വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക ഹോസ്റ്റല്‍ സൗകര്യമൊരുക്കി ‘യുവര്‍ സ്‌പേസ്’

വിദ്യാര്‍ത്ഥികള്‍ക്ക് അത്യാധുനിക ഹോസ്റ്റല്‍ സൗകര്യമൊരുക്കി ‘യുവര്‍ സ്‌പേസ്’

ആധുനിക സജ്ജീകരണങ്ങള്‍ ഇഷ്ടപ്പെടുന്ന യുവതലമുറയ്ക്ക്് മികച്ച ഹോസ്റ്റല്‍ സൗകര്യങ്ങളിലൂടെ പഠനം സൗകര്യപ്രദമാക്കുകയാണ് യുവര്‍ സ്‌പേസ്. ഡെല്‍ഹി ആസ്ഥാനമായി രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹൗസിംഗ് ബ്രാന്‍ഡ് എന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്

ഉന്നത പഠനത്തിനായി മറുനാടുകളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ സൗകര്യങ്ങളോടെയും മികച്ച ഹോസ്റ്റല്‍ ഒരുക്കുന്ന സംരംഭമാണ് യുവര്‍ സ്‌പേസ്. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോളെജുകളില്‍ നിന്നും വലിയ ദൂരെയല്ലാതെയാണ് ഇവ സജ്ജമാക്കുന്നത്. കരണ്‍ കൗശിക്, ശുഭ ലാല്‍, നിധി കുംറ എന്നീ മൂവര്‍ സംഘം രണ്ടു വര്‍ഷം മുമ്പ് തുടക്കമിട്ട യുവര്‍ സ്‌പേസ് നിലവില്‍ 11 ഹോസ്റ്റലുകളിലായി 1200 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ആധുനിക സജ്ജീകരണങ്ങള്‍ ഇഷ്ടപ്പെടുന്ന യുവതലമുറയ്ക്ക് എല്ലാംകൊണ്ടും യോജിക്കുന്ന മുറികള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റവും ഇവിടെ കുറവല്ല.

വിദേശ രാജ്യങ്ങളിലേതു പോലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ പഠനാന്തരീക്ഷം ഒരുക്കുകയാണ് സംരംഭകര്‍. കാശ് അല്‍പം കൂടുമെങ്കിലും സുരക്ഷിതവും അത്യാധുനിക സംവിധാനങ്ങളുമടങ്ങിയ സജ്ജീകരണങ്ങള്‍ക്കാണ് രക്ഷിതാക്കളും മുന്‍ഗണന നല്‍കിവരുന്നത്. തലസ്ഥാന നഗരി ഉള്‍പ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ വേരുറപ്പിച്ച സംരംഭം ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ശ്രദ്ധേയമായി കഴിഞ്ഞിരിക്കുന്നു.

സുരക്ഷിതവും ആധുനിക സജ്ജീകരണങ്ങളുമടങ്ങിയ താമസസൗകര്യം

ഉന്നത പഠനം തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിവരുന്നതുകൊണ്ടുതന്നെ ഇത്തരത്തിലൊരു സംരംഭത്തിന്റെ ആവശ്യകത മനസിലാക്കിയാണ് മൂവര്‍ സംഘം യുവര്‍ സ്‌പേസിലേക്ക് ചുവടുവെച്ചത്. ആണ്‍കുട്ടികള്‍ പൊതുവെ സൗകര്യപ്രദമായ താമസത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ പെണ്‍കുട്ടികള്‍ സുരക്ഷിതവും സൗകര്യപ്രദവും നിലവാരമുള്ളതുമായ ഹോസ്റ്റലുകള്‍ക്കാകും പ്രാധാന്യം കല്‍പ്പിക്കുക. ”ഒരു സംരംഭം തുടങ്ങാന്‍ ഇതൊരു മികച്ച ആശയമാണെന്നു തോന്നി. ഇന്ത്യയ്ക്കു പുറത്ത് ന്യൂസിലന്‍ഡ്, യുഎസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഹോസ്റ്റലുകളില്‍ താമസിച്ചു പഠിച്ച അനുഭവസമ്പത്തുള്ളതിനാല്‍ അത്തരത്തില്‍ മികച്ച താമസസൗകര്യം ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കണമെന്നതായിരുന്നു എന്റെ ആഗ്രഹം,” കരണ്‍ പറയുന്നു. യുവര്‍ സ്‌പേസിലൂടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളിലെ ഹോസ്റ്റല്‍ എന്ന ആശയത്തിനു തന്നെ അതോടെ രൂപമാറ്റം സംഭവിക്കുകയായിരുന്നു.

പരിമിതികളില്ലാത്ത സൗകര്യം

യുവര്‍ സ്‌പേസിനു തുടക്കമിടുന്നതിനു മുമ്പായി മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാധ്യതകളെ കുറിച്ചും നിരവധി പഠനങ്ങള്‍ നടത്തിയ ശേഷമാണ് മൂവരും ഇതിലേക്ക് ഇറങ്ങിയത്. വിവിധ കോളെജുകളും പേയിംഗ് ഗസ്്റ്റ് സൗകര്യം നല്‍കുന്ന ഇടങ്ങളിലും ഹോസ്റ്റലുകളിലും താമസിക്കുന്ന വിദ്യാര്‍ത്ഥികളുമായി സംവദിച്ച് അവര്‍ക്ക് ആവശ്യമുള്ളവ മനസിലാക്കാനും ശ്രമിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റല്‍ റൂമുകളില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കിയത്. വിപണിയില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ മേഖല വളരെയധികം അസംഘടിതമാണെന്നും വിദ്യാര്‍ത്ഥികളുടെ താമസസൗകര്യത്തിലും മറ്റും വേണ്ടത്ര ശ്രദ്ധ പതിപ്പിക്കില്ലെന്നും മനസിലാക്കിയ അവര്‍ പരാതികള്‍ക്കും പരിമിതികള്‍ക്കും ഇടനല്‍കാത്ത വിധത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി താമസസൗകര്യങ്ങള്‍ വിപുലീകരിക്കാനാണ് ശ്രമിച്ചത്.

രണ്ടു വര്‍ഷം മുമ്പ് ഗ്രേറ്റര്‍ നോയിഡയില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി 77 കിടക്കകളോടു കൂടിയ ഹോസ്റ്റല്‍ ആരംഭിച്ചാണ് യുവര്‍ സ്‌പേസ് ഈ മേഖലയിലേക്ക് കടന്നുവന്നത്. ഇന്ന് 11 ഹോസ്റ്റലുകളിലായി 1200 കിടക്കകള്‍ ഇവര്‍ ഒരുക്കുന്നുണ്ട്. ഓരോ ഹോസ്റ്റലുകളിലും 80 മുതല്‍ 85 ശതമാനം വരെ വിദ്യാര്‍ത്ഥികള്‍ തങ്ങുന്നുണ്ടിവിടെ. മുംബൈയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റലുകളുള്ള സംരംഭത്തിന് ജലന്ധറിലും, ചണ്ഡിഗഢിലും നോയിഡയിലും ഏതാനു ചില ഹോസ്റ്റലുകള്‍ കൂടിയുണ്ട്. നഗര പരിധികള്‍ കണക്കിലെടുത്ത് പ്രതിമാസം ഓരോ ബെഡിനും ശരാശരി 12,000 മുതല്‍ 25,000 രൂപ വരെയാണ് യുവര്‍ സ്‌പേസിലെ നിരക്ക്. വാര്‍ഷിക, അര്‍ധ വാര്‍ഷിക, പ്രതിമാസ പ്ലാനുകളില്‍ വാടക നല്‍കാനോ പണം മുന്‍കൂറായി അടയ്ക്കാനോ ഉളള സൗകര്യവും ഇവര്‍ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ആവശ്യാനുസരണം ഒരേ കോളെജിലെയോ സമാന കോഴ്‌സ് പഠിക്കുന്നവരെയോ പങ്കാളികളാക്കാനും അനുവദിക്കുന്നുണ്ട്.

ഹൗസിംഗ് സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡിലേക്ക്

പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് യുവര്‍ സ്‌പേസില്‍ സാധാരണഗതിയില്‍ താമസ സൗകര്യം നല്‍കാറുള്ളത്. സംരംഭകരെ കൂടാതെ മുപ്പത് അംഗ സംഘത്തിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ടു പോകുന്നത്. വലിയ കെട്ടിടങ്ങള്‍ ലീസിനെടുത്ത് ഹോസ്റ്റലിനായി പരുവപ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനം. അഞ്ചു മുതല്‍ 12 വര്‍ഷത്തേക്ക് വരെ ലീസിനെടുക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥരെയും ഡെവലപ്പര്‍മാരെയും കൂടി പങ്കാളികളായി ചേര്‍ത്ത് ഒരു റവന്യൂ ഷെയറിംഗ് മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണ് ഈ സംരംഭം.

ഒന്നു മുതല്‍ മൂന്നു പേര്‍ക്കു വരെ തങ്ങാവുന്ന മുറികളില്‍ റൂമിനുള്ളില്‍ തന്നെ ബാത്ത്‌റൂം സൗകര്യവും പഠിക്കുന്നതിനുള്ള മേശയും ബുക്ക് ഷെല്‍ഫും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റുമായി ഹോസ്റ്റലില്‍ ജിം സൗകര്യവും ഏര്‍പ്പെടുത്തിയിരിക്കുന്നു. ശീതികരിച്ച മുറികളില്‍ വൈഫൈ, ഫര്‍ണിച്ചറുകള്‍, വൈദ്യസഹായം, അലക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്. ദിവസം തോറും ഹൗസ് കീപ്പിംഗ്, ലോണ്‍ഡ്രി, 24 മണിക്കൂറും സെക്യൂരിറ്റി സഹായം, വാര്‍ഡന്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി വരുന്നു.

ഹോസ്റ്റലില്‍ തന്നെ ഒരുക്കിയിരിക്കുന്ന അടുക്കളയിലൂടെ പ്രഭാത ഭക്ഷണവും രാത്രിഭക്ഷണവും ഉള്‍പ്പെടെ എല്ലാവിധ ഫുഡ് പാക്കേജുകളും യുവര്‍ സ്‌പേസില്‍ ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ ന്യൂഡെല്‍ഹി, മുംബൈ, ചണ്ഡിഗഢ്, ജലന്ധര്‍, പൂനെ, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംരംഭം ബെംഗളൂരു, ചെന്നൈ, ഇന്‍ഡോര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കും ബിസിനസ് വിപുലീകരിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ യുവര്‍ സ്‌പേസിലെ കിടക്കകളുടെ എണ്ണം ഒരു ലക്ഷത്തിലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പിഡബ്ല്യൂസിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പിജി, ഹോസ്റ്റല്‍ വിപണിയുടെ വിപണിമൂല്യം എകദേശം 30 ബില്യണ്‍ ഡോളറാണ്. പ്രതിവര്‍ഷം 16-18 ശതമാനത്തോളം വളര്‍ച്ചയാണ് മേഖല നേടിക്കൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു കോടി രൂപ വരുമാനത്തില്‍ എത്തിയിരിക്കുന്ന കമ്പനി ഏഴോളം പുതിയ പ്രോപ്പര്‍ട്ടികള്‍ വാങ്ങി 2019 ഓടുകൂടി 20 കോടി രൂപ വരുമാനം നേടാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സംരംഭം തുടങ്ങി ഇതിനോടകം വിവിധ നിക്ഷേപകരില്‍ നിന്നായി ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപം നേടിയ കമ്പനി വരും നാളുകളില്‍ കൂടുതല്‍ നിക്ഷേപ സമാഹരണം നടത്തി ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് യുവര്‍ സ്‌പേസ് ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാനാണ് ആലോചിക്കുന്നത്.

Comments

comments

Categories: FK Special, Slider
Tags: Your space