ഡെല്ലുമായി കരാര്‍ ഒപ്പുവെച്ച് യുഎഇ; എഐയില്‍ യുവാക്കള്‍ക്ക് പരിശീലനം

ഡെല്ലുമായി കരാര്‍ ഒപ്പുവെച്ച് യുഎഇ; എഐയില്‍ യുവാക്കള്‍ക്ക് പരിശീലനം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രിയായ ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയാണ് ടെക് ഭീമന്‍ ഡെല്ലുമായി കരാറില്‍ ഒപ്പുവെച്ചത്. എമിറാറ്റി യുവതയ്ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്ന പദ്ധതിയാണിത്

ദുബായ്: കൃത്രിമബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുമായി ബന്ധപ്പെട്ട് യുഎഇ നടത്തുന്നത് ഊര്‍ജ്ജസ്വലമായ മുന്നേറ്റമാണ്. അതിന്റെ ഭാഗമായി പുതിയൊരു കരാറില്‍ കൂടി ഒപ്പുവെച്ചിരിക്കുകയാണ് ഗള്‍ഫ് മേഖലയിലെ ഈ പ്രബല രാജ്യം. ടെക് ഭീമന്‍ ഡെല്ലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട് കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട് യുഎഇ യുവാക്കള്‍ക്ക് പരിശീലന പദ്ധതികളും തൊഴിലവസരങ്ങളും നല്‍കുകയാണ് ലക്ഷ്യം.

യുഎഇയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രി ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയാണ് ഡെല്ലുമായി കരാറില്‍ ഒപ്പുവെച്ചത്. 500 തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം രൂപകല്‍പ്പന ചെയ്ത എഐ പദ്ധതിയിലൂടെ പരിശീലനം നല്‍കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഡെല്ലായിരിക്കും വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയ്‌നിംഗ് നല്‍കുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഭാവിയെ പരുവപ്പെടുത്തിയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ പ്രാപ്തരാകണം. കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട പ്രക്രിയകള്‍ നിയന്ത്രിക്കാനും അവര്‍ക്ക് സാധിക്കണം. സ്‌കൂളുകളിലൂടെയും യൂണിവേഴ്‌സിറ്റികളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് എഐ സാങ്കേതികവിദ്യയില്‍ വൈദഗ്ധ്യ വികസനത്തിന് അവസരം നല്‍കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ശ്രമങ്ങള്‍-അല്‍ ഒലാമ പറഞ്ഞു.

എഐ പോലുള്ള സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തിയാല്‍ മാത്രമേ സുസ്ഥിര സമ്പദ് വ്യവസ്ഥയെന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുകയുള്ളൂ. എമിറാറ്റി സര്‍ക്കാരിനും രാജ്യത്തെ യുവാക്കള്‍ക്കും ഈ മേഖലയില്‍ വൈദഗ്ധ്യം ആവശ്യവുമുണ്ട്. വിവിധ സ്ഥാപനങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും ആഗോള നിലവാരത്തിലുള്ള പരിശീലനങ്ങളിലൂടെയും മറ്റും അത് സാധ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. യുഎഇയുടെ സ്ഥാനം ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിനും ഇതുവഴിവെക്കും-മന്ത്രി കൂട്ടിച്ചേര്‍ത്തു.

ടെക്‌നോളജി മേഖലയിലെ വൈദഗ്ധ്യ വിടവ് നികത്തുകയാണ് പുതിയ കരാറിലൂടെ ഉദ്ദേശിക്കുന്നതെന്നും യുഎഇ വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യശേഷിയില്‍ 80 ശതമാനം വരെ വര്‍ധന വരുത്താന്‍ ഡെല്ലുമായുള്ള സഹകരണത്തിലൂടെ സാധ്യമായേക്കുമെന്നാണ് വിലയിരുത്തല്‍. കൃത്രമ ബുദ്ധിയുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം 5.8 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ഡെല്‍ പദ്ധതിയിട്ടിരിക്കുന്നത്.

2035 ആകുമ്പോഴേക്കും യുഎഇ സമ്പദ് വ്യവസ്ഥയില്‍ 1.6 ശതമാനത്തിന്റെ കുതിപ്പുണ്ടാക്കാന്‍ കൃത്രിമ ബുദ്ധിക്ക് സാധിക്കുമെന്ന് അക്‌സഞ്ച്വറിന്റെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതനുസരിച്ചാണ് യുഎഇ തങ്ങളുടെ വിവിധ പദ്ധതികളും ആസൂത്രണം ചെയ്യുന്നത്. യുഎഇയുടെ സമ്പദ് വ്യവസ്ഥയിലേക്ക് 182 ബില്ല്യണ്‍ ഡോളര്‍ അധികമായി ചേര്‍ക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയിലെ 15 വ്യവസായ മേഖലകളെ പഠനത്തിന് വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ധനകാര്യ സേവനങ്ങള്‍, ആരോഗ്യം, ഗതാഗതം, സ്‌റ്റോറേജ് തുടങ്ങിയ രംഗങ്ങളിലാണ് കൃത്രിമ ബുദ്ധി കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുകയെന്ന് പഠനം പറയുന്നു.

ധനകാര്യമേഖലയില്‍ കൃത്രിമ ബുദ്ധി 37 ബില്ല്യണ്‍ ഡോളറിന്റെ കുതിപ്പുണ്ടാക്കും. ആരോഗ്യരംഗത്താകട്ടെ 22 ബില്ല്യണ്‍ ഡോളറിന്റെ മുന്നേറ്റവും. സ്‌റ്റോറേജ് മേഖലയില്‍ 19 ബില്ല്യണ്‍ ഡോളറിന്റെ കുതിപ്പാണ് മൊത്തം മൂല്യ വര്‍ധനയില്‍ കൃത്രിമ ബുദ്ധി വരുത്തുക.

തൊഴിലാളികള്‍ കൂടുതല്‍ വേണ്ട വിദ്യാഭ്യാസ, നിര്‍മാണ മേഖലകളിലും കൃത്രിമ ബുദ്ധി വലിയ മാറ്റങ്ങള്‍ വരുത്തും. വിദ്യാഭ്യാസ രംഗത്തെ മൊത്തം മൂല്യ വര്‍ധനയില്‍ 6 ബില്ല്യണ്‍ ഡോളറിന്റെയും നിര്‍മാണ മേഖലയിലെ മൊത്തം മൂല്യ വര്‍ധനയില്‍ 8 ബില്ല്യണ്‍ ഡോളറിന്റെയും കുതിപ്പുണ്ടാക്കാന്‍ കൃത്രിമ ബുദ്ധിക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉല്‍പ്പാദന പ്രക്രിയയില്‍ എഐയുടെ സാന്നിധ്യം ശക്തമാകുന്നതോടെ കമ്പനികളുടെ ലാഭക്ഷമത മെച്ചപ്പെടുമെന്നും പഠനങ്ങള്‍ പറയുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായ നയപരിപാടികളാണ് കൃത്രിമ ബുദ്ധിയുടെ വിന്യാസത്തിന് യുഎഇയില്‍ കരുത്ത് പകരുന്നത്.

Comments

comments

Categories: Arabia
Tags: Dell