ഒരു ഗ്ലാസ് വെള്ളത്തിന് കണക്കുപറഞ്ഞ് ഗ്ലോബല്‍ ചേഞ്ച്‌മേക്കര്‍

ഒരു ഗ്ലാസ് വെള്ളത്തിന് കണക്കുപറഞ്ഞ് ഗ്ലോബല്‍ ചേഞ്ച്‌മേക്കര്‍

ഹോട്ടലുകളില്‍ ഉപഭോക്താവിന് ആവശ്യമില്ലെങ്കിലും ഗ്ലാസില്‍ വെള്ളം നിറയ്ക്കുക, അവ പാതി ഗ്ലാസില്‍ പാഴാക്കപ്പെടുക എന്നീ വിഷയങ്ങള്‍ക്കെതിരെയായിരുന്നു ബെംഗളൂരു സ്വദേശിനി ഗര്‍വിത ഗുല്‍ഹാത്തിയുടെ പോരാട്ടം. സമൂഹത്തെ നല്ല മാറ്റത്തിലേക്ക് നയിക്കുന്ന ഈ ആശയം ഏറ്റെടുത്തതിലൂടെയാണ് ഈ വര്‍ഷത്തെ ഗ്ലോബല്‍ ചേഞ്ച്‌മേക്കര്‍ ബഹുമതി ഈ പെണ്‍കുട്ടിക്ക് ലഭിച്ചത്

വെള്ളം അമൂല്യമാണ്, പാഴാക്കരുത് എന്ന ആപ്തവാക്യങ്ങളൊക്കെ വായിച്ചു മറക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുന്നവരുടേയും അതിനായി പ്രേരിപ്പിക്കുന്നവരുടേയും കൂടി നാടാണിത്. ബെംഗളൂരു സ്വദേശിനി ഗര്‍വിത ഗുല്‍ഹാത്തിയെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താം.

ഹോട്ടലുകളിലും റെസ്‌റ്റൊറന്റുകളിലും ആഹാരം കഴിക്കാനായി എത്തിയാല്‍ ഒരു പതിവ് കാഴ്ചയുണ്ട്. നമ്മുടെ മേശയിലേക്ക് ആളുകളുടെ എണ്ണം നോക്കി വെയിറ്റര്‍ ഗ്ലാസുകളില്‍ വെള്ളം നിറച്ചു വെക്കും. വേണോ എന്നവര്‍ ചോദിക്കാറില്ല, വേണ്ടെന്ന് നമ്മള്‍ പറയാറുമില്ല. ഈ വെള്ളം പലരും കുടിക്കുന്ന പതിവില്ല, കുടിച്ചു കഴിഞ്ഞോലോ നമ്മള്‍ ആഹാരം കഴിച്ചുകഴിയും വരെ വെയിറ്റര്‍ അതു വീണ്ടും നിറച്ചുകൊണ്ടേയിരിക്കും. കുറഞ്ഞത് പകുതി ഗ്ലാസ് വെളളമെങ്കിലും ബാക്കിയാകുമെന്നതില്‍ സംശയമില്ല. ഒരു തരത്തില്‍ ഇതൊരു പാഴാക്കലാണ്. പലരും പ്രതികരിക്കാതിരുന്ന ഈ വിഷയത്തിലാണ് ഗര്‍വിത ജാഗരൂകയായത്. ഒരു ഗ്ലാസ് വെള്ളം പോലും പാഴാക്കി കളയരുത് എന്ന ഈ ചിന്തയാണ് ഗര്‍വിതയെ ഗ്ലോബല്‍ ചേഞ്ച് മേക്കര്‍ പദവിക്ക് അര്‍ഹയാക്കിയത്. ആഗോളതലത്തില്‍ ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 60 പേരില്‍ ഏക ഇന്ത്യക്കാരിയും ഈ പെണ്‍കുട്ടി തന്നെ. 42 രാജ്യങ്ങളില്‍ നിന്നായി, സമൂഹത്തിനെ നല്ല മാറ്റത്തിലേക്കു നയിക്കുന്ന ആശയത്തിനായി പൊരുതിയ 18-23 നും ഇടയില്‍ പ്രായമുള്ള ആയിരത്തില്‍ പരം യുവതാരങ്ങളില്‍ ഒരാളാകാനും ഈ പെണ്‍കുട്ടിക്കു കഴിഞ്ഞിരിക്കുന്നു.

മാറ്റത്തിന്റെ തുടക്കം 15ാം വയസില്‍

സ്‌കൂള്‍ പഠനകാലത്ത് ഒരു എന്‍ജിഒയുടെ ക്ലാസിലാണ് ഗര്‍വിത ഹോട്ടലില്‍ നടക്കുന്ന ജലത്തിന്റെ പാഴാക്കലിനെ കുറിച്ച് കേള്‍ക്കുന്നത്. അന്ന് പ്രായം 15 മാത്രം. എന്നാല്‍ സമൂഹത്തില്‍ ഒരു മാറ്റത്തിന് തുടക്കമിടുന്ന തീരുമാനമെടുക്കാന്‍ ആ പ്രായം തടസമായില്ല. സുഹൃത്തിന്റെ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. ബെംഗളൂരില്‍ തിരക്കേറിയ റെസ്റ്റോറന്റുകളില്‍ കയറിയിറങ്ങി ഉടമസ്ഥരോട് പാഴാകുന്ന വെള്ളത്തിന്റെ കണക്ക് പറഞ്ഞു തുടങ്ങുകയായിരുന്നു ആദ്യ ഘട്ടം.

”റെസ്റ്റൊറന്റുകളില്‍ വെള്ളം കുടിച്ച് പാതി ഗ്ലാസില്‍ അവസാനിപ്പിക്കുന്നതിലൂടെ നാം പ്രതിവര്‍ഷം പാഴാക്കുന്നത് 14 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. Why waste എന്ന കാംപെയ്‌നിലൂടെ രണ്ടു വര്‍ഷത്തോളം ഇതിനെ പ്രതിരോധിക്കാനുള്ള കാംപെയ്‌നിനാണ് ഞങ്ങള്‍ തുടക്കമിട്ടത്. പല റെസ്റ്റൊറന്റുകളിലും നേരിട്ട് നടന്നു പറഞ്ഞെങ്കിലും പ്രയോജനം ഉണ്ടാകാത്തതിനാലാണ് കാംപെയ്‌നിന് തുടക്കമിട്ടത്. സഹപാഠികളും ഇതിനെ പിന്തുണച്ചതോടെ ഒരു വലിയ മാറ്റത്തിന്റെ ധ്വനിയായി അതു മാറി. പിന്നീട് റെസ്റ്റൊറന്റുകാരില്‍ പലര്‍ക്കും ഞങ്ങളുടെ വാക്കുകള്‍ തള്ളിക്കളയാനായില്ല,” ഗര്‍വിത പറയുന്നു.

2015 ജൂലൈയില്‍ തുടക്കമിട്ട ആ കാംപെയ്‌നിന് ഇപ്പോള്‍ അന്തര്‍ദേശീയ ശ്രദ്ധ ലഭിച്ചിരിക്കുന്നു. change.org യില്‍ ഗര്‍വിത ഇതിനെതിരെ നല്‍കിയ പരാതിയും ശ്രദ്ധേയമായിരിക്കുകയാണ്. ഈ വര്‍ഷമാണ് കാംപെയ്‌നിലെ ആശയത്തിലൂടെ ഗര്‍വിത ഗ്ലോബല്‍ ചേഞ്ച്‌മേക്കര്‍ ബഹുമതിക്ക് അര്‍ഹയായത്. ഇന്ന് ബെംഗളൂരിലെ 30ല്‍ പരം റെസ്റ്റൊറന്റുകള്‍ ഗര്‍വിതയുടെ ചിന്താഗതി ശരിവെച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ജലം പാഴാക്കാതിരിക്കാനുള്ള ചെറിയ ചില രീതികളും അവര്‍ അനുവര്‍ത്തിക്കുന്നു്. വലുപ്പമേറിയ ഗ്ലാസുകളില്‍ നിന്നും ചെറിയ ഗ്ലാസുകള്‍ തെരഞ്ഞെടുക്കുകയും, ഉപഭോക്താവിനോട് വെള്ളം ആവശ്യമുണ്ടോ എന്നു ചോദിച്ചശേഷം മാത്രം ഗ്ലാസ് നിറയ്ക്കുകയും ചെയ്യുന്ന ശീലത്തിലേക്ക് അവര്‍ മാറിയിരിക്കുന്നു.

ജലത്തിന്റെ മഹത്വം പറഞ്ഞും അതു പാഴാക്കാതിരിക്കാനുള്ള ടിപ്‌സുകള്‍ നല്‍കിയും ഗര്‍വിത ഇന്നും തന്റെ കാംപെയ്‌നുമായി സജീവമാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി റെസ്റ്റൊറന്റുകള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കരിക്കുന്ന രീതി ഇനിയും തുടരുമെന്നും ഈ പെണ്‍കുട്ടി പറയുന്നു.

Comments

comments

Categories: FK News, Slider