11 ബില്ല്യണ്‍ ഡോളറിന്റെ വായ്പ; പുതിയ തേരോട്ടത്തിന് സൗദി വെല്‍ത്ത് ഫണ്ട്

11 ബില്ല്യണ്‍ ഡോളറിന്റെ വായ്പ; പുതിയ തേരോട്ടത്തിന് സൗദി വെല്‍ത്ത് ഫണ്ട്

സൗദിയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ആദ്യമായാണ് ഇത്തരത്തില്‍ വായ്പയെടുക്കുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലിയും സിറ്റിഗ്രൂപ്പും ജെപി മോര്‍ഗനും ഉള്‍പ്പെട്ട ആഗോള ബാങ്കിംഗ് ഭീമന്മാരാണ് വായ്പ നല്‍കുന്നത്. ഈ ആഴ്ച്ച തന്നെ വായ്പാ കരാറില്‍ സൗദി ഒപ്പുവെക്കും

റിയാദ്: 11 ബില്ല്യണ്‍ ഡോളര്‍ വായ്പയെടുക്കുന്ന വമ്പന്‍ കരാറില്‍ സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ (സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നിക്ഷേപ നിധി) പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ഈ ആഴ്ച്ച ഒപ്പുവെക്കും. ഇതാദ്യമായാണ് പിഐഎഫ് വായ്പയെടുക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വായ്പാദാതാക്കളായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ്, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ്, ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ തുടങ്ങിയവരാണ് സൗദി സര്‍ക്കാരിന്റെ നിക്ഷേപ ഫണ്ടിന് വായ്പ നല്‍കുന്നത്.

ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെറസ് പാര്‍ട്‌ണേഴ്‌സാണ് ഇടപാടുമായി ബന്ധപ്പെട്ട് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് ഉപദേശങ്ങള്‍ നല്‍കുന്നത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് പിഐഎഫ് വായ്പയ്ക്കായി ബാങ്കുകളെ സമീപിക്കാന്‍ തുടങ്ങിയത്. അതേസമയം കരാര്‍ ഒപ്പിടല്‍ വിഷയവുമായി ബന്ധപ്പെട്ട് പിഐഎഫ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റി ഗ്രൂപ്പ്, സ്റ്റാന്‍ഡര്‍ഡ് ചാര്‍ട്ടേര്‍ഡ്, ബിഎന്‍പി പാരിബ, സൊസൈറ്റി ജനറാലെ, മിസുഹൊ ബാങ്ക്, എംയുഎഫ്ജി, ക്രെഡിറ്റ് അഗ്രികൊളെ എസ്എ, എസ്എംബിസി, ബാങ്ക് ഓഫ് അമേരിക്ക, ബാങ്ക് ഓഫ് ചൈന, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന തുടങ്ങിയ സ്ഥാപനങ്ങളും വായ്പാ പ്രക്രിയയില്‍ പങ്കെടുത്തതായാണ് സൂചന.

എണ്ണ അധിഷ്ഠിത സമ്പദ് വ്യവസ്ഥ നിലനില്‍ക്കുന്ന സൗദിയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടാണ് പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വായ്പയെടുക്കുന്നത്. ലോകത്താകമാനം വമ്പന്‍ നിക്ഷേപമാണ് സൗദി ഫണ്ട് നടത്തുന്നത്. അതില്‍ നിന്നും മികച്ച നേട്ടം കൊയ്യാമെന്നും അവര്‍ കരുതുന്നു. ജാപ്പനീസ് സംരംഭകനും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് സ്ഥാപകനുമായ മസയോഷി സണ്‍ ആരംഭിച്ച വിഷന്‍ ഫണ്ടിലേക്ക് വന്‍തുക നല്‍കിയിരിക്കുന്നതും പിഐഎഫ് തന്നെയാണ്. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക താല്‍പ്പര്യമാണ് ഫണ്ടിന്റെ ഇപ്പോഴത്തെ വമ്പന്‍ നീക്കങ്ങള്‍ക്ക് കാരണം.

100 ബില്ല്യണ്‍ ഡോളറിന്റെ വിഷന്‍ ഫണ്ടിലേക്ക് ഏകദേശം 45 ബില്ല്യണ്‍ ഡോളറോളം നല്‍കിയിരിക്കുന്നത് പിഐഎഫ് ആണെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല വിവിധ രാജ്യങ്ങളിലായുള്ള ടെക് അധിഷ്ഠിത സംരംഭങ്ങളില്‍ വ്യാപകമായി നിക്ഷേപം നടത്താനും പിഐഎഫ് ശ്രമിക്കുന്നുണ്ട്.

പെട്രോകെമിക്കല്‍ കമ്പനിയായ സൗദി ബേസിക്ക് ഇന്‍ഡസ്ട്രീസ് കോര്‍പ്പിലെ(സാബിക്ക്) തങ്ങളുടെ ഓഹരികള്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയ്ക്ക് വില്‍ക്കാനും പിഐഎഫ് പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ ഏകദേശം 70 ബില്ല്യണ്‍ ഡോളറോളം സമാഹരിക്കാനാകുമെന്നാണ് ഫണ്ടിന്റെ പ്രതീക്ഷ. സൗദി സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് അരാംകോ. സിറ്റി ഗ്രൂപ്പും ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പും ബാങ്ക് ഓഫ് അമേരിക്കയുമാണ് ഈ ഡീലിലെയും പ്രധാന ഉപദേശകര്‍. സൗദിയിലെ ഏറ്റവും വലിയ ലയന ഏറ്റെടുക്കല്‍ കരാറായി അരാംകോ-സാബിക്ക് ഇടപാട് മാറുമെന്നാണ് വിലയിരുത്തല്‍.

സൗദി ബേസിക്ക് ഇന്‍ഡസ്ട്രീസ് കോര്‍പ്പിന്റെ ഉപദേശകരെന്ന റോളാണ് സിറ്റി ഗ്രൂപ്പ് വഹിക്കുന്നത്. അതേസമയം ഗോള്‍ഡ്മാന്‍ സാച്ച്‌സും ബാങ്ക് ഓഫ് അമേരിക്കയും സോവറിന്‍ വെല്‍ത്ത് ഫണ്ടായ പിഐഎഫിനാണ് ഈ ഡീലുമായി ബന്ധപ്പെട്ട് ഉപദേശങ്ങള്‍ നല്‍കുന്നത്. ജെപി മോര്‍ഗന്‍ ചേസിന്റെയും മോര്‍ഗന്‍ സ്റ്റാന്‍ലിയുടെയും ഉപദേശവും ഈ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സൗദി ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തരതലത്തിലും ആഗോളതലത്തിലും വമ്പന്‍ നിക്ഷേപപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയെന്ന പിഐഎഫിന്റെ പദ്ധതിക്ക് കരുത്ത് പകരുന്നതാണ് ഈ ഇടപാട്.

ലോകത്തെ ഏറ്റവും വലിയ സോവറിന്‍ ഫണ്ടായി മാറാനാണ് പിഐഎഫ് പദ്ധതിയിടുന്നത്. പ്രിന്‍സ് മുഹമ്മദിന്റെ വലിയ ലക്ഷ്യങ്ങളിലൊന്നാണത്. 2030 ആകുമ്പോഴേക്കും രണ്ട് ട്രില്ല്യണ്‍ ഡോളര്‍ ആസ്തി കൈകാര്യം ചെയ്യുന്ന സ്ഥാപനമായി മാറുകയാണ് പിഐഎഫിന്റെ ഉദ്ദേശ്യം.

പ്രിന്‍സ് മുഹമ്മദിന്റെ സാമ്പത്തിക, സാമൂഹ്യ പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030യുടെ പ്രധാനപ്പെട്ട അജണ്ടകളിലൊന്നാണ് പിഐഎഫിന്റെ വ്യാപനം. 1971ലാണ് സൗദിയുടെ തന്ത്രപരമായ പദ്ധതികളെ പിന്തുണയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ പിഐഎഫ് രൂപം കൊണ്ടത്. എന്നാല്‍ ഇതുവരെ രാജ്യത്തിനകത്തുള്ള പദ്ധതികളിലായിരുന്നു ഫണ്ട് ഊന്നല്‍ നല്‍കിയത്. ലിസ്റ്റ് ചെയ്യപ്പെട്ട സൗദി കമ്പനികളിലായി 150 ബില്ല്യണ്‍ ഡോളറിന്റെ ആസ്തി പിഐഎഫ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രിന്‍സ് മുഹമ്മദ് മുഖ്യധാരയിലേക്ക് വന്നതോടെയാണ് പിഐഎഫ് വലിയ ദൗത്യങ്ങള്‍ ഏറ്റെടുത്തത്. നിലവില്‍ ആഗോളതലത്തില്‍ 230 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയാണ് സൗദി അറേബ്യയുടെ പൊതു നിക്ഷേപക നിധി കൈകാര്യം ചെയ്യുന്നത്. 2017ല്‍ മാത്രം വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തി ഇവര്‍. വിഷന്‍ ഫണ്ടിലെ 45 ബില്ല്യണ്‍ ഡോളറിന് പുറമെ, ചെങ്കടലിന്റെ തീരത്ത് വരുന്ന 500 ബില്ല്യണ്‍ ഡോളറിന്റെ നിയോം നഗരത്തിലും പിഐഎഫ് നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി 1.1 ബില്ല്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിച്ചു പിഐഎഫ്. ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയില്‍ അടുത്തിടെ അഞ്ച് ശതമാനം ഓഹരി സ്വന്തമാക്കുകയും ചെയ്തു ഇവര്‍. ഹോളിവുഡ് ടാലന്റ് കമ്പനിയായ എന്‍ഡേവറില്‍ 400 ദശലക്ഷം ഡോളറിന്റെ ഓഹരിയെടുക്കുകയാണ് പിഐഎഫ് എന്നും വാര്‍ത്തയുണ്ടായിരുന്നു.

സൗദിയുടെ മറ്റൊരു പ്രധാന പദ്ധതിയായ അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന പദ്ധതി തല്‍ക്കാലത്തേക്ക് സ്തംഭിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ അധീനതയിലുള്ള ഈ എണ്ണ ഭീമന്റെ അഞ്ച് ശതമാനം ഓഹരി വിറ്റ് 100 ബില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് സൗദിയുടെ നീക്കം.

 

അടുത്തിടെ പിഐഎഫ് നടത്തിയ ചില നിക്ഷേപങ്ങള്‍

  • സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ടില്‍ 45 ബില്ല്യണ്‍ ഡോളര്‍
  • ചെങ്കടലിന്റെ തീരത്ത് വരുന്ന 500 ബില്ല്യണ്‍ ഡോളറിന്റെ നിയോം നഗരത്തിലും പിഐഎഫ് നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു
  • ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി 1.1 ബില്ല്യണ്‍ ഡോളറിന്റെ ഫണ്ട് രൂപീകരിച്ചു
  • ഇലോണ്‍ മസ്‌ക്കിന്റെ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയില്‍ അടുത്തിടെ അഞ്ച് ശതമാനം ഓഹരി സ്വന്തമാക്കി. 2 ബില്ല്യണ്‍ ഡോളര്‍ മൂല്യം വരുമിത്
  • ഹോളിവുഡ് ടാലന്റ് കമ്പനിയായ എന്‍ഡേവറില്‍ 400 ദശലക്ഷം ഡോളറിന്റെ ഓഹരിയെടുക്കുകയാണ് പിഐഎഫ് എന്നും വാര്‍ത്തയുണ്ടായിരുന്നു.

Comments

comments

Categories: Arabia