കുന്ന ഈ ‘യുദ്ധ കാഹള’ത്തിന്റെ ഭാഗമാകുന്നുണ്ട്.

അമേരിക്കയ്ക്ക് സമാന്തരമായ ഒരു ശക്തികേന്ദ്രം ലോകത്ത് ഇപ്പോള്‍ ‘അതി ശക്ത’മാണെന്ന ഉറച്ച സന്ദേശം നല്‍കുക കൂടിയാണ് അതിന്റെ ഉദ്ദേശ്യം.

യുക്രയ്ന്‍ പ്രതിസന്ധിയെ തുടര്‍ന്ന് റഷ്യക്കെതിരെ ഉപരോധവുമായി അമേരിക്ക എത്തിയതോടെയാണ് ചൈനയുമായുള്ള ബന്ധം പ്രസിഡന്റ് പുടിന്‍ ശക്തിപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്ഥിരമായ നയതന്ത്രനീക്കങ്ങളും സംരക്ഷണവാദത്തിലധിഷ്ഠിതമായ സാമ്പത്തിക നയങ്ങളും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി.

ട്രംപിനെ പ്രസിഡന്റാക്കുന്നതിനു വേണ്ടി റഷ്യ കാര്യമായ ഇടപെടല്‍ നടത്തിയെന്ന വസ്തുത ട്രംപിനെ ‘വെല്ലുവിളിച്ചു’കൊണ്ടുതന്നെ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വെളിച്ചത്തുകൊണ്ടുവന്നതോടെ പലതും അനിശ്ചിതത്വത്തിലായെന്നു പറയുന്നതാകും ശരി. അതിനുശേഷം വ്യാപാര യുദ്ധത്തിന്റെ പേരില്‍ ട്രംപെടുത്ത നടപടികള്‍ ചൈനയ്ക്ക് താല്‍ക്കാലിക തിരിച്ചടികള്‍ക്ക് ഉപരിയായി ദീര്‍ഘകാല ഗുണം ചെയ്യുമോയെന്നത് ചിന്തിക്കണമെന്ന വാദങ്ങളും ഇപ്പോള്‍ ഉയരാന്‍ തുടങ്ങി. എന്തായാലും ട്രംപ് വന്ന ശേഷം ലോകത്തിന്റെ അധികാര കേന്ദ്രീകരണത്തില്‍ ചില മാറ്റങ്ങള്‍ വ്യക്തമായി തന്നെ സംഭവിക്കുന്നുണ്ട്. അമേരിക്ക കൂടുതല്‍ ഒറ്റപ്പെടുന്നതോടൊപ്പം പുതിയ ശക്തികേന്ദ്രമെന്ന നിലയില്‍ ചൈനയും റഷ്യയും തങ്ങളുടെ സ്ഥാനം ഉറപ്പിച്ചെടുക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയാണ് ചൈന. റഷ്യ മികച്ച സൈനിക ശക്തിയും. സൈനികപരമായും സാമ്പത്തികപരമായും ഇരുരാജ്യങ്ങളും അതിശക്തമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാനാണ് തീരുമാനം. റഷ്യന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി 1,000 ബിസിനസുകാരുമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എത്തിയതെന്നും ഓര്‍ക്കുക. റഷ്യയും ചൈനയും തമ്മിലുളള ബന്ധം എക്കാലത്തെയും ഉയരത്തിലാണെന്നാണ് ഷി ജിന്‍പിംഗ് ഇന്നലെ പറഞ്ഞത്.

നവകൊളോണിയല്‍ ശക്തിയാകാനുള്ള ഷി ജിന്‍ പിംഗിന്റെ ബെല്‍റ്റ് റോഡ് സ്വപ്‌നത്തിന്റെ പശ്ചാത്തലത്തില്‍ കൂടി വേണം ഇതിനെ നോക്കിക്കാണാന്‍. അതുകൊണ്ടുതന്നെ ചൈനയുടെ പ്രധാന എതിര്‍രാജ്യങ്ങളിലൊന്നായ ഇന്ത്യയും കരുതലെടുക്കണം.

Comments

comments

Categories: Editorial, Slider